Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിയും; ഇരുവിഭാഗങ്ങൾക്കും എതാണ്ട് യോജിപ്പ്; അയോധ്യ പ്രശ്‌നത്തിന് പരിസമാപ്തിയാകുമെന്ന ശുഭസൂചന പുറത്ത്

തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിയും; ഇരുവിഭാഗങ്ങൾക്കും എതാണ്ട് യോജിപ്പ്; അയോധ്യ പ്രശ്‌നത്തിന് പരിസമാപ്തിയാകുമെന്ന ശുഭസൂചന പുറത്ത്

ന്ത്യയുടെ മതേതരത്വപാരമ്പര്യത്തിനേറ്റ എന്നത്തെയും മുറിവും തീരാക്കളങ്കവുമായിരുന്നു അയോധ്യ. ബാബറി മസ്ജിദിന്റെയും രാമജന്മഭൂമിയുടെയും പേരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ആരംഭിച്ചിട്ട് പതിറ്റാണ്ടുകളേറെയായിരിക്കുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിലൂടെ ഇന്ത്യൻ മതേതരത്വത്തിനുണ്ടായ ചീത്തപ്പേര് ചില്ലറയല്ല. മോദിയുടെ നേതൃത്ത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രശ്‌നം വീണ്ടും വഷളാവുമെന്നായിരുന്നു പലരും ഭയപ്പെട്ടിരുന്നത്. എന്നാൽ അയോധ്യാ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിയാനാണ് പുതിയി തീരുമാനം. ഇരുവിഭാഗങ്ങൾക്കും ഇതിനോട് ഏതാണ്ട് യോജിപ്പുണ്ടെന്നാണ് സൂചന. ഇതോടെ 65 ഓളം വർഷങ്ങളായി തർക്കം നിലനിൽക്കുന്ന അയോധ്യാപ്രശ്‌നത്തിന് ശാശ്വത പരിഹാരമൊരുങ്ങിയേക്കും.

പുതിയ തീരുമാനമനുസരിച്ച് 70 ഏക്കർ വരുന്ന തർക്കഭൂമിയിൽ രാമക്ഷേത്രവും മുസ്ലിംപള്ളിയും നിർമ്മിക്കാനാണ് നീക്കം നടക്കുന്നത്. ഈ പ്രശ്‌നത്തിൽ ദീർഘകാലമായി മുസ്ലിം വിഭാഗത്തിന് വേണ്ടി വ്യവഹാരം നടത്തുന്ന ഹഷിം അൻസാരിയും ഹിന്ദുക്കൾക്ക് വേണ്ടി അഖാര പരിഷത്ത് തലവനായ ഗ്യാൻ ദാസും ഹനുമാൻ ഗാർഹിയിൽ വച്ച് തിങ്കളാഴ്ച ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുകയുണ്ടായി. അഖാര പരിഷത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിർമോഹി അഖാരയാണ് ഹിന്ദുക്കൾക്ക് വേണ്ടി പ്രസ്തു പ്രശ്‌നത്തിൽ വ്യവഹാരം നടത്തിയിരുന്നത്.

എന്നാൽ പ്രസ്തുത ഒത്തു തീർപ്പ് ശ്രമത്തിൽ വിശ്വഹിന്ദുപരിഷത്ത് ഇടപെട്ടിട്ടില്ലെന്നാണ് അൻസാരിയും ഗ്യാൻ ദാസും പറയുന്നത്. ഈ ഒതുതീർപ്പ് ശ്രമത്തെക്കുറിച്ച് തങ്ങൾ എല്ലാ ഹിന്ദുമതസ്ഥാപനങ്ങളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ചർച്ച ചെയ്തുവെന്നും എല്ലാവരും ഇതിനോട് യോജിച്ചുവെന്നുമാണ് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥകളുമായി തങ്ങൾ പ്രധാനമന്ത്രിയെ കാണുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ അദ്ദേഹത്തിന്റെ സഹായവും സഹകരണവും തേടുമെന്നും ഗ്യാൻ ദാസം പറഞ്ഞു. തങ്ങളുടെ സമാധാനശ്രമങ്ങളിൽ വിഎച്ച്പിക്ക് പങ്കാളിത്തമില്ലെന്നും ദാസ് പറയുന്നു. വിഎച്ച്പിയുടെ നേതാക്കൾക്ക് ഇവിടെ രാമക്ഷേത്രം നിർമ്മിക്കണമെന്നില്ലെന്നും സാമൂഹ്യ സ്പർധ വളർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ദാസ് ആരോപിച്ചു.

അൻസാരിയിലും അദ്ദേഹം ഇത്രയും നാളും കോടതിയിൽ സ്വീകരിച്ച നിലപാടുകളിലും തനിക്ക് പൂർണവിശ്വാസമാണെന്നാണ് ആൾ ഇന്ത്യ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറായ സഫർയാബ് ജിലാനി പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാടുകൾ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേതാണെന്ന് അദ്ദേഹവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തനിക്ക് പറയാനാകുമെന്നും ജിലാനി വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഗ്യാൻ ദാസ് അയോധ്യയിലില്ല. മതപരമായ സേവനങ്ങൾക്കായി അദ്ദേഹം നാസിക്ക് കുംബയിലും ഉജ്ജയിനിലുമാണ്. അൻസാരിയുമായുള്ള ചർച്ചകൾക്കായി അദ്ദേഹം തിങ്കളാഴ്ച അയോധ്യയിലെത്തുകയായിരുന്നു. ക്ഷേത്രത്തിനും പള്ളിക്കുമിടയിൽ 100 അടി ഉയരമുള്ള മതിൽ കെട്ടുന്നത് ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാനാണെന്നാണ് ഗ്യാൻ ദാസ് പറയുന്നത്. ഒത്തതീർപ്പ് ശ്രമങ്ങളുടെ കരട് തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും കേസിന്റെ വിചാരണ സുപ്രീംകോടതി പുനരാരംഭിച്ച ശേഷം ഇത് കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്നും ഗ്യാൻ ദാസ് പറഞ്ഞു. പ്രസ്തുത കേസ് സംബന്ധിച്ച വിചാരണ സുപ്രീംകോടതിയിൽ നടക്കുമ്പോഴും കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വിവിധ സംഘടനകളും വ്യക്തികളും ശ്രമിക്കുന്നുമുണ്ട്.

1950 മുതലാണ് രാമജന്മഭൂമി ബാബറി മസ്ജിദ് പ്രശ്‌നം ഉയർന്ന് വന്നത്. 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. വിവാദ ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അവിടെയുള്ള പള്ളി നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രം തകർത്തിട്ടാണെന്നും ഇസ്ലാമിക തത്ത്വങ്ങൾക്കടിസ്ഥാനമാക്കിയാണ് പ്രസ്തു പള്ളി നിർമ്മിച്ചിരിക്കുന്നതെന്നുമാണ് ആ വിധിയുടെ ചുരുക്കം. തർക്കഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഹിന്ദുവിഭാഗത്തിന് വിട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളത് മുസ്ലീങ്ങൾക്ക് വിട്ട് നൽകാനും വിധിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

മുസ്ലിംസഹോദരന്മാർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലുള്ള പ്രവർത്തനവും തങ്ങൾ നടത്തില്ലെന്നാണ് ഗ്യാൻ ദാസ് പറയുന്നത്. അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിർമ്മിക്കാവൂ എന്ന ബിജെപി വിഎച്ച്പി നിലപാടുകളെ തങ്ങൾ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിക്ക് വേണ്ടിയല്ല തങ്ങൾ നിലകൊള്ളുന്നതെന്നും മറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP