13 വയസ്സുള്ള മകളെ ഏഴു ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് പിടിയിൽ; രാജസ്ഥാനിലെ ബാർമറിൽ നിന്നും വിറ്റ പെൺകുട്ടിയെ മാസങ്ങൾക്കു ശേഷം കണ്ടെത്തിയത് ഹൈദരാബാദിൽ നിന്നും; പൊലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടി നാലു മാസം ഗർഭിണി
November 13, 2019 | 02:00 PM IST | Permalink

സ്വന്തം ലേഖകൻ
ജയ്പൂർ: ഏഴ് ലക്ഷ രൂപയ്ക്ക് വേണ്ടി കൗമാരക്കാരിയായ മകളെ വിറ്റ പിതാവും ഇടനിലക്കാരും അറസ്റ്റിൽ. രാജസ്ഥാനിലെ ബാർമറിൽ നിന്നും വിറ്റ പെൺകുട്ടിയെ മാസങ്ങൾക്കു ശേഷം തിങ്കളാഴ്ച ഹൈദരാബാദിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ജൂണിലാണ് പെൺകുട്ടിയെ പിതാവ് വിൽപ്പന നടത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി 30നാണ് പിതൃസഹോദരൻ പരാതി നൽകിയത്. ഒരു ഉന്നത കുടുംബവുമായി പെൺകുട്ടിയുടെ വിവാഹം നടത്താമെന്ന് ഇടനിലക്കാരനായ ഗോപ രാം മാലി തന്നോടും കുട്ടിയുടെ പിതാവ് കൂടിയായ തന്റെ സഹോദരനോടും ജൂൺ 22ന് പറഞ്ഞിരുന്നുവെന്ന് ഇദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മകളെയും കൂട്ടി വിവാഹ ആലോചന നടത്തിയ കുടുംബത്തെ കാണാൻ സിവാനയ്ക്ക് പോയ സഹോദരൻ ഒറ്റയ്ക്കാണ് തിരിച്ചുവന്നതെന്നും മകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മാവന്റെ വീട്ടിൽ നിർത്തിയെന്നുമാണ് മറുപടി നൽകിയതെന്നും ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ജൂൺ 26ന് അമ്മാവന്റെ വീട്ടിൽ ചെന്ന തനിക്ക് അവിടെ അവളില്ലെന്ന് വ്യക്തമായി. പിന്നീട് പരാതി കൊടുത്തതോടെ മകളെ ചിലർ തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് പറഞ്ഞു. ജൂലായിൽ പൊലീസ് ഇടനിലക്കാരൻ ഗോപ രാം മാലിയേയും കുട്ടിയുടെ പിതാവിനെയും കുട്ടിയെ വാങ്ങിയ സൻവ്ല രാം ദാസ്പ എന്നിവരെ അറസ്റ്റു ചെയ്ത് റിമാൻഡിലയച്ചു.
എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ പിതൃസഹോദരരൻ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇടപെട്ടതോടെ പൊലീസ് അന്വേഷണം ഊർജിതമാകുകയും ദാസ്പയുടെ മകന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി 15ന് പരിഗണിക്കുമ്പോൾ കുട്ടിയെ കോടതിയിൽ ഹാജരാക്കും. ദസ്പയുടെ മകനെതിരെ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിച്ച് തടഞ്ഞുവയ്ക്കൽ, അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
ബാർമറിൽ തിരികെ എത്തിച്ച മകളെ പൊലീസ് അമ്മയ്ക്ക് കൈമാറി. 15ന് കുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ട് പ്രതികൾക്കൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് എസ്‌പി ശരദ് ചൗധരി പറഞ്ഞു.