Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യമെങ്ങും ട്രാഫിക് ക്യാമറകൾ; നിയമം ലംഘിക്കുന്നവർക്ക് ലൈസൻസിൽ പിഴ പോയിന്റ്; മദ്യപിച്ച് വണ്ടി ഓടിക്കുന്നവർ നേരെ ജയിലിലേക്ക്: ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ ബ്രിട്ടീഷ് മാതൃകയിൽ പൊളിച്ചെഴുതും

രാജ്യമെങ്ങും ട്രാഫിക് ക്യാമറകൾ; നിയമം ലംഘിക്കുന്നവർക്ക് ലൈസൻസിൽ പിഴ പോയിന്റ്; മദ്യപിച്ച് വണ്ടി ഓടിക്കുന്നവർ നേരെ ജയിലിലേക്ക്: ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ ബ്രിട്ടീഷ് മാതൃകയിൽ പൊളിച്ചെഴുതും

ന്യൂഡൽഹി: പൊതു റോഡുകൾ തന്റേത് മാത്രമാണ് എന്ന് വിശ്വസിച്ച് തോന്നിയതു പോലെ വാഹനം ഓടിക്കുന്നവരൊക്കെ ഇനി അഴിയെണ്ണിയെന്നു വരും. കടുത്ത ഗതാഗത നിയമങ്ങൾ നില നിൽക്കുന്ന ബ്രിട്ടീഷ് മോഡലിൽ ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ പൊളിച്ചെഴുതുമെന്ന ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ ഇന്നലത്തെ പ്രഖ്യാപനം മോദി സർക്കാരിന്റെ പരിഷ്‌കരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായേക്കും. അപകട കാരണങ്ങളിൽ മുഖ്യമായവ കണ്ടെത്തി അവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് സർക്കാരുമായി ചേർന്നാണ് ഗഡ്കരിയുടെ പോരാട്ടം. ഇതനുസരിച്ച് പഴകിയ മോട്ടോർ വാഹന നിയമം പൊളിച്ചെഴുതും. ആർടിഒ ഓഫീസുകൾ അടക്കമുള്ള സമ്പ്രദായങ്ങൾ നിർത്തലാക്കും. ഉദ്യോഗസ്ഥർക്ക് അഴമതി നടത്താൻ ഉള്ള സർവ അവസരങ്ങളും ഇല്ലാതാക്കും.

ബ്രിട്ടീഷ് മോഡലിൽ ഡ്രൈവിങ് ലൈസൻസിൽ പിഴ പോയിന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാവും ഏറ്റവും പ്രധാന പരിഷ്‌ക്കാരം. ഇതനുസരിച്ച് ഓരോ ഡ്രൈവിങ് നിയമ ലംഘനവും സംഭവിക്കുമ്പോൾ ഒരു നിശ്ചിത പിഴ ലൈസൻസിൽ നൽകും. സർക്കാർ നിശ്ചയിക്കുന്ന എണ്ണത്തിൽ അധികം പിഴ വന്നു കഴിയുമ്പോൾ ലൈസൻസ് റദ്ദാകും. വീണ്ടും ലൈസൻസ് കിട്ടണമെങ്കിൽ നിശ്ചിത കാലയളവിലിന് ശേഷമേ ശ്രമിക്കാൻ പറ്റൂ. എന്നാൽ കൂടുതൽ ഗുരുതരമായ കടമ്പകൾ കടന്നാലെ റീടെസ്റ്റ് പാസ്സാകാൻ പറ്റൂ. മദ്യപിച്ച് വണ്ടി ഓടിക്കുക മുതലായ കുറ്റങ്ങൾ പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാൽ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്ത് നേര ജയിലിൽ അടക്കാനും നിയമത്തിൽ വകുപ്പുണ്ടാകും. ബ്രിട്ടണിലെ ഇത്തരം കർക്കശ നിയമങ്ങൾ നിലവിൽ ഉണ്ട്. ഓവർസ്പീഡ്, റെഡ്‌ലൈറ്റ് ജംപ് തുടങ്ങിയ സാധാരണ ട്രാഫിക് പിഴവുകൾക്ക് മൂന്ന് പോയിന്റാണ് ബ്രിട്ടണിൽ നൽകുക. ഇത്തരം 12 പോയിന്റുകൾ വരുമ്പോൾ ലൈസൻസ് റദ്ദാകും. ഇത് തന്നെയാണോ ഇന്ത്യയിലും നടപ്പിലാക്കുക എന്ന് വ്യക്തമല്ല.

അഴിമതിയുടെ കൂത്തരങ്ങിന്റെ വേദികളായി മാറിയ റോഡ് ട്രാൻസ്‌പോർട്ട് ഓഫീസുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനം വളരെ സുപ്രധാനമാണ.് പെർമിറ്റും വാഹന സംബന്ധിയായ മറ്റു സേവനങ്ങളും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പരിഷ്‌ക്കാരങ്ങൾ ഫലത്തിൽ സാധാരണക്കാരാന് ഏറെ ഗുണം ചെയ്യും. ട്രാഫിക് കുറ്റങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു രാജ്യസഭ 2012 മേയിൽ പാസാക്കിയ ബിൽ വീണ്ടും പരിഷ്‌കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് തന്നെ പണമുണ്ടെങ്കിൽ ലൈസൻസ് സുന്ദരമായി സംഘടിപ്പിക്കാമെന്ന വിധത്തിലാണ് ആർടിഒകളിൽ കൈകൂലി അരങ്ങുവാഴുന്നത്. ഈ അഴിമതിയെ തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ശ്രമം. നടപടികൾ സുതാര്യമാക്കുന്നതു വഴി അഴിമതി തടയാമെന്നാണ് കണക്കുകൂട്ടൽ. ഇ-ഗവേണൻസ് നടപ്പാക്കി ആർടിഒകളിലെ അഴിമതി അവസാനിപ്പിക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണു തന്റെ വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളെ മാതൃകയാക്കുമ്പോൾ രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടി വരിക. ഇന്ത്യൻ റോഡുകളടെ പരിതാപകരമായ അവസ്ഥയും ട്രാഫിക് നിയമലംഘനത്തിന് കാരണമാകാറുണ്ട്. ഇതിനിടെ ബ്രിട്ടീഷ് മാതൃകയാണ് ഇന്ത്യക്ക് അനുയോജ്യമെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയിംസ് ബെവനുമായി ഗഡ്കരി ചർച്ച നടത്തി. ബ്രിട്ടനിലെ ട്രാഫിക് മാനേജ്‌മെന്റ് നിയമത്തിലെ പല വ്യവസ്ഥകളും ഇന്ത്യയിലും പകർത്താനാകുമെന്നാണ് ഇവർ വിലയിരുത്തിയത്.

അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ബൈക്ക് യാത്ര തുടങ്ങിയവയാണ് അപകടമരണങ്ങൾക്കു പ്രധാന കാരണങ്ങൾ. റോഡുകളുടെ മോശം സ്ഥിതി മൂലം രണ്ടു ശതമാനത്തിൽ താഴെ അപകടങ്ങളേ സംഭവിക്കുന്നുള്ളൂവെന്നാണു റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ട്രാഫിക് ലൈറ്റുകൾ മാനിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കു പിഴ ഉയർത്താനാണ് ആലോചനയെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ട്രാഫിക് ലൈറ്റുകൾക്കൊപ്പം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന രീതി വ്യാപകമാക്കും. നിയമം ലംഘിക്കുന്നവർക്കു നോട്ടിസ് വീട്ടിൽ ലഭിക്കും. ഇതു വേണമെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാം. കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചാൽ ആദ്യം നോട്ടിസിൽ നിർദേശിച്ചതിന്റെ മൂന്നിരട്ടി തുക പിഴയിനത്തിൽ നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴയായി ഈടാക്കുന്ന തുക, നിയമലംഘകരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന രീതി ബ്രിട്ടനിലുണ്ട്. അത് ഇന്ത്യയിലും നടപ്പാക്കാനാണ് ആലോചനയുണ്ട്.

അതേസമയം ആർടിഒകൾ നിർത്തലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ അടക്കം ഉദ്യോഗസ്ഥർക്ക് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ആകെ 75 റോഡ് ട്രാൻസ്‌പോർട്ട് ഓഫിസുകളാണുള്ളത് - 18 ആർ.ടി. ഓഫിസുകളും 57 സബ് ഓഫിസുകളും. ഗതാഗത പരിഷ്‌ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ വൻ അഴിമതുടെ വഴിയടയുമെന്ന കാര്യവും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP