Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഹുബലി വിവാഹം പൊളിഞ്ഞപ്പോൾ;ലാലുവിന്റെ മകന്റെ വിവാഹം ചളകൊളം; വിവാഹസത്ക്കാരത്തിൽ പാർട്ടിക്കാരെന്നു കരുതുന്നവരുടെ ഭക്ഷണകൊള്ള; മോഷ്ടാക്കളെ നേതാക്കൾ ഓടിച്ചിട്ട് തല്ലി; ഒടുവിൽ ബാക്കിയായത് ഒടിഞ്ഞ കസേരകളും പൊട്ടിയ പ്ലേറ്റുകളും

ബാഹുബലി വിവാഹം പൊളിഞ്ഞപ്പോൾ;ലാലുവിന്റെ മകന്റെ വിവാഹം ചളകൊളം; വിവാഹസത്ക്കാരത്തിൽ പാർട്ടിക്കാരെന്നു കരുതുന്നവരുടെ ഭക്ഷണകൊള്ള; മോഷ്ടാക്കളെ നേതാക്കൾ ഓടിച്ചിട്ട് തല്ലി; ഒടുവിൽ ബാക്കിയായത് ഒടിഞ്ഞ കസേരകളും പൊട്ടിയ പ്ലേറ്റുകളും

പട്‌ന ;ബാഹുബലി സിനിമ ഗംഭീര വിജയമായിരുന്നു. അതേ മോഡലിൽ ഒരു വിവാഹം നടത്തിയാൽ എന്താകുമെന്ന് ചോദിക്കുന്നവർക്ക് ഒരു മറുപടിയാണ് ബിഹാർ മുന്മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിന്റെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് നടത്തിയ ബാഹുബലി സത്ക്കാരം അപ്പാടെ പൊളിഞ്ഞു. പൊതുജനങ്ങൾക്കു സദ്യ വിളമ്പേണ്ടിവന്നില്ല. പാർട്ടിക്കാർതന്നെയെന്നു കരുതുന്ന ജനക്കൂട്ടം ആർത്തലച്ചുകയറി ഭക്ഷണം കൊള്ളയിടച്ചു. നേതാക്കൾ വടിയുമായെത്തി ആളുകളെ ഓടിച്ചിട്ടു തല്ലി. അതോടെ വിവാഹം ചളകൊളം.

ഒടുവിൽ സൽക്കാരസ്ഥലത്തു കാണാനായത് മറിഞ്ഞുകിടക്കുന്ന മേശകളും കസേരകളും പൊട്ടിയ പാത്രങ്ങളും. വിശിഷ്ട വ്യക്തികൾക്കും മാധ്യമപ്രവർത്തകർക്കുമായി വേർതിരിച്ചിരുന്ന സ്ഥലത്തുകൂടിയായിരുന്നു ആക്രമണം. ബാഹുബലി സ്‌റ്റൈലിൽ നടത്തിയ വിവാഹത്തിന് 7000 പേരെ ക്ഷണിക്കുകയും അവർക്കായി 200 കൗണ്ടർ തുറക്കുകയും ചെയ്തിരുന്നുവെങ്കിലും ആളുകളെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നായി 100 പ്രഗൽഭ പാചകക്കാരെയാണു നിയോഗിച്ചിരുന്നത്. അമൃത്‌സാരി കുൽച്ച, ആഗ്ര പറാത്ത, ലിട്ടി ചോക്ക തുടങ്ങിയ തനത് വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കിയിരുന്നത്. കാൺപൂർ ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പും ഭാട്ടിയ ഹോട്ടൽ  ഗ്രൂപ്പുമായിരുന്നു ഭക്ഷണം തയ്യാറാക്കിയത്.

തേജ് പ്രതാപും മുന്മന്ത്രികൂടിയായ പാർട്ടി എംഎൽഎ ചന്ദ്രിക പ്രസാദ് റായിയുടെ മകൾ ഐശ്വര്യറായിയും പരസ്പരം മാലകൾ കൈമാറിയതിനു പിന്നാലെയായിരുന്നു അതിഥികളുടെ 'സൂനാമി'. മാധ്യമപ്രവർത്തകരും കയ്യേറ്റത്തിനിരയായി. ക്യാമറകൾക്കും കേടുപാടുണ്ടായി. ജയിലിലായിരുന്ന ലാലു പ്രസാദ് യാദവ് മൂന്നു ദിവസത്തെ പരോളിൽ എത്തിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, യുപി മുന്മുഖ്യമന്ത്രി അഖിലേഷ് യാദവ്, കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയവർ ദമ്പതികളെ അനുഗ്രഹിച്ചു.

വിരുന്നു കഴിഞ്ഞ് കാറപകടവും നാലു മരണം
തേജ് പ്രതാപ് യാദവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ മൂന്നു പ്രാദേശിക നേതാക്കൾ വാഹനാപകടത്തിൽ മരണമടഞ്ഞു. അരാരിയ ജില്ലയിൽ കാർ നിയന്ത്രണം വിട്ടു ട്രക്കിലിടിച്ചുകയറിയാണ് അപകടം. ഡ്രൈവറടക്കം നാലുപേരും മരിച്ചു. രാവിലെ ആറുമണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണു കാരണമെന്നു സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP