Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ നിരക്ക് ഉയർത്തിയെന്ന് വ്യാജപ്രചരണം ശക്തം; പരിഷ്‌ക്കാരങ്ങൾ പാർലമെന്റിൽ പാസായ ശേഷം; 40 വയസു കഴിഞ്ഞാൽ വീണ്ടും പലതവണ ഡ്രൈവിങ് ടെസ്റ്റ് പാസാകണം

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ നിരക്ക് ഉയർത്തിയെന്ന് വ്യാജപ്രചരണം ശക്തം; പരിഷ്‌ക്കാരങ്ങൾ പാർലമെന്റിൽ പാസായ ശേഷം; 40 വയസു കഴിഞ്ഞാൽ വീണ്ടും പലതവണ ഡ്രൈവിങ് ടെസ്റ്റ് പാസാകണം

തിരുവനന്തപുരം: രാജ്യത്തെ ഗതാഗത നിയമങ്ങൾ ഉടച്ചുവാർക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ കരട് രേഖകൾ തയ്യാറാക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകളും പുറത്തുവന്നിരന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയും കനത്ത പിഴയും ഈടാക്കുന്നത് അടക്കമുള്ള കർക്കശ വ്യവസ്ഥകൾ ഈ നിയമങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ഇനിയും പാസാകാത്ത ഈ നിയമത്തിന്റെ പേരിൽ കേരളത്തിൽ വ്യാജപ്രചരണങ്ങലും ശക്തമാണ്. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ നിരക്ക് വർദ്ധിപ്പിച്ചുവെന്ന തരത്തിലാണ് പ്രചരണം ശക്തം. ആർടിഒ ഓഫീസുകളെ അപ്രസക്തമാക്കുന്ന വിധത്തിലുള്ള ഗതാഗത പരിഷ്‌ക്കരണങ്ങളാണ് ഏർപ്പെടുത്തുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മേശപ്പുറത്തുവച്ച് പാസാക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാടെക്കുന്നത്.

റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് സേഫ്റ്റി ബിൽ 2014ന്റെ കരട് രൂപം പ്രധാനമായും തയ്യാറാക്കുന്നത് നിയമലംഘനങ്ങൾ പതിവാക്കിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്. പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് അഞ്ചുവർഷത്തിലൊരിക്കൽ എടുക്കേണ്ടിവരും. ലൈസൻസ് സംവിധാനത്തിൽ കാതലായ മാറ്റങ്ങളും നിയമത്തിലുണ്ട്. സ്റ്റേജ് കാര്യേജുകൾക്ക് പ്രത്യേക നിർവചനമില്ലാത്തതിനാൽ നിലവിൽ കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക പരിരക്ഷയും പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും.

സ്വകാര്യവാഹനങ്ങൾ അഞ്ചുവർഷത്തിലൊരിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിലവിൽ ഇത് 15 വർഷമായിരുന്നു. സാധാരണ രീതിക്ക് വ്യത്യസ്തമായി ഓട്ടോമാറ്റഡ് സംവിധാനങ്ങളുള്ള ടെസ്റ്റിങ് കേന്ദ്രങ്ങളിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാനാകൂ. കേരളത്തിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ സ്വകാര്യമേഖലയിൽ മാത്രമേ ഇത് ചെയ്യാനാകൂ. സ്വകാര്യ മേഖലയുടെ കടന്നുകയറ്റവും ചൂഷണവും വാഹന ഗതാഗത മേഖലയിൽ വ്യാപകമാകാൻ ഇത് വഴിവെക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർതന്നെ ആശങ്കപ്പെടുന്നത്. ഇവിടെ ആരായിരിക്കും ടെസ്റ്റ് നിയന്ത്രിക്കുക എന്നും വ്യക്തമല്ല.

സ്വകാര്യസ്ഥാപനങ്ങളുടെ വർക്ഷോപ്പുകളിൽ അവർ നിർദേശിക്കുന്ന സ്‌പെയർ പാർട്‌സുകൾ ഉപയോഗിച്ച് പണിതീർത്താൽ മാത്രം ഫിറ്റ്‌നസ് ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് ആശങ്ക. ലൈസൻസ് നൽകുന്ന കാര്യത്തിലും കാതലായ മാറ്റമാണ് നിയമം അനുശാസിക്കുന്നത്. നിലവിൽ പരമാവധി 20 വർഷമോ 50 വയസ്സുവരെയോ ആണ് ലൈസൻസ് കാലാവധി. എന്നാൽ പുതിയ നിയമപ്രകാരം ഇത് 40 വയസ്സുവരെയാകും. പിന്നീട് രണ്ടുതവണ 10 വർഷം വീതവും 60 വയസ്സിനുശേഷം അഞ്ചുവർഷം വീതവുമാണ് ലൈസൻസ് പുതുക്കി നൽകുക.

ഓരോതവണയും ലൈസൻസ് പുതുക്കിനൽകുമ്പോൾ ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് പുറമെ വാഹനമോടിച്ച് കാണിച്ചുകൊടുക്കണമെന്നതാണ് പുതിയ വ്യവസ്ഥ. നിലവിൽ ലൈസൻസ് എടുക്കുമ്പോൾ മാത്രമാണ് വാഹനമോടിച്ച് കാണിക്കേണ്ടത്. 50ഉം 60ഉം വയസ്സ് കഴിഞ്ഞവർ വാഹനങ്ങളുമായി സ്വകാര്യ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഊഴംകാത്ത് നിൽക്കേണ്ടിവരുമെന്നത് ഏറെ പ്രയാസകരമായ അവസ്ഥയുണ്ടാക്കുമെന്ന് പരാതിയുണ്ട്. പിഴത്തുക കുത്തനെ ഉയർത്തുന്നതാണ് മറ്റൊരു പരിഷ്‌കാരം. പല ഗതാഗത നിയമ ലംഘനങ്ങൾക്കും നിലവിലുള്ള പിഴ മൂന്നും നാലും ഇരട്ടിയായി വർധിക്കും. മാത്രമല്ല നിയമം പൂർണമായും കേന്ദ്രത്തിന്റേതാകുമ്പോൾ അതുവഴിയുള്ള വരുമാനവും കേന്ദ്രത്തിന്റേത് മാത്രമാകുമെന്നും ആശങ്കയുണ്ട്.

നിലവിൽ കരടായി തയ്യാറാക്കിയ നിയമം പൊതുജനസമക്ഷം അവതരിപ്പിച്ച ശേഷം നിർദേശങ്ങളും ആക്ഷേപങ്ങളും ഉൾപ്പെടുത്തി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. പാർലമെന്റ് നിയമം പാസാക്കിയാൽ അത് രാജ്യത്തെ ഗതാഗത നിയമങ്ങളിൽ തന്നെ പുതിയ ചരിത്രമായി മാറ്റപ്പെടും.

അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിൽ കുട്ടികൾ കൊല്ലപ്പെട്ടാൽ ഏഴ് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ നൽകണമെന്നാണ് റോഡ് സേഫ്റ്റി ട്രാൻസ്‌പോർട്ട് നിയമത്തിൽ പറയുന്ന പ്രധാന കാര്യം. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് പോകുന്ന വിധത്തിലുമാണ് നിയമപരിഷ്‌ക്കാരം. ഗതാഗത നിയമ ലംഘനങ്ങൾക്കു പരമാവധി പിഴ മൂന്നു ലക്ഷം രൂപ യാണെന്ന് കരടുരേഖയിൽ നിർദേശിക്കുന്നു. വാഹന നിർമ്മാണ തകരാറിന് തടവും ഓരോ വാഹനത്തിനും അഞ്ചു ലക്ഷം രൂപ വീതം പിഴയും ലഭിക്കും. ഗതാഗതയോഗ്യമല്ലാത്ത വാഹനം ഉപയോഗിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴയോ പരമാവധി ഒരു വർഷം വരെ തടവോ രണ്ടും കൂടിയോ നൽകണമെന്നാണ് വ്യവസ്ഥ.

മദ്യപന്മാരെ പിടികൂടാനും കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യ തവണ ആറു മാസത്തേയ്ക്കു ലൈസൻസ് സസ്‌പെൻഷനും, 25,000 രൂപ പിഴയോ മൂന്നു മാസത്തിൽ കൂടാത്ത തടവോ രണ്ടും കുടിയോ. മൂന്നു വർഷത്തിനുള്ളിൽ രണ്ടാമതു ആവർത്തിച്ചാൽ ഒരു വർഷം ലൈസൻസ് സസ്‌പെൻഷനും, 50,000 രൂപ പിഴയോ ഒരു വർഷം വരെ തടവോ രണ്ടും കൂടിയോ. തുടർന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കലും 30 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശുപാർശ ചെയ്യുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് സ്‌കൂൾ ബസ് ഡ്രൈവർമാരാണെങ്കിൽ ശിക്ഷയുടെ കടുപ്പം കൂടും. ഇതിന് 50,000 രൂപ പിഴയും മൂന്നു വർഷം തടവും. 18നും 25നുമിടയിൽ പ്രായമുള്ളവരാണെങ്കിൽ ഉടൻ ലൈസൻസ് റദ്ദാക്കുകയും വേണമെന്നാണ് വ്യവസ്ഥ.

നിയമം പ്രാബല്യത്തിലായാൽ ഇതുസംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കാനും നിരീക്ഷിക്കാനും ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും റോഡ് സേഫ്റ്റി അഥോറിറ്റികൾ നിലവിൽവരും. എന്നാൽ കാബിനറ്റ് സെക്രട്ടറിമാർ ചെയർമാന്മാരാകുന്ന അഥോറിറ്റിയിലെ നാലുമുതൽ എട്ടുവരെയുള്ള അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച വ്യക്തമായ ഒരു മാനദണ്ഡവും നിയമത്തിലില്ല. ഈ മേഖലയിൽ പ്രാവീണ്യമുള്ളവരാകണമെന്ന് മാത്രമാണ് നിയമത്തിൽ പറയുന്നത്. അങ്ങനെയാകുമ്പോൾ വാഹന ബ്രോക്കർമാർക്കോ വാഹന കച്ചവടക്കാർക്കോവരെ ഇതിൽ കടന്നുകയറാമെന്ന അവസ്ഥയുണ്ടാകും. കേന്ദ്ര അഥോറിറ്റി പിരിച്ചുവിടാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെങ്കിലും സംസ്ഥാന അഥോറിറ്റി പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് വേണമെന്നാണ് വ്യവസ്ഥ. നിയമത്തിന്റെ കരട് പൊതുജനങ്ങളുടെ പരിശോധനയ്ക്കും അഭിപ്രായത്തിനും നിർദേശത്തിനുമായി സർക്കാർ സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുശേഷം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമമാക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP