Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആംബുലൻസിന് കൊടുക്കാൻ 5000 രൂപ കൈയിൽ ഇല്ല; ഭാര്യയുടെ മൃതദേഹവുമായി യാചകൻ ഉന്തുവണ്ടി തള്ളിയത് 60 കിലോമീറ്റർ; 'ഒഡീഷ' തെലങ്കാനയിലും ആവർത്തിക്കുന്നു

ആംബുലൻസിന് കൊടുക്കാൻ 5000 രൂപ കൈയിൽ ഇല്ല; ഭാര്യയുടെ മൃതദേഹവുമായി യാചകൻ ഉന്തുവണ്ടി തള്ളിയത് 60 കിലോമീറ്റർ; 'ഒഡീഷ' തെലങ്കാനയിലും ആവർത്തിക്കുന്നു

ഹൈദരാബാദ്: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിന്റെ പേരിൽ ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്ററിലധികം ദൂരം ഉന്തുവണ്ടി തള്ളേണ്ടി വന്ന കുഷ്ഠരോഗിയായ വയോധികന്റെ അനുഭവകഥ രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ചു. ഒഡീഷയിൽനിന്നും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് ആഴ്ചകൾ പിന്നിടുമ്പോഴാണ് കൂടുതൽ ദാരുണമായ സമാനമായൊരു സംഭവം തെലങ്കാനയിൽ സംഭവിച്ചത്.

മരണപ്പെട്ട പ്രിയതമയുടെ മൃതദേഹം ഉന്തുവണ്ടിയിലിട്ട് ചങ്കുലയ്ക്കുന്ന വേദനയും പേറി 24 മണിക്കൂറിലധികം സമയമെടുത്ത് 60 കിലോമീറ്റർ ദൂരം പിന്നിട്ട രാമുലു, ക്ഷീണിതനായി വഴിയരുകിൽ തളർന്നുവീഴുകയായിരുന്നു. ഭാര്യയുടെ മൃതദേഹവുമായി പാതയോരത്തിരുന്ന് കണ്ണീരൊഴുക്കുന്ന വയോധികനേക്കുറിച്ച് വഴിയാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്.

രാമുലുവും കവിതയും കുഷ്ഠരോഗ ബാധിതരാണ്. ജീവിക്കാൻ ഗതിയില്ലാത്തതിനാൽ ഭിക്ഷയെടുത്താണ് ഇരുവരും ഉപജീവനം കഴിച്ചിരുന്നത്. അതിനിടെ, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദ് റയിൽവേ സ്റ്റേഷനടുത്തുവച്ച് കവിത മരിച്ചു. ഭാര്യയുടെ മൃതദേഹം സ്വദേശത്ത് സംസ്‌കരിക്കണമെന്ന ആഗ്രഹത്തെ തുടർന്ന് മൃതദേഹം കൊണ്ടുപോകാൻ രാമുലു ഒരു സ്വകാര്യ ആംബുലൻസ് ഡ്രൈവറുടെ സഹായം തേടി. എന്നാൽ, അതിനായി 5000 രൂപ നൽകണമെന്നായിരുന്നു അയാളുടെ ആവശ്യം.

കൈയിൽ 1000രൂപ പോലും എടുക്കാനില്ലാതിരുന്ന രാമുലു, സ്വന്തം ഉന്തുവണ്ടിയിൽ ഭാര്യയുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യാത്ര തുടങ്ങിയെങ്കിലും രാത്രി വഴിതെറ്റി. ശനിയാഴ്ച ഉച്ചയോടെ വികാരാബാദിലെത്തിയപ്പോൾ ക്ഷീണിച്ച് തളർന്നുവീഴുകയായിരുന്നു. ഒരു സ്ത്രീയ്ക്ക് സമീപമിരുന്ന് വയോധികനായൊരാൾ കണ്ണീരൊഴുക്കുന്നതുകണ്ട വഴിയാത്രക്കാർ വിവരം പൊലീസിൽ അറിയിച്ചു.

ഇവരുടെ ദൈന്യാവസ്ഥ കണ്ട് വഴിയാത്രക്കാരിൽ ചിലർ പണമെറിഞ്ഞ് നൽകുമ്പോൾ രാമുലു നിലവിളിക്കുന്നത് വിഡിയോയിൽ ദൃശ്യമാണ്. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വഴിയാത്രക്കാരും പൊലീസും ചേർന്ന്, അവിടെനിന്നും 80 കിലോമീറ്ററിലധികം ദൂരെയുള്ള മേഡക് ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചു നൽകി.

ഗ്രാമത്തിലെത്തിയിട്ടും കുഷ്ഠരോഗ ബാധിതരെന്ന പേരിൽ ഇരുവരെയും സഹായിക്കാൻ ഉറ്റ ബന്ധുക്കൾ പോലും എത്തിയില്ല. തുടർന്ന് രാമുലു തന്നെ അന്ത്യകർമങ്ങൾ നടത്തി ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ചു. കുഷ്ഠരോഗം എന്നത് സുഖപ്പെടുത്താവുന്ന രോഗമാണെങ്കിലും ഈ രോഗം ബാധിക്കുന്നവരെ തിരസ്‌കരക്കുന്ന രീതിയാണ് രാജ്യവ്യാപകമായുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏതാണ്ട് മൂന്നു മാസം മുൻപാണ് സമാനമായൊരു സംഭവം ഒഡീഷയിൽനിന്ന് റിപ്പോർട്ട് ചെയ്തത്. ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയിൽനിന്ന് ആംബുലൻസ് വിട്ടുനൽകാതിരുന്നതിനെ തുടർന്ന് ദനാ മാഹ്ജിയെന്ന മധ്യവയസ്‌കൻ, മൃതദേഹവുമായി 10 കിലോമീറ്ററോളം നടന്നുപോയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. 12 വയസ് മാത്രം പ്രായമുള്ള മകളെയും ചേർത്തുപിടിച്ചാണ് അന്ന് മാഹ്ജി ഭാര്യയുടെ മൃതദേഹം ചുമന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP