Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി; 22 അംഗ മന്ത്രിസഭയും അധികാരമേറ്റു; വികസന ചർച്ചകൾക്കായി ഉടൻ പ്രധാനമന്ത്രി മോദിയെ കാണുമെന്ന് ബിഹാർ മുഖ്യമന്ത്രി

പട്‌ന: രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. പട്‌നയിലെ രാജ്ഭവനിൽ വൈകീട്ട് അഞ്ചിനായിരുന്നു സത്യപ്രതിജ്ഞ. ഇരുപത്തിരണ്ട് അംഗ മന്ത്രിസഭയും അധികാരമേറ്റു. ഇതിൽ 20 പേരും ജിതിൻ റാം മഞ്ചിയുടെ മന്ത്രിസഭയിലെ അംഗങ്ങളാണ്. മാർച്ച് 16നു മുമ്പ് സഭയിൽ വിശ്വാസവോട്ട് തേടും.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അസം മുഖ്യമന്ത്രി തരുൺ ഗെഗോയ്, ജെ.ഡി.യു നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, രാഷ്ട്രീയ ജനത ദൾ തലവൻ ലാലു പ്രസാദ് എന്നിവർ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാൽ ചടങ്ങിൽ നിന്നും വിട്ടു നിന്നു.

അതേസമയം, നിതീഷ് കുമാർ സർക്കാറിൽ ചേരണോയെന്ന കാര്യത്തിൽ ആർ.ജെ.ഡി, കോൺഗ്രസ്, സിപിഐ പാർട്ടികൾക്ക് തീരുമാനമായില്ല. ഇവർ പിന്നീട് സർക്കാറിൽ ചേർന്നേക്കും. ബിഹാർ നിയമസഭയിൽ 130 എന്ന ഭൂരിപക്ഷം നേടാൻ ഈ പാർട്ടികളാണ് നിതീഷ് കുമാറിന് പിന്തുണ നൽകിയത്. ആർ.ജെ.ഡിക്ക് 24ഉം കോൺഗ്രസിന് അഞ്ചും, സിപിഐക്ക് ഒരു എംഎ‍ൽഎയുമാണ് സഭയിലുള്ളത്.

ജിതൻ റാം മാഞ്ചി ഉയർത്തിയ രാഷ്ട്രീയ പ്രതിസന്ധിയിൽ നിതീഷ് കുമാറിന് ഏറ്റവും വലിയ സഹായമായത് ഇവരുടെ പിന്തുണയാണ്. ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് പാർട്ടികളുടെയും അംഗങ്ങൾ നിതീഷ് കുമാറിനൊപ്പം രാജ്ഭവനിലും രാഷ്ട്രപതിഭവന് പുറത്തും ഒരുമിച്ചിരുന്നു. അതിനിടെ ബീഹാറിന്റെ വികസനമുറപ്പാക്കാൻ പ്രധാന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ജെഡിയു സർക്കാരിൽ ആദ്യം നിതീഷ് കുമാർതന്നെയായിരുന്നു മുഖ്യമന്ത്രിയായത്. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജെഡിയു തകർന്നടിഞ്ഞതിനെത്തുടർന്ന് ഉത്തരവാദിത്തമേറ്റെടുത്തു നിതീഷ് രാജിവയ്ക്കുകയായിരുന്നു. തുടർന്ന് തന്റെ വിശ്വസ്തനായ ജിതൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. വീണ്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ ജെഡിയു തീരുമാനിച്ചപ്പോൾ ജിതൻ റാം മാഞ്ചി ഇടയുകയും നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് ബിഹാർ സാക്ഷിയാവുകയുമായിരുന്നു.

വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് ജിതൻ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് നിതീഷിന് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വഴിയൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP