ബിജെപിക്കെതിരെ സംസാരിക്കുന്നവരെ ജയിലിലിടാൻ തുടങ്ങിയാൽ എത്ര ലക്ഷം പേരെ തുറങ്കിലടയ്ക്കും? തമിഴ്‌നാട് സർക്കാരിന്റേത് ജനാധിപത്യവിരുദ്ധ നിലപാട്; അറസ്റ്റിലായ സോഫിയയെ ഉടൻ വിട്ടയക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ
September 04, 2018 | 02:01 PM IST | Permalink

ചെന്നൈ: വിമാനത്തിൽ ബിജെപി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ തമിഴ്‌നാട്ടിൽ അറസ്റ്റിലായ ഗവേഷക വിദ്യാർത്ഥിനിക്കു പിന്തുണയുമായി ഡിഎംകെ പ്രസിഡന്റ് സ്റ്റാലിൻ. കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ച വ്യക്തിക്കെതിരായ തമിഴ്‌നാട് സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടി അത്യന്തം അപലപനീയമാണെന്നും വിദ്യാർത്ഥിനിയെ ഉടൻ വിട്ടയക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇങ്ങനെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ എത്ര ലക്ഷങ്ങളെ നിങ്ങൾക്ക് ജയിലിലാക്കാൻ കഴിയുമെന്നും സ്റ്റാലിൻ ചോദിക്കുന്നു.
കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ സോഫിയ ലോയിസാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അറസ്റ്റിലായ സോഫിയയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തെങ്കിലും ചൊവ്വാഴ്ച തൂത്തുക്കുടി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
വിമാനത്തിലിരുന്ന് സോഫിയ 'ബിജെപിയുടെ ഫാസിസ്റ്റ് സർക്കാർ തുലയട്ടെ' എന്ന് വിളിച്ചുപറഞ്ഞതായാണ് തമിഴിസൈയുടെ ആരോപണം. തമിഴിസൈയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു സോഫിയ ഇരുന്നത്. ഇതേതുടർന്ന് ബിജെപി നേതാവ് തൂത്തുക്കുടിയിലെ പുതുക്കോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ തൂത്തുക്കുടി വിമാനത്താവളത്തിൽനിന്നു പൊലീസ് സോഫിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോഫിയ ഭീകരസംഘടനയിലെ അംഗമാണെന്ന് തമിഴിസൈ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിലായി ഒന്പതു മണിക്കൂറിനുശേഷവും പൊലീസ് എഫ്‌ഐആറിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും ഏതൊക്കെ വകുപ്പുകളാണ് സോഫിയയ്‌ക്കെതിരേ ചുമത്തി എന്ന കാര്യത്തിൽ വ്യക്തതതയില്ലെന്നും സോഫിയയുടെ അഭിഭാഷകൻ അതിശയ കുമാർ ആരോപിച്ചിരുന്നു.