Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീരിൽ രക്ഷാപ്രവർത്തനത്തിന്റെ ഫുൾക്രെഡിറ്റ് സൈന്യത്തിനും മോദിക്കും; അസൂയപൂണ്ട് കത്തിയും കല്ലുമായി വിഘടനവാദികൾ; 40 ബോട്ടുകൾ തകർത്തു; ഹെലികോപ്റ്ററുകൾക്ക് കല്ലേറ്

കാശ്മീരിൽ രക്ഷാപ്രവർത്തനത്തിന്റെ ഫുൾക്രെഡിറ്റ് സൈന്യത്തിനും മോദിക്കും; അസൂയപൂണ്ട് കത്തിയും കല്ലുമായി വിഘടനവാദികൾ; 40 ബോട്ടുകൾ തകർത്തു; ഹെലികോപ്റ്ററുകൾക്ക് കല്ലേറ്

ശ്രീനഗർ: കാശ്മീർ പ്രളയത്തിൽ മികച്ച രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ കേന്ദ്രസേനയും അതുവഴി കേന്ദ്രസർക്കാരും കൊണ്ടുപോകുന്നതുകണ്ട് കുതന്ത്രങ്ങൾ മെനഞ്ഞ് വിഘടനവാദികളും പ്രാദേശിക രാഷ്ട്രീയകക്ഷികളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി സൈനിക ഹെലികോപ്റ്ററുകൾക്കുനേരെ വ്യാപകമായി കല്ലേറുനടത്തുകയും ബോട്ടുകൾ തകർക്കുകയും ചെയ്ത് വിഘടനവാദികൾ രക്ഷാപ്രവർത്തനം തടയുന്നതായാണ് റിപ്പോർട്ടുകൾ. കാശ്മീരിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ എക്കാലത്തും സൈനികരെ ഒരുവിളിപ്പാടകലെ നിർത്തിയിരുന്ന നാട്ടുകാർ ഇപ്പോൾ അവരാണ് രക്ഷകരെന്ന് തിരിച്ചറിഞ്ഞ് നെഞ്ചേറ്റുന്ന അവസ്ഥയാണ് ഈ പ്രളയത്തിലൂടെ ഉണ്ടായത്.

സൈന്യം രക്ഷകരല്ലെന്നും ശിക്ഷകരാണെന്നും നാട്ടുകാരെ പഠിപ്പിച്ച് കൂടെ നിർത്തിയിരുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കും വിഘടനവാദികൾക്കും ഇത് സഹിക്കാനാവുന്നില്ല. ഈ സ്ഥിതി തുടർന്നാൽ തങ്ങളുടെ നിലനില്പ് അപകടത്തിലാവുമെന്നു കണ്ട് അവർ സൈനികർക്കെതിരെ നീക്കം നടത്തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യഥാസമയം സഹായവും രക്ഷാപ്രവർത്തനവും എത്തിയില്ലെന്ന് പ്രചരിപ്പിച്ച് പലയിടത്തും സൈനിക ബോട്ടുകൾ തകർക്കുകയും സൈനികരെ ആക്രമിക്കാൻ ഒരുമ്പെടുകയും ചെയ്യുന്നതായാണ് വാർത്തകൾ. എന്നാൽ ഇതിലൊന്നും പ്രകോപിതരാകാതെ, ആക്രമണം നടത്തിയവർക്കതിരെ നടപടിയൊന്നുമെടുക്കാതെ ചെറിയ പ്രതിരോധം മാത്രം നടത്തി രക്ഷാപ്രവർത്തനം തുടരുകയാണ് സൈനികർ.

നൂറ്റാണ്ടിനിടെ കാശ്മീർ താഴ്‌വരയിലുണ്ടായ വൻ ദുരന്തത്തിൽ കരസേനയിലേയും പാരാമിലിറ്ററിയിലേയും ദേശീയ ദുരന്തനിവാരണ സേനയിലേയും സൈനികർ ജീവൻപോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ടുജവാന്മാർക്ക് ജീവാപായവുമുണ്ടായി. പ്രാണഭയത്താൽ കെട്ടിടത്തിന്റെ മേൽക്കൂരകളിലും വെള്ളമെത്താത്ത ചെറുതുരുത്തുകളിലും ഒറ്റപ്പെട്ടുപോയ കാശ്മീരി ജനതയുടെ രക്ഷയ്‌ക്കെത്തുന്നത് സൈന്യം മാത്രമാണ്. 

സംസ്ഥാന സർക്കാരിന്റെയോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയോ രക്ഷകർ എത്താതിരുന്നപ്പോൾ അവരെ കൈപിടിച്ച് കരകയറ്റി ഹെലികോപ്റ്ററുകളിലും രക്ഷാ ബോട്ടുകളിലുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് രാപ്പകലില്ലാതെ സൈനികർ. എല്ലായിടത്തും ഭക്ഷണവും വെള്ളവുമെത്തിക്കാനും അവർ ഓടിയെത്തുന്നു. ഇതോടെ സൈനികർ ശത്രുക്കളാണെന്ന് രാഷ്ട്രീയക്കാർ പഠിപ്പിച്ച പാഠം മറന്ന് നാട്ടുകാർ അവരാണ് യഥാർത്ഥ രക്ഷകരെന്ന് തിരിച്ചറിയുന്ന കാഴ്ചയാണ് എവിടെയും. ഇത് തങ്ങൾക്ക് ഭീഷണിയാവുമെന്നും സൈന്യത്തിനും അതുവഴി കേന്ദ്രസർക്കാരിനും അനുകൂലമായ സ്ഥിതിയുണ്ടാവും കാശ്മീരിലെന്നും കണ്ടാണ് പ്രാദേശിക കക്ഷികളും വിഘടനവാദികളും രക്ഷാപ്രവർത്തകർക്കെതിരെ വ്യാജപ്രചാരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

പ്രളയദുരന്തം ഒഴുകിയെത്തിയതിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർ കെട്ടിടത്തിന്റെ മേൽക്കൂരകളിലും മറ്റും നിന്ന് പതിനായിരങ്ങളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് ഇതുവരെ മാറ്റിയത്. ഒറ്റപ്പെട്ടവർക്കായുള്ള തിരച്ചിലും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായമെത്തിക്കലും അതിദ്രുതം തുടരുകയാണ്. തങ്ങളെ രക്ഷിക്കാൻ സൈന്യം കൈമെയ് മറന്ന് പ്രവർത്തിക്കുന്ന നേരിട്ടു കണ്ടതോടെ ഇതുവരെ 'ഭീകരരൂപികൾ' എന്ന് ഇതുവരെ കരുതിയ സൈന്യത്തിന് കാശ്മീരികൾ മനസ്സിൽ 'ദൈവദൂതന്മാരുടെ' സ്ഥാനം നൽകിക്കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെ പോയാൽ തങ്ങളുടെ ജനസ്വാധീനം നഷ്ടമാകുമെന്നു കണ്ടാണ് വിഘടനവാദികളും പ്രാദേശിക രാഷ്ട്രീയ കക്ഷികളും ഇപ്പോൾ ജനത്തെ പട്ടാളത്തിനെതിരെ തിരിക്കാൻ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

പലയിടത്തും രക്ഷാപ്രവർത്തനത്തിനു പോയ ഹെലികോപ്റ്ററുകൾക്കുനേരെ കല്ലേറുണ്ടായി. വിവിധയിടങ്ങളിലായി നാല്പതില്പരം രക്ഷാബോട്ടുകൾ വിഘടനവാദികൾ എറിഞ്ഞും തല്ലിയും തകർത്തു. ഒറ്റപ്പെടുന്ന സൈനികർക്കുനേരെ കത്തിയും കല്ലുമായി ആക്രമണം നടത്തകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനെതിരെ തിരിച്ചടിയൊന്നും നടത്താതെ സ്വയം പ്രതിരോധം മാത്രം നടത്തി രക്ഷാപ്രവർത്തനം തുടരുകയാണ് സൈനികർ. രക്ഷാപ്രവർത്തനം എത്താൻ വൈകിയെന്നും ഭക്ഷണമെത്തിയില്ലെന്നും മറ്റും പറഞ്ഞ് ജനങ്ങൾക്കിടയിൽ തങ്ങളുടെ ആൾക്കാരെ തിരുകിക്കയറ്റിയാണ് വിഘടനവാദികൾ കുപ്രചരണം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോയിടത്തും ഇതിനായി പ്രാദേശിക ക്രിമിനലുകളെയും ഗുണ്ടകളേയും ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു.

സൈനികവിരോധം ജനങ്ങളുടെ മനസ്സിൽ നിലനിർത്താനാണ് ഇത്തരം ശ്രമങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ ഇതിനെതിരെ ഇപ്പോൾ നടപടികളൊന്നും എടുക്കേണ്ടെന്നും സംയമനം പാലിക്കണമെന്നും സൈന്യത്തിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈന്യം രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലും സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിപോലെ പ്രവർത്തിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടേയോ പ്രബല നേതാക്കളുടേയോ പൊടിപോലുമില്ല എങ്ങും. ഇതെല്ലാം ദേശീയ, വിദേശ മാദ്ധ്യമങ്ങളുൾപ്പെടെ റിപ്പോർട്ടുചെയ്യുകയും സൈന്യത്തിന്റെ ശൽഘനീയമായ രക്ഷാപ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ആഗോളതലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നതാണ് വിഘടനവാദികളുടേയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തിയിട്ടുള്ളത്. ജനങ്ങളെ കേന്ദ്രസർക്കാരിനെതിരെയും സൈന്യത്തിനെതിരെയും തിരിച്ചുനിർത്താൻ ഇതുവരെ അവർ ഉപയോഗിച്ചുവന്ന വിഘടനവാദതന്ത്രമാണ് ഇപ്പോൾ കാശ്മീർ പ്രളയത്തിലൂടെ ഒലിച്ചുപോകുന്നത്.

മോദി പ്രധാനമന്ത്രിയായ ശേഷം കാശ്മീർ സന്ദർശിക്കുകയും സംസ്ഥാനത്തിനായി നിരവധി സുപ്രധാന വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിലൂടെതന്നെ ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്ന ഭയത്തിലായിരുന്നു പ്രാദേശിക കക്ഷികൾ. ഇപ്പോൾ പ്രളയമുണ്ടായപ്പോൾ അരലക്ഷത്തോളം സൈനികരെ വിന്യസിച്ച് കാശ്മീരിന്റെ രക്ഷയ്ക്ക് കേന്ദ്രസർക്കാർ എത്തിയതോടെ പ്രാദേശിക കക്ഷികൾ കൂടുതൽ വെള്ളത്തിലായി. സംസ്ഥാനം നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാ സഹായവും പ്രഖ്യാപിക്കുകയും ഇതിനെ ദേശീയ ദുരന്തമായി കണ്ട് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ കാശ്മീർ ജനതയുടെ മനസ്സിൽ സ്‌നേഹമുദ്ര തീർക്കുകയാണിപ്പോൾ.

പ്രളയമുണ്ടായി ആഴ്ചയൊന്നു പിന്നിട്ടിട്ടും കാര്യമായി എന്തെങ്കിലും ജനങ്ങൾക്കായി ചെയ്തുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് പറയാനാവുന്നില്ല. ഇത്രയും ദിവസം പിന്നിട്ട് ഇപ്പോൾ വിഷയം ചർച്ചചെയ്യാൻ ഒരു സർവകക്ഷിയോഗം വിളിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ആശുപത്രിയിൽ വൈദ്യുതി മുടങ്ങി കഴിഞ്ഞദിവസം ഇൻകുബേറ്ററിലെ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ മരിച്ചതടക്കം സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന് ഉദാഹരണവുമായി. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നിഴൽപോലും എങ്ങുമില്ല. അദ്ദേഹം ലണ്ടനിൽ ചികിത്സയിലാണെന്നാണ് അനുയായികൾ പറയുന്നത്. എന്നാൽ അവധിക്കാല വിനോദയാത്രയിലാണ് ഫറുഖ് അബ്ദുള്ളയെന്നും റിപ്പോർ്ട്ടുകളുണ്ട്.

മറ്റൊരു നേതാവായ യാസിൻ മാലിക്കിനെ സൈന്യമാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പക്ഷേ അതിന്റെ ക്രെഡിറ്റ് സൈന്യം കൊണ്ടുപോകാതിരിക്കാൻ സ്വന്ത്ം അനുയായികളാണ് തന്നെ രക്ഷിച്ചതന്നെ പ്രചരണം നടത്തുകയാണ് ഈ നേതാവ്. ്പ്രളയമുണ്ടായി ഇത്രയും ദിവസം ചിത്രത്തിലില്ലാതിരുന്ന മറ്റൊരു നേതാവായ സയീദ് അലി ഷാ ഗീലാനിയാകട്ടെ ഇക്കഴിഞ്ഞ 11ാം തിയതിയാണ് രംഗത്തിറങ്ങിയത്. ഒരു പള്ളിയിൽ അദ്ദേഹം പ്രാർത്ഥന നടത്തുന്ന ചിത്രം അദ്ദേഹം പോസ്റ്റുചെയ്യുകയായിരുന്നു. സൈന്യം ടൂറിസ്റ്റുകളെയും സ്വന്തക്കാരെയും രക്ഷിക്കുന്ന തിരക്കിലാണെന്നും ദേശീയ ദുരന്തസേനയ്ക്ക് കുറച്ചു കാശ്മീരികളെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നും അദ്ദേഹം പ്രതികരിക്കുകുയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടേയും പ്രചരണങ്ങളും സൈന്യത്തിനും കേന്ദ്രസർക്കാരിനുമെതിരായ കുതന്ത്രങ്ങളും ഇങ്ങനെ മുന്നോട്ടുപോകുമ്പോഴും ഇതുവരെ ഒന്നരലക്ഷത്തില്പരം പേരെ പ്രളയക്കെടുതികളിൽ നിന്ന് കരകയറ്റി മറ്റുള്ളവരെ രക്ഷിക്കാൻ വിയർപ്പൊഴുക്കുകയാണ് കാശ്മീരിൽ രക്ഷാപ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP