Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ ശുദ്ധമാക്കിയ സ്വച്ച് ഭാരത് പോലെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനാണ് ജിഎസ്ടി; സ്വിസ് ബാങ്കുകളിലെ പട്ടിക ഇന്ത്യക്ക് കിട്ടുന്നതോടെ കള്ളപ്പണക്കാരുടെ കാര്യം കൂടുതൽ കഷ്ടമാകും; കള്ളന്മാരെ വിടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി വീണ്ടും

ഇന്ത്യയെ ശുദ്ധമാക്കിയ സ്വച്ച് ഭാരത് പോലെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനാണ് ജിഎസ്ടി; സ്വിസ് ബാങ്കുകളിലെ പട്ടിക ഇന്ത്യക്ക് കിട്ടുന്നതോടെ കള്ളപ്പണക്കാരുടെ കാര്യം കൂടുതൽ കഷ്ടമാകും; കള്ളന്മാരെ വിടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയെ ശുദ്ധമാക്കിയ 'സ്വച്ഛ് ഭാരത്' പദ്ധതിക്കു ശേഷം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്ന് നോട്ടുനിരോധനത്തേയും ഇപ്പോൾ നടപ്പിലാക്കിയ ജിഎസ്ടിയേയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണക്കാരെ വെറുതെവിടില്ലെന്നും സ്വിസ് ബാങ്കുകളിലെ നിക്ഷേപക്കാരുടെ പട്ടിക ഇന്ത്യക്ക് കൈമാറുന്നതോടെ അവരുടെ കാര്യം കൂടുതൽ കഷ്ടമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവർഷം നവംബർ എട്ടിനു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു ശേഷം, രാജ്യത്താകെ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തിലധികം കമ്പനികൾ സർക്കാർ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 37,000ൽ അധികം ഷെൽ കമ്പനികളെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

കള്ളപ്പണം ഒളിപ്പിക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് കൂടുതൽ കഠിനമായ നടപടികൾ സർക്കാർ സ്വീകരിക്കും. അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെ സർക്കാർ ഭയക്കുന്നില്ല. വൻ ശമ്പളം വാങ്ങുന്ന കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത്, 10 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളതായി സമ്മതിച്ചിട്ടുള്ളത് കേവലം 32 ലക്ഷം പേർ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സർലൻഡ് സർക്കാർ ഇന്ത്യയ്ക്ക് കൈമാറാൻ ആരംഭിക്കുന്നതോടെ, കള്ളപ്പണക്കാരുടെ കാര്യം കൂടുതൽ കഷ്ടത്തിലാകും. കള്ളപ്പണത്തിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടികളോടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിൽ വൻ ഇടിവുണ്ടായി. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിൽ 45 ശതമാനം വരെ കുറവുവന്നുവെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കള്ളപ്പണം സൂക്ഷിക്കുന്നവർ പിടിക്കപ്പെടുമെന്ന കാര്യം എല്ലാവരെയും ഓർമിപ്പിക്കാനും പ്രധാനമന്ത്രി ചാർട്ടേർഡ് അക്കൗണ്ടന്റുമാരോട് ആവശ്യപ്പെട്ടു.

ഏറെക്കാലത്തെ കാത്തിരിപ്പിനുസേഷം ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിനു പിന്നാലെയാണ് സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകണമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ചാർട്ടേർഡ് അക്കൗണ്ടന്റുമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലളിതവും കൂടുതൽ മികവുറ്റതുമായ പുതിയ നികുതി സംവിധാനം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്.

ആശുപത്രികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആളുകൾ രോഗികളായി മാറണമെന്ന് ഡോക്ടർമാർ ആഗ്രഹിക്കാത്തതുപോലെ, സമൂഹത്തിന്റെ 'സാമ്പത്തിക ആരോഗ്യം' ഏറ്റവും സുരക്ഷിതമാക്കുന്നതിന് ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ശ്രമിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP