Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതാണ് ഇന്ത്യയുടെ പുതിയ ഭൂപടം; കാശ്മീർ എന്ന സംസ്ഥാനം മാഞ്ഞ് പോയപ്പോൾ പകരം എത്തിയത് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ; പാക് അധിനിവേശ കാശ്മീരും ചൈനീസ് അധിനിവേശ അക്‌സായിചിന്നും ഉൾപ്പെട്ട ഭൂപടത്തിൽ അഭിമാനിച്ച് ഇന്ത്യ; വിമർശനങ്ങളുമായി അയൽക്കാർ

ഇതാണ് ഇന്ത്യയുടെ പുതിയ ഭൂപടം; കാശ്മീർ എന്ന സംസ്ഥാനം മാഞ്ഞ് പോയപ്പോൾ പകരം എത്തിയത് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ; പാക് അധിനിവേശ കാശ്മീരും ചൈനീസ് അധിനിവേശ അക്‌സായിചിന്നും ഉൾപ്പെട്ട ഭൂപടത്തിൽ അഭിമാനിച്ച് ഇന്ത്യ; വിമർശനങ്ങളുമായി അയൽക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തന്ത്രപരമായ നീക്കത്തിലൂടെ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ഭൂപടം പുറത്ത് വിട്ട് ഇന്ത്യ. പാക് അധിനിവേശ കാശ്മീരും ചൈനീസ് അധിനിവേശ അക്‌സായിചിന്നും ഉൾപ്പെട്ട ഭൂപടം ഇന്ത്യയ്ക്ക് അഭിമാനമാണ് നൽകുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ 22 ജില്ലകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാക്ക് അധിനിവേശ കശ്മീരിലെ മിർപൂർ, മുസഫറാബാദ് എന്നീ ജില്ലകളും ഭൂപടത്തിലുണ്ട്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഔദ്യോഗികമായി നിലവിൽ വരികയും ഇവിടങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ജമ്മു കാശ്മീരിൽ ഗിരീഷ് ചന്ദ്ര മർമുവിനേയും ലഡാക്കിൽ രാധാകൃഷ്ണ മാതൂറിനേയുമാണ് ലെഫ്റ്റനന്റ് ഗവർണർമാരായി കേന്ദ്ര സർക്കാർ നിയോഗിച്ചത്.

ഇരു കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേകം ചീഫ് സെക്രട്ടറിമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സ്വന്തം പൊലീസ് മേധാവികമാരെയും പ്രധാന മേൽനോട്ട ഉദ്യോഗസ്ഥരെയും ലഭിക്കും. ദിൽബാഗ് സിങ് ജമ്മു കശ്മീർ പൊലീസ് മേധാവിയായി തുടരുമ്പോൾ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ ലഡാക്കിൽ പൊലീസ് തലവനാകും. ഇരുസേനകളും ജമ്മു കശ്മീർ കേഡറായി തുടരുകയും ക്രമേണ കേന്ദ്രഭരണ കേഡറിൽ ലയിക്കുകയും ചെയ്യും. കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള വിഭജനം പൂർണമാകാൻ ഒരുവർഷമാണു പുനഃസംഘടനാ നിയമം അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ പുനഃ സംഘടനയെന്നതു മന്ദഗതിയിലുള്ള പ്രക്രിയയാണ്. പുനഃസംഘടനയ്ക്കു ചിലപ്പോൾ വർഷങ്ങളെടുക്കും.

സർദാർ വല്ലഭായ് പട്ടേലിന്റെ 144-ാമത് ജന്മവാർഷിക ദിനമായ വ്യാഴാഴ്ചയാണ് പുതിയ കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നത്. 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്കു ലയിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണ്. ഒക്ടോബർ 31 ന് രാജ്യം ദേശീയ ഐക്യ ദിനമായി ആചരിക്കുന്നു.ജമ്മു കശ്മീരിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കഠ്‌വ, സാംബ, ഉധംപൂർ, ദോഡ, കിഷ്ത്‌വാർ, രജൗരി, റിയാസി, റംബാൻ, പൂഞ്ച്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ, അനന്ത്‌നാഗ്, ബുട്ഗാം, പുൽവാമ, ഗണ്ടർബൽ, ബന്ദിപോറ, ബാരാമുല്ല, കുപ്‌വാര, മുർപൂർ, മുസഫറാബാദ് എന്നിവയാണ്. 1947ലേതു പ്രകാരം സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ 14 ജില്ലകളാണുണ്ടായിരുന്നത്. 2019ൽ ജമ്മു കശ്മീർ സർക്കാർ ഇത് 28 ജില്ലകളാക്കി പരിഷ്‌കരിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ പുതിയ ഭൂപടവും സർവേ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കി.ആദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നത്. നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങൾ ഇപ്പോൾ ഒൻപതാണ്. പുതുച്ചേരിക്കു സമാനമായി ജമ്മു കശ്മീരിന് നിയമനിർമ്മാണ സഭ ഉണ്ടായിരിക്കും. എന്നാൽ ലഡാക്കിന് നിയമനിർമ്മാണ സഭ ഉണ്ടാകില്ല. ലഫ്. ഗവർണർമാരുടെ ഭരണത്തിലാണു നിലവിൽ ജമ്മു കശ്മീരും ലഡാക്കുമുള്ളത്.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. ഇതേതുടർന്ന്, ജമ്മു കശ്മീരിൽ വൻ സുരക്ഷയും നിയന്ത്രണങ്ങളുമാണ് കേന്ദ്രം ഒരുക്കിയത്. രാഷ്ട്രീയ നേതാക്കളെ അറസ്റ്റു ചെയ്യൽ, അധിക സൈനികരെ സജ്ജരാക്കൽ, ഫോൺ- ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കൽ എന്നിവയാണ് കശ്മീരിൽ ഏർപ്പാടാക്കിയ നിയന്ത്രണങ്ങൾ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയിരുന്നു. അതേ സമയം വിഭജനം പൂർത്തിയായതോടെ പതിവ് പോലെ വിമർശനങ്ങളുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP