അഞ്ചു മാസം ഗർഭിണിയായ ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹത്തോടൊപ്പം കിടന്നുറങ്ങി ! മഹാരാഷ്ട്രയിലെ ഉസ്മാനബാദ് ജില്ലയിൽ നഴ്സ് കൊല്ലപ്പെട്ടത് അതിക്രൂരമായി; സ്ത്രീധനത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നെന്ന് പൊലീസ്; കീഴടങ്ങി ഭർത്താവ്
February 11, 2019 | 10:50 AM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: അഞ്ചു മാസം ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ നിന്നുമാണ് കൊടും ക്രൂരതയുടെ കഥ പുറത്ത് വരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. നഴ്സായ പ്രിയങ്ക റാത്തോഡിനെ ഭർത്താവ് വിനോദ് ധൻസിങ് പവാർ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇയാൾ ഒമേർഗ താലൂക്ക് സ്വദേശിയാണ്. കൃത്യം നടത്തിയ ശേഷം ഇയാൾ ഭാര്യയുടെ മൃതദ്ദേഹത്തിനൊപ്പം കിടന്നുറങ്ങിയെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച്ച കാലത്ത് തന്നെ വിനോദ് മുറും പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങി.
കുഴൽക്കിണർ കമ്മീഷൻ ഏജന്റായ വിനോദും പ്രിയങ്കയും തമ്മിൽ ഒൻപത് മാസം മുൻപാണ് വിവാഹിതരായത്. തുൽജപൂരിലെ ആശുപത്രിയിൽ നഴ്സായിരുന്നു പ്രിയങ്ക അഞ്ചു മാസം ഗർഭിണിയായിരുന്നു. സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുമായി നിരന്തരം കലഹമായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
