ഓൺലൈൻ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതി പറയാൻ വിളിച്ചത് കസ്റ്റമർ കെയറിൽ; എക്‌സിക്യൂട്ടീവ് പറഞ്ഞതെല്ലാം അതേപടി അനുസരിച്ചതോടെ യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ
November 15, 2019 | 09:24 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ലഖ്‌നൗ: ഓൺലൈൻ ഭക്ഷണത്തിന്റ ഗുണനിലവാരത്തേ കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ച യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ. ലഖ്‌നൗവിലെ ഗോംതി നഗർ സ്വദേശിക്കാണ് ഭക്ഷണ വിതരണ ആപ്പിന്റെ കസ്റ്റമർ കെയർ നിർദ്ദേശങ്ങൾ പാലിച്ചതോടെ ബാങ്കിൽ നിന്നും നാല് ലക്ഷം രൂപ അപ്രത്യക്ഷമായത്.
ഭക്ഷ്യ വിതരണ ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്തു ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോൾ, ഭക്ഷണവിതരണ ആപ്പിന്റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളോട് പരാതിപ്പെടാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, ഇന്റർനെറ്റിലെ ആപ്പിന്റെ കസ്റ്റമർ കെയർ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ ഒരാൾ കോൾ എടുത്തു. തുടർന്ന്, ഫുഡ് ഡെലിവറി ആപ്പിൽ നിന്ന് എക്സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും തന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ ചേർക്കാനും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഇതിനിടെ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്സിക്യൂട്ടീവ് അപ്ലിക്കേഷനിൽ ഒടിപി നൽകാൻ ആവശ്യപ്പെട്ടു. ഒടിപി നൽകിയ ഉടൻ അദ്ദേഹത്തിന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 4 ലക്ഷം രൂപ കുറഞ്ഞതായുള്ള സന്ദേശം ലഭിച്ചു.
പണം നഷ്ടപ്പെട്ടതോടെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എങ്കിലും ഫലമുണ്ടായില്ല. ഉപയോക്താക്കൾക്ക് ഓൺലൈനിൽ പണം നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. ഈ വർഷം ഓഗസ്റ്റിൽ ഗൂഗിൾ പേ ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കാൻ ശ്രമിച്ച മുംബൈ സ്വദേശിക്ക് 96,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇടപാടിനിടെ, ആപ്ലിക്കേഷനിൽ ഒരു പിശക് സംഭവിച്ച ഉപയോക്താവ് ഇന്റർനെറ്റിലെ നമ്പർ അന്വേഷിച്ച കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ബന്ധപ്പെട്ടെങ്കിലും കബളിപ്പിക്കപ്പെടുകയായിരുന്നു.
