Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടേത് അടിച്ചമർത്തൽ സ്വരം; കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി നയൻതാര സെഗാൾ സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു നൽകി

മോദിയുടേത് അടിച്ചമർത്തൽ സ്വരം; കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി നയൻതാര സെഗാൾ സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു നൽകി

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി നയൻതാര സെഗാൾ സാഹിത്യ അക്കാദമി അവാർഡു തിരിച്ചു നൽകി.

ഭിന്നസ്വരങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം തിരിച്ചു നൽകിയത്. രാജ്യത്തിന്റെ വൈവിധ്യങ്ങൾക്കും സംവാദങ്ങൾക്കും നേരെ നടക്കുന്നത് ഹീനമായ അക്രമമാണെന്നും ഇത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും നയൻതാര സെഗാൾ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരീ പുത്രിയായ നയൻതാര സെഗാളിന് 1986ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 'അൺമേക്കിങ് ഓഫ് ഇന്ത്യ' എന്നാണു നയൻതാര മോദിയുടെ നീക്കങ്ങളെ വിമർശിച്ചത്.

ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അൻപതുകാരനെ അടിച്ചുകൊന്നതും യുക്തിവാദി നേതാക്കളായ എം എം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകവും സെഗാൾ ഓർമിപ്പിക്കുന്നു.

കൊലചെയ്യപ്പെട്ട ഇന്ത്യക്കാരുടെ ഓർമയ്ക്കും, വിയോജിക്കാനുള്ള അവകാശത്തെ മാനിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഭീതിയിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന എതിർശബ്ദങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു നൽകുന്നുവെന്നാണ് അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്നും അവർ ഓർമിപ്പിക്കുന്നു.

പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഈ സംഭവങ്ങളെല്ലാം നടന്നിട്ടും അതിനെ അപലപിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. പ്രശ്‌നം അതീവ ഗുരുതരമാകുന്നതിനാൽ തന്നെ പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കുമെന്ന് രാജ്യം ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

പിന്നാക്കാവസ്ഥയിലേക്കാണ് മോദിയുടെ കീഴിൽ രാജ്യം പോകുന്നത്. ഹിന്ദുത്വയിലേക്ക് ഇടുങ്ങിപ്പോകുന്നു. അസഹിഷ്ണുത വർധിച്ചിരിക്കുന്നു. ഒരുപാട് ഇന്ത്യക്കാർ ജീവിക്കുന്നത് കടുത്ത ഭീതിയിലാണ്. അവർ പറഞ്ഞു. എഴുത്തുകാർ കൊലചെയ്യപ്പെടുമ്പോഴും മൗനം പാലിക്കുന്ന സാഹിത്യ അക്കാദമിയെയും സെഗാൾ വിമർശിച്ചു. അടിയന്തരാവസ്ഥയെ ശക്തമായി വിമർശിച്ചും സെഗാൾ വാർത്തകളിൽ നിറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP