Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹീറ്റർ ഓൺ ചെയ്ത് ഉറങ്ങുമ്പോൾ പൊട്ടിത്തെറിച്ചു മരിച്ചെന്നു സംശയം; മരണം വിളിച്ചത് തീർത്ഥാടന യാത്രക്കിടെ; അകാലത്തിൽ വിട പറഞ്ഞ കുളത്തൂപ്പുഴക്കാരൻ ഡോക്ടർ ഷംനാദ് ബഷീർ ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിൽ അതിപ്രശസ്തൻ; ഒക്‌സ്‌ഫോഡിൽ പഠിച്ചു വാഷിങ്ടണിൽ ജോലി ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങിയ, കാൻസർ മരുന്നിന് വില കുറച്ച പ്രതിഭയുടെ മരണം ചർച്ചയാകുമ്പോൾ

ഹീറ്റർ ഓൺ ചെയ്ത് ഉറങ്ങുമ്പോൾ പൊട്ടിത്തെറിച്ചു മരിച്ചെന്നു സംശയം; മരണം വിളിച്ചത് തീർത്ഥാടന യാത്രക്കിടെ; അകാലത്തിൽ വിട പറഞ്ഞ കുളത്തൂപ്പുഴക്കാരൻ ഡോക്ടർ ഷംനാദ് ബഷീർ ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിൽ അതിപ്രശസ്തൻ; ഒക്‌സ്‌ഫോഡിൽ പഠിച്ചു വാഷിങ്ടണിൽ ജോലി ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങിയ, കാൻസർ മരുന്നിന് വില കുറച്ച പ്രതിഭയുടെ മരണം ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌


ബെംഗളൂരു: പ്രശസ്ത നിയമഞ്ജനും അഭിഭാഷകനുമായ ഡോ. ഷംനാദ് ബഷീർ അന്തരിച്ചു. ലോകത്തിലെ തന്നെ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിൽ അറിയപ്പെടുന്ന അഭിഭാഷകരിലൊരാളായ ഷംനാദിനെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിൽ ഹീറ്റർ ഓൺ ചെയ്ത് ഉറങ്ങുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയും അപ്പോഴുണ്ടായ പുക ശ്വസിച്ച് മരണം ്സംഭവിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചിക്കമംഗളൂരുവിലെ തീർത്ഥാടന കേന്ദ്രമായ ബാബാ ബുധാൻ ഗിരിയിൽ സ്ഥിരം സന്ദർശകനായിരുന്നു ഷംനാദ്. പതിവ് പോലെ അവിടേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മൻസിലിൽ എം.എ.ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ് ഡോ. ഷംനാദ് ബഷീർ. അഭിഭാഷകനായ പിതാവ് ബഷീർ ഇത്തരമൊരു മേഖലയിൽ തന്നെ ജീവിക്കാനും പോരാടാനും ഷംനാദിനു പ്രചോദനമായി. നന്നെ ചെറുപ്പം മുതൽ അഭിഭാഷകനാകുവാൻ സ്വപ്‌നം കണ്ട ഷംനാദ് മാതൃകയാക്കിയത് രാജ്യത്തെ പടുത്തുയർത്തിയ പ്രഗത്ഭരായ രണ്ട് അഭിഭാഷകരെ തന്നെ, ഗാന്ധിജിയും അംബേദ്കറും. അവരുടെ വഴിയെ തന്റെ അറിവിനെ ആയുധമാക്കാനും അത് സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ഉയർത്തിപ്പിടിക്കാനും അതീവ ശ്രദ്ധ ചെലുത്തി ഷംനാദ്.

ഓക്‌സഫഡിലെ വിദ്യാഭാസത്തിനു ശേഷം ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായി ചുമതലയേറ്റ ഷംനാദിനെ കാത്തിരുന്നത് നേട്ടങ്ങൾ മാത്രം നിറഞ്ഞ ഒരു അക്കാദമിക ജീവിതമാണ്. മാനവിക മേഖലയിലെ ഗവേഷണത്തിന് 2014ലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ അക്കാദമിക മേഖലയിൽ മാത്രം ഒതുങ്ങാനായിരുന്നില്ല അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടത്. സമൂഹത്തിൽ അർഥപൂർണമായ ഇടപെടലുകൾ നടത്താനും തന്റെ സഹജീവികളെ കഴിവിനു പരമാവധി സഹായിക്കാനും അദ്ദേഹം ശ്രമിച്ചു. സ്വിസ് ഔഷധക്കമ്പനിയായ നൊവാർട്ടിസിനെതിരെ ഷംനാദ് നയിച്ച് നിയമയുദ്ധം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം.

രക്താർബുദത്തിനുള്ള മരുന്നിന് ഇന്ത്യയിൽ പേറ്റന്റ് നേടാനുള്ള നൊവാർട്ടിസിന്റെ ശ്രമങ്ങളെ സുപ്രീം കോടതിയിൽ ചെറുത്തു തോൽപ്പിച്ചത് ഷംനാദായിരുന്നു. പൊതുജനാരോഗ്യം രാജ്യാന്തര ഔഷധക്കുത്തകകളുടെ കച്ചവട താൽപര്യത്തിന് തീറെഴുതാൻ പാടില്ലെന്നതിന് ഷംനാദ് ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചപ്പോൾ വിജയിച്ചത് ഈ മഹാരാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാർ കൂടെയാണ്. നൊവാർട്ടിസിന്റെ മരുന്നായ ഗ്‌ളീവെക്കിന് ഒരു മാസത്തെ ഡോസിന് 1.2 ലക്ഷം രൂപ വരുമ്പോൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ജനറിക് മരുന്നുകൾക്ക് 8000 രൂപയാണെന്നത് ഷംനാദ് നേടിയെടുത്ത വിധിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

ഷംനാദ് 2010 ൽ തുടക്കം കുറിച്ച ഐഡിഐഎ (ഇൻക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇൻക്രീസിങ്അക്‌സസ് ടു ലീഗൽ എജ്യുക്കേഷൻ) എന്ന ട്രംസ്റ്റ് നിർധന, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ രാജ്യത്തെ നിയമസർവകലാശാലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള ഉദ്യമമായിരുന്നു. നിയമപഠനത്തിൽ താൽപര്യമുള്ള പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളെ സ്‌കൂളിൽനിന്നു തന്നെ കണ്ടെത്തി, പരിശീലിപ്പിച്ച്, ഇംഗ്‌ളിഷുൾപ്പെടെ പഠിപ്പിച്ച്, സർവകലാശാലയിലെ പരീക്ഷയ്ക്കു പ്രാപ്തരാക്കാനും പ്രവേശനം നേടുന്നവരുടെ ഫീസുൾപ്പെടെ നൽകാനും ഐഡിഐഎ പദ്ധതിയുണ്ടാക്കി. ഡോ. ഷംനാദിന്റെ അകാല മരണത്തിലൂടെ നമ്മുക്ക് നഷ്ടമാകുന്നത് ഒരു പ്രഗത്ഭനായ ഒരു നിയമപണ്ഡിതനേക്കാളുപരി സമൂഹത്തെ മാറ്റണമെന്ന ഉറപ്പോടെ ഉണർന്നു പ്രവർത്തിച്ച ഒരു വ്യക്തിയെക്കൂടെയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP