ഐസിസി അധ്യക്ഷൻ ശ്രീനിവാസനെതിരെ ആരോപണവുമായി മകൻ; കല്ല്യാണം കഴിക്കാൻ അച്ഛന്റെ ഭീഷണി; സ്വവർഗ്ഗാനുരാഗിയായ തനിക്ക് സ്വത്ത് നൽകുന്നില്ലെന്നും അശ്വിൻ ശ്രീനിവാസൻ
May 05, 2015 | 07:29 AM IST | Permalink

ന്യൂഡൽഹി: എൻ ശ്രീനിവാസന് കഷ്ടകാലം തീരുന്നില്ല. ബിസിസിഐയിലെ മുൻതൂക്കം നഷ്ടമായതിന് പിന്നാലെ കുടുംബത്തിലും പ്രശ്‌നങ്ങൾ. ബി.സി.സി.ഐ മുൻ അധ്യക്ഷനും ഐ.സി.സി ചെയർമാനുമായ എൻ. ശ്രീനിവാസനെതിരെ സ്വവർഗാനുരാഗിയായ മകൻ അശ്വിൻ ശ്രീനിവാസൻ രംഗത്തു വന്നു. കുടുംബ പരമ്പര നിലനിർത്തുന്നതിന് സ്വവർഗാനുരാഗിയായ തന്നെ അച്ഛൻ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നാണ് അശ്വിന്റെ ആരോപണം. ദേശീയ ദിനപ്പത്രമായ ഡി.എൻ.എയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വിൻ ശ്രീനിവാസൻ അച്ഛനെതിരെ രംഗത്ത് വന്നത്.
അവി മുഖർജി എന്ന സ്വവർഗാനുരാഗിയായ ജീവിത പങ്കാളിക്കൊപ്പമാണ് അശ്വിൻ ഇപ്പോൾ താമസിക്കുന്നത്. തനിക്ക് അർഹതപ്പെട്ട കുടുംബ സ്വത്ത് നൽകി അവിയ്‌ക്കൊപ്പം ജീവിക്കാൻ അച്ഛൻ അനുവദിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. മക്കളുണ്ടാകുന്നതിനായി അശ്വിൻ വിവാഹിതനാകണമെന്നാണ് ശ്രീനിവാസന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലെ ശ്രീനിവാസന്റെ വീടിന് സമീപത്തുള്ള ടോണി ഫസ്റ്റ് അവന്യുവിൽ തന്നെയും അവി മുഖർജിയെയും ശ്രീനിവാസൻ തടങ്കലിൽ വച്ച് പീഡിപ്പിച്ചുവെന്നും അശ്വിൻ പറഞ്ഞു. ഇതിന് തെളിവായി എൻ. ശ്രീനിവാസൻ എഴുതിയ നിരവധി കത്തുകളും അശ്വിൻ പുറത്തുവിട്ടു. 2007-08 കാലഘട്ടത്തിൽ ശ്രീനിവാസൻ എഴുതിയ കത്തുകളാണ് അശ്വിൻ പുറത്തുവിട്ടത്.
താൻ ഏറെ കഷ്ടപ്പെട്ടാണ് പണം സമ്പാദിച്ചത്. തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ഒരു അനന്തരാവകാശിയെ വേണം. അതിനായി തങ്ങൾക്ക് കൂടി അംഗീകരിക്കാനാകുന്ന ഒരു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് ശ്രീനിവാസൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തന്റെ പ്രതീക്ഷ മുഴുവൻ ഏക മകനിലായ അശ്വിനിലാണെന്നും അദ്ദേഹം പറയുന്നു. സ്വവർഗാനുരാഗം ഉപേക്ഷിച്ച് തിരിച്ചു വന്നാൽ ഇന്ത്യ സിമന്റ്‌സിന്റെ ബോർഡ് അംഗമാക്കാമെന്നും ശ്രീനിവാസൻ വാഗ്ദാനം ചെയ്യുന്നു. അച്ഛന്റെ ആവശ്യങ്ങൾ നിരസിച്ചുകൊണ്ട് അശ്വിൻ അയച്ച കത്തിന് ശ്രീനിവാസൻ അയച്ച മറുപടി കത്തും അശ്വിൻ പുറത്തു വിട്ടിട്ടുണ്ട്.
അശ്വിന്റെ ജീവിത പങ്കാളിയായ അവി മുഖർജി ക്രിമിനലാണെന്നാണ് മറുപടി കത്തിലെ ആരോപണം. അവി മുഖർജിയുടെ കണ്ണ് തന്റെ സ്വത്തിലാണെന്നും ശ്രീനിവാസൻ ആരോപിക്കുന്നു. അതേസമയം നിരന്തര സമ്മർദ്ദത്തിനും തന്റെ മനസ് മാറ്റാനാകില്ലെന്ന് വ്യക്തമായതോടെ ഇപ്പോൾ ശ്രീനിവാസൻ അക്രമത്തിലൂടെ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അശ്വിൻ ആരോപിച്ചു. തന്റെ വീട്ടിലെ കതകിൽ കേൾക്കുന്ന ഓരോ ശബ്ദവും മരണത്തെയാണ് ഓർമിപ്പിക്കുന്നത്. തന്നെ വകവരുത്താൻ ശ്രീനിവാസൻ എന്തും ചെയ്യുമെന്നും അശ്വൻ പറയുന്നു. എന്നാൽ ആരോപണങ്ങളോട് ശ്രീനിവാസൻ പ്രതികരിച്ചിട്ടില്ല.
ഐപിഎൽ വാതുവയ്‌പ്പ് കേസ് പുറത്തുവന്നതു മുതൽ വിവാദങ്ങൾക്കൊപ്പമാണ് ശ്രീനിവാസന്റെ യാത്ര. മരുമകൻ ഗുരുനാഥ് മെയ്യപ്പൻ വാതുവയ്‌പ്പിൽ കുടുങ്ങി. ശ്രീനിവാസന് ബിസിസിഐ അധ്യക്ഷ സ്ഥാനവും നഷ്ടമായി. ഇതിനൊപ്പമാണ് പുതിയ വിവാദം.