Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടർമാർ, എൻജിനിയർമാർ, സിഎക്കാർ, ഒളിമ്പിക് മെഡലിസ്റ്റ്... മോദി തിരഞ്ഞെടുത്തത് ഇന്ത്യയുടെ മുഖം മാറ്റാൻ ശേഷിയുള്ള പ്രഗത്ഭരെ; മുണ്ടുതറ്റുടുത്ത് ഡൽഹി ഭരിച്ചിരുന്ന കാരണവന്മാരുടെ കാലം കഴിയുന്നു

ഡോക്ടർമാർ, എൻജിനിയർമാർ, സിഎക്കാർ, ഒളിമ്പിക് മെഡലിസ്റ്റ്... മോദി തിരഞ്ഞെടുത്തത് ഇന്ത്യയുടെ മുഖം മാറ്റാൻ ശേഷിയുള്ള പ്രഗത്ഭരെ; മുണ്ടുതറ്റുടുത്ത് ഡൽഹി ഭരിച്ചിരുന്ന കാരണവന്മാരുടെ കാലം കഴിയുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. തന്റെ ആദ്യ മന്ത്രിസഭാ വികസനത്തിൽ മോദി അതിനുള്ള സൂചനകൾ നൽകുകയും ചെയ്തു. കഴിവ് തെളിയിച്ചയാളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഡൽഹിയിലെ ഭരണസംവിധാനം തന്നെ ഉടച്ചുവാർക്കാനുള്ള നീക്കത്തിലാണ് താനെന്ന് മോദിയുടെ മന്ത്രിസഭാ വികസനം തെളിയിക്കുന്നു. ഒരു ഡോക്ടറും ഒരു എൻജിനിയറും ഒരു സി.എ.ക്കാരനും ഒളിമ്പിക് മെഡലിസ്റ്റുമുൾപ്പെടുന്നതാണ് മോദിയുടെ പുതിയ മന്ത്രിസംഘം.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വികസനതന്ത്രങ്ങളെയും പരിഷ്‌കരിക്കാൻ ശേഷിയുള്ള പ്രൊഫഷണലുകളെയാണ് മോദി തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കാർ, പ്രശസ്തമായ മുംബൈ ഐ.ഐ.ടിയിൽനിന്നുള്ള ബിരുദധാരിയാണ്. റെയിൽവേ മന്ത്രിയായ സുരേഷ് പ്രഭു ചാർട്ടേഡ് അക്കൗണ്ടന്റായി പ്രതിഭ തെളിയിച്ചയാളാണ്. മോദിയുടെ സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളിലെ മുഖ്യപങ്കാളി കൂടിയാണ് പ്രഭു.

ധനകാര്യ സഹമന്ത്രിയായി നിയോഗിക്കപ്പെട്ട ജയന്ത് സിൻഹ ഐഐടിയിൽനിന്നും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നും പഠനം പൂർത്തിയാക്കിയയാളാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാൻ, ജയന്ത് സിൻഹയുടെ പ്രായോഗികജ്ഞാനം ഉപകരിക്കുമെന്നുതന്നെ മോദി കരുതുന്നു. 

സ്വതന്ത്ര ചുമതലയുള്ള മന്ത്രി മഹേഷ് ശർമയും ശാസ്ത്ര സാങ്കിതിക മന്ത്രി ഹർഷവർധനും അറിയപ്പെടുന്ന ഡോക്ടർമാരാണ്. റെയിൽവേ സഹമന്ത്രി മനോജ് സിൻഹയും മുൻ ഐഐടി ബിരുദധാരിയാണ്. തീരുമാനങ്ങൾ തന്റേത് മാത്രമാകുമെന്ന സൂചന തന്നെയാണ് മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നത്. തന്റെ വിശ്വസ്തരെയെല്ലാം ഒപ്പം നിർത്തും. എന്നാൽ ഇടഞ്ഞു നിൽക്കുന്നവരെ അകറ്റി തന്നെ നിർത്തും. രാജീവ് പ്രതാപ് റൂഡി പൈലറ്റാണ്.

മോദി സർക്കാരിന് ആരും അനിവാര്യരല്ലെന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ പിന്തുണച്ചവരെയൊന്നും മോദി മറന്നിട്ടുമില്ല. ഒപ്പം സാമ്പത്തിക മുന്നേറ്റത്തിനും വികസന നിർദ്ദേശങ്ങൾ ഒരുക്കാനും കഴിയുന്ന യഥാർത്ഥ പ്രൊഫഷണലുകളെ തന്റെ ടീമിന്റെ ഭാഗമാക്കുകയാണ് മോദി. ജനപ്രിയരായ പ്രൊഫഷണലുകളെയാണ് ഇതിന് കണ്ടെത്തിയിരിക്കുന്നതും.

സുരേഷ് പ്രഭു

വാജ്‌പേയ് മന്ത്രിസഭയിലെ ഊർജസ്വലനായ മന്ത്രി എന്ന പേരു സമ്പാദിച്ച സുരേഷ് പ്രഭു ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. മോദി പ്രധാനമന്ത്രി ആയപ്പോൾ കൊങ്കൺ മേഖലയിൽനിന്നുള്ള ഈ ശിവസേന നേതാവിനെ ഊർജമേഖല നവീകരിക്കാനുള്ള കമ്മിറ്റിയിൽ അംഗമാക്കി. മോദിയുടെ 'ഷെർപ എന്ന് അറിയപ്പെട്ടു. നിലവിൽ എംപി അല്ല. മഹാരാഷ്ട്രയിലെ രാജാപ്പുർ മണ്ഡലത്തിൽനിന്ന് നാലുതവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ വ്യവസായം, വനം, പരിസ്ഥിതി, രാസവളം, ഊർജം, ഘനവ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതലവഹിച്ചു.

ജി-20 ഉച്ചകോടിക്ക് മുന്നോടിയായി മോദിക്കായി തന്ത്രങ്ങൾ ഒരുക്കിയത് സുരേഷ് പ്രഭുവാണ്. വാജ്‌പേയ് മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയായിരിക്കെ വൈദ്യുത മേഖലയിൽ സമൂല പരിഷ്‌കരണം നടപ്പിലാക്കി. എന്തുകൊണ്ട് പരിഷ്‌കരണ വാദിയായ പ്രൊഫഷണിലനെയാണ് റെയിൽവേ വകുപ്പ് മോദി ഏൽപ്പിക്കുന്നത്. തന്റെ വികസന മന്ത്രം ജനങ്ങളിലെത്തിക്കാൻ റെയിൽ പാളങ്ങളിലൂടെ കഴിയുമെന്നാണ് മോദിയുടെ വിലയിരുത്തൽ. വിശ്വസ്തനായ സദാനന്ദ ഗൗഡയുടെ പ്രവർത്തനങ്ങൾ അതിനുതകുന്നതല്ലെന്ന് മോദി തിരിച്ചറിഞ്ഞു. അതുകൊണ്ട് കൂടിയാണ് തന്ത്രങ്ങളും കണക്കുകളും വശമുള്ള സിഐക്കാരനെ റെയിൽവേ ഏൽപ്പിക്കുന്നതും.

ശിവസേനയുടെ എതിർപ്പുകൾ പോലും കണ്ടില്ലെന്ന് നടിച്ചാണ് സുരേഷ് പ്രഭുവിനെ മോദി മന്ത്രിസഭയിലെത്തിക്കുന്നത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം എന്തോ സുരേഷ് പ്രഭുവിന്റെ സ്ഥാനലബ്ദിയിലുണ്ടെന്ന് വ്യക്തം.

മനോഹർ പരീക്കർ

മൂന്നുവട്ടം ഗോവ മുഖ്യമന്ത്രി ആയ മനോഹർ ഗോപാലകൃഷ്ണ പരീക്കർ സംശുദ്ധ പ്രതിഛായയുടെ ഉടമ. മുംബൈ ഐഐടിയിൽനിന്നു ബിരുദം. ഈ യോഗ്യതയുമായി ആദ്യം മുഖ്യമന്ത്രിയായ വ്യക്തി. ആർഎസ്എസ് പ്രചാരകൻ. മോദിയുടെ ഏറ്റവും അടുപ്പക്കാരൻ. 2012ൽ ഗോവയിൽ പെട്രോളിന്റെ വില 11 രൂപ കുറച്ച് ശ്രദ്ധേയനായി. ഗോവയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ ലഭിക്കുന്ന ആദ്യ ക്യാബിനറ്റ് മന്ത്രി കൂടിയാണ് പരീക്കർ.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മോദിയാകണം നേതാവ് എന്ന് വ്യക്തമാക്കിയ വ്യക്തിയാണ് മനോഹർ പരീക്കർ. അദ്വാനി പക്ഷം മോദിക്കെതിരെ നടത്തിയ നീക്കങ്ങളേയും പരീക്കർ ശക്തിയായി എതിർത്തും. അന്നു മുതൽ മോദിയുടെ വിശ്വസത്‌നാണ് പരീക്കർ. ഗോവാ മുഖ്യമന്ത്രിക്ക് തന്നെ കൈയും മെയ്യും മറന്ന് സഹായിക്കേണ്ട അവസ്ഥയില്ലെന്ന് മോദി അന്ന് വിശ്വസിച്ചിരുന്നു. അത് വിശ്വാസം പ്രധാനമന്ത്രിയായപ്പോഴും തുടരുന്നു. പ്രതിരോധ വകുപ്പ് പരീക്കറിന് നൽകി മന്ത്രിസഭയിലെ മൂന്നാമൻ ആരെന്ന ചോദ്യവും സജീവമാക്കൂന്നു.

ജെ പി നദ്ദ

ഏതു കടുത്ത പ്രതിസന്ധിയെയും സൗമ്യതയോടെ നേരിടുന്ന നേതാവാണ് ജിപി നദ്ദ.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവരുടെ വിശ്വസ്തൻ. മോദി പ്രധാനമന്ത്രിയായപ്പോൾ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച ആദി പേരുകാൻ. എന്നാൽ അമിത് ഷായ്ക്ക് മുൻതൂക്കം നൽകിയപ്പോൾ നദ്ദയുടെ അവസരം നഷ്ടമായി. മോദിയുടെ വിശ്വസ്തൻ ആർഎസ്എസിനും പ്രിയങ്കരൻ. 1991ൽ യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ആയി. രാജ്യസഭാംഗമാണ്. പട്‌നയിൽ ജനിച്ച് ഹിമാചൽപ്രദേശിൽ മന്ത്രിയായ നദ്ദയെ ബിജെപിയുടെ ഭാവി നേതാവായാണ് വിശേഷിപ്പിക്കുന്നത്

ചൗധരി ബീരേന്ദ്രസിങ്

കോൺഗ്രസ് വിട്ടെത്തിയ ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവ്. പ്രമുഖ കർഷകനേതാവ് ചോട്ടു റാമിന്റെ കൊച്ചുമകൻ. 2010ൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായി. മന്മോഹൻ മന്ത്രിസഭയിൽ സ്ഥാനംകിട്ടാതെ കലഹിച്ച ബീരേന്ദർ സിങ്ങിനെ വർക്കിങ് കമ്മിറ്റി അംഗമാക്കിയെങ്കിലും പാർട്ടി വിട്ടു. ഹരിയാനയിലെ ഏറ്റവും പ്രബലമായ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് നേടിക്കൊടുത്തു. 2004ൽ ഹരിയാണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.

ഗായകനും പ്ലബംറും മന്ത്രിസഭയിൽ, കോടീശ്വരൻ മാത്രമല്ല സന്യാസിയുമുണ്ട്

ബാബുൽ സുപ്രിയോ ബംഗാളിലെ പ്രസിദ്ധ ചലച്ചിത്രഗായകനും. ജയന്ത് സിൻഹ, കേണൽ രാജ്യവർധൻ സിങ് റാത്തോഡ്, ഗിരിരാജ് സിങ്, മഹേഷ് ശർമ, മോഹൻ കുന്ദാരിയ, സൻവർലാൽ ജാട്ട്, ബാബുൽ സുപ്രിയോ, സാധ്വി നിരഞ്ജൻ ജ്യോതി, വിജയ് സാംപ്ല എന്നിവർ ആദ്യമായി പാർലമെന്റിലെത്തിയവരാണ്. ആദ്യ പുനഃസംഘടനയിൽത്തന്നെ ഇവർക്ക് മന്ത്രിസഭയിൽ ഇടം കിട്ടി.

മന്ത്രി വിജയ് സാംപ്ല രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് സൗദിയിൽ പ്ലംബർ ആയിരുന്നു. ഉമാഭാരതിക്ക് പിന്നാലെ മറ്റൊരു സന്ന്യാസിനി കൂടി മന്ത്രിസഭയിൽ എത്തി. 47കാരിയായ സാധ്വി നിരഞ്ജൻ ജ്യോതി. ഉത്തർപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമാണ് അവർ. ശതകോടീശ്വരന്മാർക്കും മന്ത്രിസഭയിൽ ഇടം കിട്ടി. തെലുഗുദേശം മന്ത്രി വൈ.എസ്. ചൗധരി വൻവ്യവസായിയാണ്. 190 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ഇപ്പോഴും കുഞ്ഞൻ മന്ത്രിസഭ

ആദ്യ പുനഃസംഘടന വഴി മോദി മന്ത്രിസഭയുടെ അംഗ സംഖ്യ 66 ആയി ഉയർന്നു. പത്ത് പേരെ മന്ത്രിസഭയിലെടുക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പുകളും മറ്റും കണ്ട് പരമാവധി ജനപ്രിയരെ മന്ത്രിസഭയിലേക്ക് എടുത്തു. അങ്ങനെ 21 പേർ മന്ത്രിസഭയുടെ ഭാഗമായി. എന്നിന്നിട്ടും മുൻ സർക്കാരുകളെക്കാൾ വലുപ്പത്തിൽ ചെറുത്. മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സർക്കാരിന്റെ അംഗ സംഖ്യ അവസാന പുനഃസംഘടനയോടെ 78 ൽ എത്തിയിരുന്നു. 56 അംഗങ്ങളുമായി തുടങ്ങിയ വാജ്‌പേയിയുടെ എൻ.ഡി.എ. സർക്കാരിൽ അവസാനം മന്ത്രിമാരുടെ എണ്ണം 88 ആയി ഉയർന്നു.

മോദി സർക്കാരിൽ പ്രധാനമന്ത്രിയടക്കം 27 പേർ കാബിനറ്റ് റാങ്കുള്ളവരാണ്. സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ 13, സഹമന്ത്രിമാർ 26. മന്മോഹൻ സിങ് മന്ത്രിസഭയിൽ 33 പേർക്ക് കാബിനറ്റ് റാങ്കുണ്ടായിരുന്നപ്പോൾ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ 12 പേരും 33 പേർ സഹമന്ത്രിമാരുമായിരുന്നു. 26 കാബിനറ്റ് മന്ത്രിമാരും എട്ട് സ്വതന്ത്രചുമലതയുള്ള സഹമന്ത്രിമാരും 22 സഹമന്ത്രിമാരുമുണ്ടായിരുന്ന വാജ്‌പേയി മന്ത്രിസഭ വിപുലീകരണത്തിന്റെ അവസാന ഘട്ടത്തിൽ 88 പേരുള്ള ജംബോ സംഘമായി മാറിയിരുന്നു.

വനിതാ പ്രാതിനിധ്യം എട്ട്

പുതുതായി രൂപവത്കരിച്ച തെലങ്കാനയുടെ ആദ്യത്തെ കേന്ദ്രമന്ത്രിയെന്ന ബഹുമതി ബണ്ഡാരു ദത്താത്രേയയ്ക്ക് സ്വന്തം. ഉത്തർ പ്രദേശിൽ നിന്നാണ് ആദ്യമന്ത്രിസഭാ വികസനത്തിലെ കൂടുതൽ പ്രതിനിധികളും. ബിഹാറിൽനിന്ന് മൂന്നു പേരും. ഡോ. മഹേഷ് ശർമ, മുഖ്താർ അബ്ബാസ് നഖ്വി, രാംശങ്കർ കതേരിയ, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവർകൂടി മന്ത്രിമാരായതോടെ ഉത്തർപ്രദേശിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം 13 ആയി. രാജീവ് പ്രതാപ് റൂഡി, രാം കൃപാൽ യാദവ്, ഗിരിരാജ് സിങ് എന്നിവർ കൂടിയായതോടെ ബിഹാറിന്റെ പ്രാതിനിധ്യം എട്ടായി.

ഉത്തർപ്രദേശിലെ ഫത്തേപ്പുർ മണ്ഡലത്തിൽനിന്നുള്ള സാധ്വി നിരഞ്ജൻ ജ്യോതിയുംകൂടി വരുന്നതോടെ കേന്ദ്ര മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം എട്ടായി ഉയരും. സുഷമാ സ്വരാജ്, ഉമാഭാരതി, നജ്മാ ഹെപ്ത്തുള്ള, മേനകാ ഗാന്ധി, ഹർസിമൃത് കൗർ, സ്മൃതി ഇറാനി എന്നിവരാണ് ക്യാബിനറ്റ് റാങ്കിലുള്ളവർ. സ്വതന്ത്രചുമതലയുള്ള മന്ത്രിയാണ് നിർമലാ സീതാരാമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP