Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാജ്‌പേയിയുടെ ജന്മദിനം തന്നെയാണ് പ്രധാനം; ക്രിസ്മസിന് മന്ത്രിമാർക്ക് അവധിയില്ല; കേന്ദ്രമന്ത്രാലയ ഓഫീസുകൾ പ്രവർത്തിക്കുന്നതിലും പ്രധാനമന്ത്രി അഭിപ്രായം തേടുന്നു; സർക്കാർ നിലപാടിനെതിരെ വിമർശനമുയർത്തി ഗോവ ആർച്ച് ബിഷപ്പ്

വാജ്‌പേയിയുടെ ജന്മദിനം തന്നെയാണ് പ്രധാനം; ക്രിസ്മസിന് മന്ത്രിമാർക്ക് അവധിയില്ല; കേന്ദ്രമന്ത്രാലയ ഓഫീസുകൾ പ്രവർത്തിക്കുന്നതിലും പ്രധാനമന്ത്രി അഭിപ്രായം തേടുന്നു; സർക്കാർ നിലപാടിനെതിരെ വിമർശനമുയർത്തി ഗോവ ആർച്ച് ബിഷപ്പ്

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ കേന്ദ്ര മന്ത്രാലയ ഓഫീസുകൾ പ്രവൃത്തി ദിനമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ മന്ത്രിമാരുടെ അഭിപ്രായം അറിയാൻ പ്രധാനമന്ത്രി കാര്യാലയം കത്തയച്ചു. നിർദ്ദേശത്തിൽ മന്ത്രിമാർ സമവായത്തിൽ എത്തിയാൽ ഈ ക്രിസ്മസ് ദിനത്തിൽ എല്ലാ മന്ത്രാലയങ്ങളും പ്രവർത്തിക്കും.

സി.എൻ.എൻ ഐബി.എൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് ദിനമാണ് മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ.ബി വാജ്പയിയുടെ ജന്മദിനം. ഈ ദിവസം സദ്ഭരണ ദിനമായി ആചരിക്കാൻ നേരത്തെ കേന്ദ്ര സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. മണ്ഡലങ്ങളിലെത്തി ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്തണമെന്നാണ് മന്ത്രിമാർക്ക് പ്രധാനമന്ത്രി മോദി നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലാ കളക്ടറേറ്റുകളുടെ പ്രവർത്തനം വിലിയിരുത്താനാണ് നിർദ്ദേശം. ഫലത്തിൽ ക്രിസ്മസ് ദിനത്തിൽ എല്ലാ കളക്ടററേറ്റുകളും സജീവമാകേണ്ടി വരും. ഡിസംബർ 25ന് ചെയ്യേണ്ട 15 കാര്യങ്ങളും പ്രധാനമന്ത്രി തയ്യാറാക്കി മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. എംപിമാർക്കും മാർഗ്ഗ നിർദ്ദേശമുണ്ട്.

ഫലത്തിൽ എല്ലാ ജില്ലാ ഓഫീസുകളും ക്രിസ്മസ് ദിനത്തിൽ സജീവമാക്കാനാണ് തീരുമാനം. ഇതിനൊപ്പമാണ് കേന്ദ്ര മന്ത്രാലയ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നീക്കം. ക്രിസ്മസ് ദിനത്തിൽ മന്ത്രാലയങ്ങളുടെ പ്രവർത്തനം എന്തായിരിക്കണം എന്നതിനെ കുറിച്ച് പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് ഉടൻ സർക്കുലർ പുറപ്പെടുവിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കി. ഈ ദിനത്തിൽ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്താൻ സർക്കുലർ വകുപ്പുകൾക്ക് നിർദ്ദേശം നൽകും. ക്രിസ്മസ് ദിനം നവോദയ വിദ്യാലയങ്ങളിൽ സദ് ഭരണ ദിനമായി ആചരിക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി നിർദ്ദേശം നൽകിയത് വലിയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. ഇതോടെ ഓൺലൈനായി താൽപ്പര്യമുള്ള കുട്ടികൾ സദ്ഭരണ ദിനത്തിലെ പരിപാടികളിൽ പങ്കെടുത്താൽ മതിയെന്ന് നിർദ്ദേശം എത്തി.

അതിനിടെ സർക്കാരിനെ വിമർശിച്ച് ഗോവ ആർച്ച് ബിഷപ്പ് രംഗത്ത് എത്തി. ക്രൈസ്തവ സഭയെ മുഴുവൻ ആശങ്കയിലാക്കുന്നതാണ് ക്രിസ്മസ് ദിനത്തിലെ പ്രവർത്തിദിനമെന്നാണ് ആർച്ച് ബിഷപ്പിന്റെ നിലപാട്. ക്രൈസ്ത വിശ്വാസങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായി ബിഷപ്പ് ഇതിനെ സൂചിപ്പിച്ചു. ക്രൈസ്തവ സ്‌കൂളുകളിൽ സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണമെന്നതും മതപരിവർത്തന വിവാദങ്ങളെയെല്ലാം ആശങ്കയോടെയാണ് കാണുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. ഡൽഹിയിൽ പള്ളി കത്തിയ സംഭവവും ഉയർത്തിക്കാട്ടുന്നു. സാമുദായികമായി ചേരിതിരിവുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദി പിൻതിരിയണമെന്നാണ് ബിഷപ്പ് ഫിലിപ്പ് നേരി ഫെരാരോയുടെ അഭിപ്രായം.

എന്നാൽ ക്രിസ്മസ് ദിനത്തിലെ പരിപാടികളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തില്ലെന്നാണ് സൂചന. വാജ്‌പേയുടെ ജന്മദിനത്തിന് വേണ്ടത്ര പ്രാധാന്യം നൽകാൻ തന്നെയാണ് തീരുമാനം. ക്രിസ്മസ് ദിനം രാജ്യത്തെ എല്ലാ സർവകലാശാലകളും സദ്ഭരണ ദിനമായി ആചരിക്കാൻ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും (യുജിസി) നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന്റെ ഭാഗമായുള്ള പ്രസംഗമത്സരങ്ങൾ സർവകലാശാലകളിലും കോളജുകളിലും ക്രിസ്മസ് അവധി തുടങ്ങുന്നതിനു മുമ്പ് നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ക്രിസ്മസ് അവധി തടസ്സപ്പെടുത്തുന്ന രീതിയിലായിരിക്കരുത് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും നിർദ്ദേശമുണ്ട്.

അതിനിടെ, ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കാനുള്ള മാനവശേഷി വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഹിന്ദുത്വ പ്രത്യയശാസ്ത്ര വാദിയും എഴുത്തുകാരനുമായ ദിനാനാഥ് ബത്ര രംഗത്തത്തെി. മന്ത്രാലയത്തിന്റെ തീരുമാനം രാഷ്ട്രീയപരമാണെന്നും ക്രിസ്മസ് ദിനാചരണത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP