Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനിക ക്യാമ്പുകളിലും ഡൽഹിയിലും മാഗി ന്യൂഡിൽസിനു നിരോധനം; ബിഗ് ബസാറിലും ഇനി മാഗി കിട്ടില്ല; വിവാദങ്ങൾ നെസ്‌ലെയുടെ ഓഹരിമൂല്യവും ഇടിച്ചു

സൈനിക ക്യാമ്പുകളിലും ഡൽഹിയിലും മാഗി ന്യൂഡിൽസിനു നിരോധനം; ബിഗ് ബസാറിലും ഇനി മാഗി കിട്ടില്ല; വിവാദങ്ങൾ നെസ്‌ലെയുടെ ഓഹരിമൂല്യവും ഇടിച്ചു

ന്യൂഡൽഹി: രാസവസ്തുക്കൾ അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയ പശ്ചാതലത്തിൽ മാഗി ന്യൂഡിൽസിനെതിരെ കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. വിവാദങ്ങൾ കൊഴുത്തതോടെ മാഗി നൂഡിൽസിന്റെ ഉൽപാദകരായ നെസ്‌ലെ ഇന്ത്യയുടെ ഓഹരി മൂല്യത്തിൽ വൻ ഇടിവും സംഭവിച്ചു.

മാഗി നൂഡിൽസിനെതിരെ കേസെടുക്കാൻ ഡൽഹി സർക്കാരും തീരുമാനിച്ചതോടെയാണ് ഓഹരി വിപണിയിൽ നെസ്‌ലെയ്ക്കു വൻ ഇടിവുണ്ടായത്. അതിനിടെ ഡൽഹിക്കു പുറമെ സൈനിക ക്യാമ്പുകളിലും മാഗി ന്യൂഡിൽസിനു നിരോധനം ഏർപ്പെടുത്തി.

കേരളം, തമിഴ്‌നാട് എന്നിവക്ക് ശേഷം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണു മാഗി സാമ്പിൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. മാഗി സുരക്ഷിതമല്ലെന്നു ഡൽഹി സർക്കാരിന്റെ പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ നെസ്‌ലെ ഇന്ത്യാ അധികൃതരെ ഡൽഹി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി.

ഡൽഹിയിൽ പരിശോധിച്ച 13 സാമ്പിളിൽ 10ലും അനുവദിക്കപ്പെട്ടതിലും കൂടുതൽ ഈയത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ അജിനാമോട്ടോയുടെ അളവും കൂടുതലാണ്. ഇതോടെയാണ് ഡൽഹിയിലും മാഗി നിരോധിക്കാൻ കളമൊരുങ്ങിയത്.

മാഗി പാക്കറ്റുകൾ പശ്ചിമ ബംഗാളിൽ നിന്ന് എത്രയും വേഗം പിൻവലിക്കണമെന്നും വിതരണക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ സപ്ലെകോ ശൃംഖലകൾ വഴി മാഗി വിൽക്കേണ്ടതില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഹിമാചൽ പ്രദേശം ഹരിയാനയും നടപടിക്കൊരുങ്ങിയിട്ടുണ്ട്. മാഗി നൂഡിൽസിന്റെ കവറിന് പുറത്ത് അതിനുള്ളിലെ പദാർത്ഥങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

അതിനിടെ, നൂഡിൽസിൽ ലെഡിന്റെ അളവ് അനുവദനീയമായതിനേക്കാൾ കൂടുതലാണെന്ന കണ്ടെത്തലിനെത്തുടർന്നു വിൽപ്പനയിലും വലിയ ഇടിവുണ്ടായി. മാഗിയുടെ പ്രതിദിന വിൽപ്പനയിൽ 70 ശതമാനത്തോളം കുറവുണ്ടായതാണു റിപ്പോർട്ടുകൾ.

ഇതേസമയം മാഗി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ നിന്നും രണ്ടു വർഷം മുമ്പെ താൻ പിൻവാങ്ങിയിട്ടുണ്ടെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ അറിയിച്ചു. തനിക്ക് നോട്ടീസ് ലഭിച്ച വിവരം നിഷേധിച്ച ബച്ചൻ ഇക്കാര്യത്തിൽ നിയമവുമായി സഹകരിക്കുമെന്നും അറിയിച്ചു. മാഗി ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ച അമിതാഭ് ബച്ചൻ, മാധൂരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കെതിരെ കേസെടുക്കാൻ ഇന്നലെ ബീഹാർ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബച്ചന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP