Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവും പിഞ്ചുകുഞ്ഞും മരിച്ചതറിയാതെ ദിവ്യ; അച്ഛനും കുഞ്ഞുവാവയും പോയതറിയാതെ നാല് വയസുകാരി അസാലിയയും; മൂന്നുപേരുടെ ജീവൻ കവർന്ന തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടം മലയാളികളുടെ നൊമ്പരമാകുന്നു

ഭർത്താവും പിഞ്ചുകുഞ്ഞും മരിച്ചതറിയാതെ ദിവ്യ; അച്ഛനും കുഞ്ഞുവാവയും പോയതറിയാതെ നാല് വയസുകാരി അസാലിയയും; മൂന്നുപേരുടെ ജീവൻ കവർന്ന തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടം മലയാളികളുടെ നൊമ്പരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ബീഹാറിൽ നിന്നും ഒപ്പം യാത്ര തിരിച്ച ഭർത്താവും കുഞ്ഞുമകളും ഈ ലോകത്തോട് വിടപറഞ്ഞതറിയാതെയാണ് ദിവ്യ കേരളത്തിലേക്ക് എത്തുന്നത്. അച്ഛനും കുഞ്ഞുവാവയും ഇനി ഇല്ലെന്നറിയാതെ മകൾ നാലുവയസുകാരി അസാലിയയും ഒപ്പമുണ്ട്. ശനിയാഴ്‌ച്ച പുലർച്ചെ തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടത്തിലാണ് ദിവ്യയുടെ ഭർത്താവ് കോഴിക്കോട് കോടഞ്ചേരി ചെമ്പുകാവ് മഞ്ചേരിയിൽ അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്)എന്നിവർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉഡുപ്പി സ്വദേശി സ്റ്റെനി (23)യും കൊല്ലപ്പെട്ടു.

കാറിൽ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകൾ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭർത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഇവരെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്.

ബിഹാറിലെ നവാഡയിൽ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തിൽപ്പെട്ടു മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. കാർ ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. നവാഡ വാസ്‌ലിഗഞ്ച് സെൻറ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അദ്ധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും. വാസ്ലിഗഞ്ചിലാണ് ഇവർ താമസിച്ചിരുന്നത്. നവാഡയിൽ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരൻ അനൂപും ഭാര്യയും മറ്റൊരു കാറിൽ പിറകിലുണ്ടായിരുന്നു. അനൂപിന്റെ ഗർഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറിൽ നാട്ടിലേക്ക് യാത്ര തിരിച്ചത്.

രാത്രിയിൽ റോഡിനു നടുക്കു നിർത്തിയിട്ടിരുന്ന ലോറിയിൽ ചെന്നിടിച്ചാണ് അപകടമുണ്ടായത്. കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിർത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയിൽ‍ നിന്നു ട്രെയിൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നോർക്കയിൽ ഇവർ പേരു രജിസ്റ്റർ ചെയ്തിരുന്നു. ദിവസങ്ങൾ കാത്തിരുന്നിട്ടും ട്രെയിൻ സർവീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് കാറിൽ യാത്ര തിരിച്ചത്. റോഡു മാർഗം കേരളത്തിലെത്താനാണ് നോർക്കയിൽ നിന്നു നിർദ്ദേശമുണ്ടായതും. ഞായറാഴ്ച പട്നയിൽ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസിൽ യാത്ര തിരിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP