Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി സ്തംഭിപ്പിച്ച് മുതിർന്ന ജഡ്ജിമാരുൾപ്പടെ നീതിക്കായിറങ്ങിയിട്ടും ഫലമുണ്ടായില്ല; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതമാത്രം ബാക്കി; മരണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധി

സുപ്രീംകോടതി സ്തംഭിപ്പിച്ച് മുതിർന്ന ജഡ്ജിമാരുൾപ്പടെ നീതിക്കായിറങ്ങിയിട്ടും ഫലമുണ്ടായില്ല; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതമാത്രം ബാക്കി;  മരണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണത്തിൽ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് പുനഃപരിശോധന ഹരജിയുമായി പരമോന്നത കോടതിയെ സമീപിച്ചത്. ഏപ്രിൽ 19ന്റെ സുപ്രീംകോടതി വിധിയിൽ കേസിൽ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നിൽ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.

സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ല ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്താൻപോലും തയാറാകാതെ വിധി പുറപ്പെടുവിച്ചതിലൂടെ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു ബോംബെ ലോയേഴ്‌സ് അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നും തിരിച്ചുവിളിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.ഏപ്രിൽ 19ന് പുറപ്പെടുവിച്ച വിവാദ വിധിയിൽ ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ മരണം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി മരണവുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകാവുന്ന നിയമനടപടികൾക്കും എന്നെന്നേക്കുമായി തടയിട്ടിരുന്നു. മഹാരാഷ്ട്ര പൊലീസ് രേഖാമൂലം നൽകിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

2014 ഡിസംബർ ഒന്നിനാണ് ബി.എച്ച് ലോയ മരിച്ചത്. ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജിയായിരുന്നു ലോയ. അമിത് ഷാക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനാൽ ലോയ രാഷ്ട്രീയക്കാർക്ക് അനഭിമതനായിരുന്നു. ലോയ മരിച്ച് മൂന്നുവർഷങ്ങൾക്ക് ശേഷം 2017 നവംബർ 20ന് കാരവൻ മാഗസിനിൽ ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളിൽ സംശയമുന്നയിച്ചുകൊണ്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ദുരൂഹത വെളിച്ചത്തു വന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിൽ ജഡ്ജി ലോയ വലിയ സമ്മർദം അനുഭവിച്ചിരുന്നുവെന്ന് പിതാവ് ഹർകിഷൻ ലോയ, സഹോദരി ഡോ. അനുരാധ ബിയാനി, സഹോദരി പുത്രി നുപുർ ബാലപ്രസാദ് ബിയാനി, സുഹൃത്തും അഭിഭാഷകനുമായ ഉദയ് ഗവാരെ എന്നിവർ കാരവന് നൽകിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അമിത് ഷാ ഉൾപ്പെടെയുള്ളവരെ കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹരജിയിൽ അനുകൂല വിധിക്ക് അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപയും സ്വത്തും ജഡ്ജി ലോയക്ക് വാഗ്ദാനം ചെയ്‌തെന്നും കാരവാൻ ലേഖനത്തിൽ പറയുന്നു.
എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ലോയ മരിച്ചിരുന്നു. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ജഡ്ജിമാരുടെ പെരുമാറ്റത്തിലും കുടുംബാംഗങ്ങൾ സംശയമുന്നയിച്ചു.

ലോയയുടെ മരണശേഷം നിയമിതനായ ജഡ്ജി എസ്.ജെ. ശർമ അമിത് ഷാ അടക്കം 15 പേരെ കേസിൽനിന്ന് ഒഴിവാക്കി വിധി പുറപ്പെടുവിച്ചു. മാത്രമല്ല, തന്റെ മുൻഗാമിയുടെ മരണം വിവാദമായിരിക്കെ കേസിലെ വിചാരണ റിപ്പോർട്ട്് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ലോയയുടെ മരണത്തിൽ ദുരൂഹതയേറി. മരണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു.

ഇതിനിടെ, തനിക്കോ അമ്മക്കോ സഹോദരിക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ജസ്റ്റിസ് മോഹിത് ഷാ ആയിരിക്കുമെന്ന് ലോയയുടെ മകൻ അനൂജ് എഴുതിയ കത്ത് ഡോ. അനുരാധ ബിയാനിയുടെ കൈവശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ അച്ഛന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും ഹൃദയാഘാതത്തെ തുടർന്നുതന്നെയാണ് അച്ഛൻ മരിച്ചതെന്ന് പിന്നീട് ബോധ്യമായെന്നും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അനൂജ് പറഞ്ഞു.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏൽപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി മുതിർന്ന ജഡ്ജിമാർ തന്നെ വാർത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ജഡ്ജിമാരുടെ വാർത്താസമ്മേളനത്തോടെ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന കേസിൽ രണ്ടു തവണ വാദം കേട്ട. ജസ്റ്റിസ് അരുൺമിശ്ര കേസിൽ നിന്ന് പിന്മാറി. പിന്നീടാണ് കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെത്തുന്നത്. എന്നാൽ ലോയയുടെ മരണത്തിന് ദുരൂഹതയില്ലെന്നും സഹജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP