Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിഎൻ ട്രാവൽസിന്റെ ഗോഡൗണിൽ കാവേരി സമരക്കാർ തീയിട്ടപ്പോൾ കത്തിനശിച്ചത് 45 ബസുകൾ; ഒന്നുമില്ലായ്മ്മയിൽ നിന്നും വളർന്ന് നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകളുടെ ഉടമയായ നടരാജന് സങ്കടം തീരുന്നില്ല; നഷ്ടമായത് 50 കോടി; നശിച്ചത് മലയാളികളുടെയും ഇഷ്ടബസുകൾ

കെപിഎൻ ട്രാവൽസിന്റെ ഗോഡൗണിൽ കാവേരി സമരക്കാർ തീയിട്ടപ്പോൾ കത്തിനശിച്ചത് 45 ബസുകൾ; ഒന്നുമില്ലായ്മ്മയിൽ നിന്നും വളർന്ന് നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകളുടെ ഉടമയായ നടരാജന് സങ്കടം തീരുന്നില്ല; നഷ്ടമായത്  50 കോടി; നശിച്ചത് മലയാളികളുടെയും ഇഷ്ടബസുകൾ

ചെന്നൈ: കാവേരി പ്രക്ഷോഭത്തിന്റെ പേരിൽ ഒരു വിഭാഗം ബാംഗ്ലൂർ നഗരത്തെ സ്തംഭിപ്പിച്ചും കൊള്ളിവച്ചും മുന്നേറിയപ്പോൾ നഷ്ടമായത് കോടികളാണ്. ജലത്തിന്റെ പേരിലുള്ള സമരത്തിൽ ഐടിനഗരം അക്ഷർത്ഥത്തിൽ സ്തംഭിക്കുകയാണ് ഉണ്ടായത്. എന്നാൽ, ഈ പ്രക്ഷോഭത്തിന്റെ പേരിൽ അക്രമികൾ അഴിഞ്ഞാടിയപ്പോൾ കെപിഎൻ ട്രാവൽസ് ഉടമ കെ പി നടരാജന് ഒറ്റയടിക്ക് നഷ്ടമായത് 50 കോടിയോളം രൂപയാണ്. കെപിഎൻ ട്രാവൽസിന്റെ 45 ബസുകളാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. ബെംഗളൂരുവിൽ നയന്തഹള്ളിയിലുള്ള ട്രാവൽസിന്റെ ഗോഡൗണിൽ നിർത്തിയിട്ട ബസ്സുകളാണ് അക്രമികൾ അതിക്രമിച്ചു കയറി കത്തിച്ചത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് അടക്കം സർവീസുകൾ നടത്തുന്ന ബസുകളാണ് കെപിഎൻ ട്രാവൽസിന്റേത്.

തന്റെ ബസുകൾ നശിപ്പിക്കപ്പെട്ടതിന്റെ സങ്കടം ഇനിയും തീരുന്നില്ല നടരാജന്. കോടികളുടെ വസ്തുക്കൾ കത്തിയെരിഞ്ഞപ്പോൾ അദ്ദേഹം നിസ്സഹായതോടെ ചോദിക്കുന്നത്. ''എന്റെ ബസ്സുകൾ കത്തിച്ചതുകൊണ്ട് കാവേരിപ്രശ്‌നം പരിഹരിക്കപ്പെടുമോ' എന്നാണ്. സേലത്തെ വീട്ടിലിരുന്നാണ് അദ്ദേഹം തന്റെ ഗോഡൗൺ കത്തിയെരിഞ്ഞ വാർത്ത അറിഞ്ഞത്. സാധാരണനിലയിൽനിന്ന് ഉയർന്നുവന്ന വ്യക്തിയാണ് കെ.പി.നടരാജൻ. അതുകൊണ്ട് തന്നെ ഒന്നുമില്ലായ്മയിൽ നിന്നും വളർന്നുവന്ന അദ്ദേഹത്തിന് ഈ നഷ്ടം സഹിക്കാൻ കഴിയുന്നില്ല.

ഇന്നിപ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലും പുതുച്ചേരിയിലുമൊക്കെയായി നൂറുകണക്കിന് ബസ്സുകളാണ് കെ.പി.എൻ. ട്രാവൽസ് ഓടിക്കുന്നത്. ഇതിനുമുമ്പ് പലപ്പോഴും കാവേരിപ്രശ്‌നത്തിന്റെ പേരിൽ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഇത്രയും ഭീതിപ്പെടുത്തുന്ന വിധത്തിൽ ഒരു ആക്രമണം അദ്ദേഹം നേരിടേണ്ടി വന്നത്.

1972 മുതൽ ട്രാവൽസ് ബിസിനസ്സിൽ നടരാജനുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകീട്ട് ഇരുനൂറോളംപേർ സംഘടിതമായെത്തി ബസ്സുകൾക്ക് തീവെക്കുകയായിരുന്നു. ഒരു വിഭാഗം ആസൂത്രിതമായി തന്നെയായിരുന്നും ഈ ആക്രമണം നടത്തിയത്. പെട്രോൾബോംബുകളെറിഞ്ഞിട്ടാണ് തീവച്ചത്. അതുകൊണ്ടുതന്നെ തീ പെട്ടെന്ന് ആളിപ്പടർന്നു. വോൾവൊ എ.സി. ബസ്സുമുതൽ എ.സി.യില്ലാത്ത സാധാരണബസ്സുകൾവരെ കൂട്ടത്തിലുണ്ടായിരുന്നു. ചുരുങ്ങിയത് 50 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ബസ്സുകൾക്ക് ഇൻഷുറൻസുണ്ടെങ്കിലും യഥാർഥവിലയിലും കുറച്ചേ നഷ്ടപരിഹാരമായി കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ ന്ഷ്ടം നടരാജന് വലിയ ആഘാതമാണ് വരുത്തിവച്ചത്.

റോഡുനികുതിയിനത്തിൽ അടച്ച കോടികൾ തിരിച്ചുകിട്ടുകയുമില്ല. വണ്ടികൾക്കുള്ളിൽ നടത്തിയിട്ടുള്ള നവീകരണത്തിനു ചെലവാക്കിയ പണവും ഇൻഷുറൻസ് കമ്പനി കൊടുക്കില്ല. കത്തിപ്പോയ ബസ്സുകൾക്കു പകരം ബസ്സുകൾ പെട്ടെന്നിറക്കാനാവില്ല. ഇതുമൂലം ദിവസങ്ങളോളം ട്രിപ്പുകൾ നഷ്ടപ്പെടുന്നതുവഴിയുള്ള നഷ്ടം വേറെയാണ്. തന്റെ ജീവനക്കാർക്കൊന്നും കാര്യമായി പരിക്കുപറ്റിയിട്ടില്ലെന്ന ആശ്വാസത്തിലാണ് നടരാജൻ. എന്നാണിനി ബസ്സുകൾ നിരത്തിലിറക്കാൻ കഴിയുകയെന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വ്യവഹാരം പൂർത്തിയാകാൻ കാലങ്ങളെടുക്കും എന്നതിനാൽ അതിലൊന്നും അദ്ദേഹത്തിന് പ്രതീക്ഷയില്ല.

രണ്ട് ദിവസം കൊണ്ട് ഐടി മേഖലയുടെ നഷ്ടം 25,000 കോടി

കാവേരി സംഘർഷത്തെ തുടർന്നു രണ്ടു ദിവസം പ്രവർത്തനം സ്തംഭിച്ചതോടെ ഇന്ത്യയുടെ ഐടി തലസ്ഥാനത്തിനു നഷ്ടം 22,000 - 25,000 കോടി രൂപ. അസോഷ്യേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) യുടെ പ്രാഥമിക വിലയിരുത്തലാണിത്.

പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ഗ്ലോബൽ ഔട്ട്‌സോഴ്‌സിങ് കമ്പനി ആക്‌സെഞ്ച്വർ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്‌ലിപ്കാർട്ട് എന്നിവയുടെയെല്ലാം പ്രവർത്തനം തടസ്സപ്പെട്ടു. പല കമ്പനികളും സുപ്രധാന പ്രോജക്ടുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി. ഓർഡറുകൾ എത്തിക്കുന്നതിനു താൽക്കാലിക തടസ്സം നേരിട്ടതായി ആമസോൺ ഇന്ത്യയും ഫ്‌ലിപ്കാർട്ടും അറിയിച്ചു. ഡെലിവറി സ്റ്റാഫിന്റെ സുരക്ഷ കണക്കിലെടുത്തു നിർത്തിവച്ച പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നും ഉപഭോക്താക്കൾക്കു സന്ദേശം നൽകിയതായും ഇരുകമ്പനികളും അറിയിച്ചു.

ബെംഗളൂരുവിൽ ഐടി മേഖലയിൽ മാത്രം ഏകദേശം 500 സ്ഥാപനങ്ങളുണ്ട്. ഒട്ടേറെ മൾട്ടി നാഷനൽ കമ്പനികളുടെ ബാക് ഓഫിസും പ്രവർത്തിക്കുന്നു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ സ്ഥാപനങ്ങളിൽ മാത്രമായി ജീവനക്കാർ 70,000. മൾട്ടിനാഷനൽ കമ്പനികളായ സാംസങ് ഇലക്ട്രോണിക്‌സ്, ഓറക്കിൾ തുടങ്ങിയവയുടെയും ഓല പോലുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. സ്റ്റാർട്ടപ്പുകളെയും സംഘർഷം ബാധിച്ചു. അക്രമം പൊട്ടിപ്പുറപ്പെട്ട തിങ്കളാഴ്ച നേരത്തേ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നതിനു പുറമെ ഇന്നലെയും പ്രവർത്തിക്കാൻ കഴിയാതിരുന്നതാണു തിരിച്ചടിയായത്.

ഇന്നലത്തെ അവധിക്കു പകരമായി 17നു ശനി പ്രവൃത്തിദിവസമായിരിക്കുമെന്ന് വിപ്രോ അറിയിച്ചു. കാവേരി സംഘർഷത്തിനു പുറമെ ഈ മാസം നടന്ന പൊതുപണിമുടക്ക് ഉൾപ്പെടെ നാലു ദിവസമാണു വിപണിക്കു നഷ്ടമായത്. ഐടി, ഇ-കൊമേഴ്‌സ്, ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, വൻകിട മാർക്കറ്റുകൾ, മാളുകൾ, സിനിമാ തിയറ്ററുകൾ, റസ്റ്ററന്റുകൾ എന്നിവയെല്ലാം ഇന്നലെയും അടഞ്ഞുകിടന്നു. ഗതാഗത സംവിധാനങ്ങൾ പൂർണമായി തടസ്സപ്പെട്ടതും ചരക്കുനീക്കം നിലച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. ആഭ്യന്തര ടൂറിസത്തെയും സംഘർഷം ബാധിച്ചു.

രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവിലേക്കുള്ള പല വിമാനങ്ങളിലും ടിക്കറ്റുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. തുടർച്ചയായ സംഘർഷവും ഗതാഗത തടസ്സവും കമ്പനികൾ അടച്ചിടേണ്ട സ്ഥിതിയും സിലിക്കൺ വാലിയെന്ന ബെംഗളൂരുവിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചതായി അസോചം സെക്രട്ടറി ജനറൽ ഡി.എസ്.റാവത്ത് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP