Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്‌നോവിലെ അംബേദ്കർ സർവകലാശാലയിൽ എത്തിയ മോദിക്കെതിരെ 'ഗോ ബാക്ക്' വിളിയുമായി വിദ്യാർത്ഥികൾ; പ്രധാനമന്ത്രി പ്രസംഗം തുടർന്നതു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം; രോഹിത് വെമുലയുടെ മരണം വേദനിപ്പിച്ചെന്നു പ്രധാനമന്ത്രി; സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ലക്‌നോവിലെ അംബേദ്കർ സർവകലാശാലയിൽ എത്തിയ മോദിക്കെതിരെ 'ഗോ ബാക്ക്' വിളിയുമായി വിദ്യാർത്ഥികൾ; പ്രധാനമന്ത്രി പ്രസംഗം തുടർന്നതു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം; രോഹിത് വെമുലയുടെ മരണം വേദനിപ്പിച്ചെന്നു പ്രധാനമന്ത്രി; സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ലക്‌നൗ: ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിന്റെ രോഷാഗ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേർക്കും. ഉത്തർപ്രദേശിലെ ലക്‌നോവിൽ അംബേദ്കർ സർവകലാശാലയിൽ എത്തിയപ്പോഴാണു പ്രധാനമന്ത്രിക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധസ്വരമുയർത്തിയത്.

പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ, മുൻനിരയിൽ ഇരുന്ന വിദ്യാർത്ഥികൾ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. പ്രധാനമന്ത്രി ഗോ ബാക്ക് വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിയത്. അതിനിടെ, രോഹിത് വെമുലയുടെ മരണം വേദനിപ്പിച്ചെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ഏറെ നാളത്തെ മൗനത്തിനുശേഷമാണു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ബഹളത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം അൽപ്പനേരം തടസപ്പെട്ടു. പിന്നീട് പൊലീസും സുരക്ഷാസേനയും ചേർന്ന് പ്രതിഷേധക്കാരെ അവിടെ നിന്ന് അറസ്റ്റുചെയ്ത് നീക്കി. ഇതിനുശേഷമാണ് മോദി പ്രസംഗം തുടർന്നത്. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹൈദരാബാദ് സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സർവകലാശാല അധികൃതരുടെ വിവേചനത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞയാഴ്ചയാണ് രോഹിത് വെമുല ജീവനൊടുക്കിയത്. അധികൃതർ സസ്‌പെൻഡ് ചെയ്ത അഞ്ചു ദളിത് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു രോഹിത്. ഇതിനെതിരായ പ്രതിഷേധം കോളേജിൽ നടക്കുന്നതിനിടെയായിരുന്നു രോഹിത്തിന്റെ ജീവത്യാഗം.

രോഹിത് വെമുലയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ദളിത് അദ്ധ്യാപകർ രാജിവെക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറായിരുന്നു. രോഹിത് വെമുലയ്‌ക്കൊപ്പം കോളേജിൽ നിന്നു പുറത്താക്കിയ നാല് വിദ്യാർത്ഥികളെ തിരിച്ചെടുക്കാനാണ് സർവ്വകലാശാല അധികൃതർ തയ്യാറായത്. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിലും കാമ്പസിൽ വിലക്കേർപ്പെടുത്തിയതിലും മനംനൊന്താണ് രോഹിത് ആത്മഹത്യ ചെയ്തത്. സർവ്വകലാശാല അധികൃതർ സസ്‌പെൻഷൻ നേരത്തെ പിൻവലിക്കുകയായിരുന്നെങ്കിൽ ഒരുപക്ഷെ രോഹിത് ആത്മഹത്യ ചെയ്യില്ലായിരുന്നവെന്നാണ് സുഹൃത്തുക്കളും പ്രതിഷേധക്കാരും പറയുന്നത്.

എബിവിപി പ്രവർത്തകരെ രോഹിതും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ എന്നിവർക്കെതിരെയും കടുത്ത പ്രതിഷേധമാണ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നത്. ദത്താത്രേയക്കെതിരെയും ഹൈദരാബാദ് വിസിക്കെതിരെയും രോഹിത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ, രോഹിത് വെമുലയ്ക്ക് മാനസികരോഗം ആണെന്ന് ആരോപിച്ച് ഒരു ബിജെപി നേതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാലാകും രോഹിത് ആത്മഹത്യ ചെയ്തതെന്ന് വാദിച്ചത്.

കേന്ദ്രമന്ത്രിമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം പടരുന്നതിനിടെയാണു ലക്‌നോയിൽ അംബേദ്കർ സർവകലാശാലയിൽ എത്തിയ മോദിക്കെതിരെയും പ്രതിഷേധം.

PM Narendra Modi's Speech Disrupted At Ambedkar University's C...

#BREAKING | PM Narendra Modi's Speech Disrupted At Ambedkar University's Convocation Ceremony in #Lucknow

Posted by NDTV on Friday, January 22, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP