Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയുടെ ഭാര്യ ബസിൽ പോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ അനുഗമിക്കും; പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലെ അവകാശങ്ങളുടെ വിവരങ്ങൾ തിരഞ്ഞ് യശോദ ബെൻ

മോദിയുടെ ഭാര്യ ബസിൽ പോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ അനുഗമിക്കും; പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലെ അവകാശങ്ങളുടെ വിവരങ്ങൾ തിരഞ്ഞ് യശോദ ബെൻ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയാണ് യശോദബെൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയായി അംഗീകരിച്ചെങ്കിലും അതിന്റെ ഗുണമൊന്നും യശോദ ബെന്നിനില്ല. പത്ത് കമാണ്ടോകളെ സുരക്ഷയ്ക്കായി ഗുജറാത്ത് പൊലീസ് വീട്ടിലേക്ക് അയച്ചു. അവരാകട്ടെ അവരുടെ വഴിക്കാണ് പോകുന്നത്. യശോദ ബസിൽ പോകുമ്പോൾ കമാണ്ടോകൾ കാറിലും. മോദിക്കും കുടുംബത്തിനും തീവ്രവാദ ഭീഷണിയും ഉണ്ട്. അതുപോലും മോദിയുടെ ഭാര്യയ്ക്ക് ഒപ്പമുള്ള കമാണ്ടോകൾ മനസ്സിലാക്കുന്നില്ല. ഈ സാഹചര്യത്തിൽ യശോദയും നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.

സഹോദരൻ അശോക് മോദിക്കൊപ്പമാണ് യശോദയുടെ താമസം. സഹോദരിക്ക് ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപ്പര്യം. മോദി വിളിച്ചാൽ ഡൽഹിയിലേക്ക് പോകുമെന്ന് യശോദ തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും വിളി മാത്രം വന്നില്ല. അസൗകര്യങ്ങളും ഏറെയുണ്ട്. ഈ സാഹചര്യത്തിൽ യശോദ ബെന്നിനെ ഡൽഹിയിലേക്ക് മോദി കൊണ്ട് പോകണമെന്നാണ് അശോക മോദിയുടേയും ആവശ്യം. അതിന് എല്ലാ തരത്തിലും തന്റെ സഹോദരി അർഹയാണെന്ന് അശോക് മോദി പറയുന്നു. നരേന്ദ്രഭായി ഇന്ന് ആർഎസ്എസ് പ്രചാരകനല്ല. മറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഭാര്യയെ സംരക്ഷിക്കാമെന്നാണ് നിലപാട്.

അതിനിടെ തനിക്ക് അനുവദിച്ച സുരക്ഷാ ഭടന്മാരിൽ യശോദ ഒട്ടും തൃപ്തയല്ല. മുബൈയിലെ സഹോദരനെ കാണാൻ ബസിലാണ് യശോദ പോയത്. ഈ സമയത്ത് അവർക്ക് അനുവദിച്ച സുരക്ഷാ ഭടന്മാർ പൊലീസ് കാറിൽ ബസിനെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ ഇത്തരത്തിലാണോ തനിക്ക് സുരക്ഷ ഒരുക്കേണ്ടതെന്ന സംശയം അവർക്കുണ്ട്. പേരിന് മാത്രമുള്ള സുരക്ഷ നൽകി കൈകഴുകുകയാണ് സർക്കാരെന്നാണ് സംശയം. സുരക്ഷാ സംവിധാനത്തിൽ വ്യക്തത വരുത്താൽ വിവരാവകാശ നിയമത്തെ ആശ്രയിക്കുകയാണ് പ്രധാനമന്ത്രിയുടെ ഭാര്യ.

പ്രധാനമന്ത്രിയുടെ കുടുംബാഗങ്ങളുടെ സുരക്ഷാ സംബന്ധിച്ച രേഖകളും മാനദണ്ഡങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം യശോദ തിരക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻസിംഗിന്റെ ഭാര്യയ്ക്ക് കാറും സുരക്ഷാ സൗകര്യങ്ങളും സർക്കാർ നൽകിയിരുന്നു. മോദിയുടെ ഭാര്യയായ തനിക്ക് ഇതിനൊന്നിനും അവകാശമില്ലേ എന്നതാണ് യശോദ ഉയർത്തുന്ന ചോദ്യം. താൻ ബസിലും കമാണ്ടോകൾ കാറിലും യാത്ര ചെയ്താൽ സുരക്ഷ എപ്രകാരം ഉറപ്പിക്കുമെന്നാണ് ഉയർത്തുന്ന ചോദ്യം. ജീവൻ അപകടത്തിലാക്കുന്ന വിഷയമാണിത്. അതിനാൽ രണ്ട് ദിവസത്തിനകം വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും മേഹ്‌സാന പൊലീസ് സൂപ്രണ്ടിനോട് യശോദ ബെൻ ആവശ്യപ്പെട്ടു. ഏതെല്ലാം ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയതെന്നും ചോദ്യമുണ്ട്.

അതിനിടെ തന്റെ സഹോദരിക്ക് നൽകിയിരിക്കുന്ന സുരക്ഷയിൽ ഒട്ടും തൃപ്തിയില്ലെന്ന് യശോദയുടെ സഹോദരനും വ്യക്തമാക്കി. പുരുഷ കമാണ്ടോകൾ മാത്രമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതിന് പകരം സ്ത്രീ കമാണ്ടോകളെ നിയമക്കണമെന്നാണ് ആവശ്യം. മന്മോഹൻ സിംഗിന്റെ ഭാര്യയ്ക്ക് അനുവദിച്ച എല്ലാ സൗകര്യങ്ങളും സഹോദരിക്ക് നൽകണമെന്നും അശോക് മോദി ആവശ്യപ്പെട്ടു. അതിനിടെ യശോദാ ബെന്നിന്റെ വിവരാവകാശ ചോദ്യങ്ങൾക്ക് എത്രയും വേഗം മറുപടി നൽകുമെന്ന് പൊലീസ് വൃത്തങ്ങളും അറിയിച്ചു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനായി വഡോദരയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് യശോദ ബെൻ തന്റെ ഭാര്യയാണെന്ന് മോദി അംഗീകരിച്ചത്. 1968ൽ കൗമാരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് നാടുവിട്ടു പോയ മോദി ഒരിക്കലും ഭാര്യയോടൊത്ത് ജീവിച്ചിരുന്നില്ല. പ്രധാനമന്ത്രിയായ ശേഷവും യശോദയെ മോദി വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സ്‌കൂൾ അദ്ധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദ ബെൻ നിലവിൽ തന്റെ സഹോദരന്മാരോടൊത്ത് ഗുജറാത്തിലാണ് താമസം. മോദിയോട് ഒരു പരിഭവമില്ലെന്നും യശോദ വ്യക്തമാക്കിയിട്ടുണ്ട്.

1968 മെയ് 10നായിരുന്നു യശോദയെ മോദി താലികെട്ടിയത്. അന്ന് പതിനാറ് വയസ്സായിരുന്നു യശോദയുടെ പ്രായം. വീട്ടുകാരുടെ നിർബന്ധത്തിലാണ് മോദി കല്ല്യാണത്തിന് സമ്മതിച്ചത്. അധികം വൈകാതെ ആർഎസ്എസ് പ്രവർത്തനവുമായി മോദി സ്ഥലം വിട്ടു. മൂന്ന് വർഷത്തോളം മോദിയുടെ വീട്ടിലായിരുന്നു യശോദ കഴിഞ്ഞത്. പിന്നീട് സ്വന്തം സഹോദരങ്ങൾക്കൊപ്പം മാറി. എന്നാലും മോദിയോടുള്ള ഭക്തി കൈവിട്ടില്ല. ഭർത്താവിന്റെ വാക്ക് ഉൾക്കൊണ്ടാണ് അദ്ധ്യാപക പരിശീലന കോഴ്‌സിന് ചേർന്നതും ജോലി നേടിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP