Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളികൾ സ്വർഗ്ഗമെന്ന് വാഴ്‌ത്തിയ മയ്യഴിയിലെ ജനത ദുരിതത്തിൽ; ശമ്പളം മുതൽ റേഷനരി വരെ മുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി; വിനയായി സാമ്പത്തിക പ്രതിസന്ധിയും വില്ലനായി അധികാര തർക്കവും

മലയാളികൾ സ്വർഗ്ഗമെന്ന് വാഴ്‌ത്തിയ മയ്യഴിയിലെ ജനത ദുരിതത്തിൽ; ശമ്പളം മുതൽ റേഷനരി വരെ മുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി; വിനയായി സാമ്പത്തിക പ്രതിസന്ധിയും വില്ലനായി അധികാര തർക്കവും

മറുനാടൻ മലയാളി ബ്യൂറോ

മയ്യഴി: സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാര തർക്കവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ മാഹി ജനത കടുത്ത പ്രതിസന്ധിയിൽ. നിലവിൽ ലഭ്യമായിരുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും നിലച്ചിട്ട് നാളുകൾ ഏറെയായി. ജനങ്ങളുടെ ജീവിതനിലവാരത്തിനും സംതൃപ്തിക്കും മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്ന മാഹിയിൽ ഇപ്പോൾ ദുരിതത്തിന്റെ കരിനിഴൽ ചിറക് വിരിക്കുകയാണ്.

മാഹിയിലെ സൗജന്യ അരിവിതരണം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. 2011-ൽ എൻ. രംഗസ്വാമി സർക്കാരിന്റെ കാലത്താണ് 10 കിലോ സൗജന്യ അരി നൽകിത്തുടങ്ങിയത്. 2016-ൽ വി നാരായണ സാമി അധികാരമേറ്റപ്പോൾ അത് 20 കിലോയാക്കി. പിന്നീടത് ചുവപ്പ് (ബി.പി.എൽ.) കാർഡുടമകൾക്ക് 15 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മഞ്ഞ (എ.പി.എൽ.) കാർഡുടമകൾക്ക് അഞ്ച് കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാക്കി. മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ വഴിയായിരുന്നു റേഷൻ കടകളിലേക്ക് അരി വിതരണം ചെയ്തിരുന്നത്. എന്നാൽ അതിപ്പോൾ നിലച്ചിരിക്കുകയാണ്.

അരിക്ക് പകരം സബ്‌സിഡി തുക അക്കൗണ്ടിലേക്കയക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ ജനുവരിവരെയുള്ളത് മാത്രമാണ് നൽകിയത്. കാർഡുടമകളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്ന സംവിധാനമാക്കിയതിനുശേഷം 2019 ജനുവരിയിലെ സബ്‌സിഡി തുക കഴിഞ്ഞദിവസമാണ് അക്കൗണ്ടിലെത്തിയത്.

സംസ്ഥാനത്തെ ഒട്ടേറെ കോർപ്പറേഷനുകളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് കാലങ്ങളായി. നാല്പതോളം കോർപ്പറേഷനുകളിലേറെയും പ്രതിസന്ധിയിലാണ്. പാസിക്കിലെ (പോണ്ടിച്ചേരി അഗ്രോ സർവീസ് ആൻഡ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ) ജീവനക്കാർക്ക് 39 മാസമായി ശമ്പളം കിട്ടിയിട്ടില്ല. പാപ്‌സ്‌കോ (പോണ്ടിച്ചേരി അഗ്രോ പ്രോഡക്റ്റ്‌സ് ആൻഡ് സർവീസ് കോർപ്പറേഷൻ) യിൽ രണ്ടുവർഷത്തെ ശമ്പളക്കുടിശ്ശികയുണ്ട്. പോണ്ടക്‌സിൽ 12 മാസത്തെയും ഖാദി ബോർഡിൽ 11 മാസത്തെ കുടിശ്ശികയാണുള്ളത്. അങ്കണവാടി ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് അഞ്ചുമാസമായി.

രാജ്യത്തെല്ലായിടത്തും അങ്കണവാടി ജീവനക്കാരെ ഓണറേറിയം മാത്രം നൽകി നിയമനം നടത്തുമ്പോൾ പുതുച്ചേരിയിൽ സ്ഥിരനിയമനമാക്കിയത് രംഗസ്വാമി സർക്കാരാണ്. അഞ്ചുവർഷം പൂർത്തിയാവുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതും പ്രതിസന്ധിക്ക് കാരണമായി. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ ജീവനക്കാരെയാണ് ഓരോ കോർപ്പറേഷനുകളിലും തിരുകിക്കയറ്റിയത്. ഇവയെല്ലാമാണ് കോർപ്പറേഷനുകൾ നഷ്ടത്തിലാവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രളയ ബാധിതർക്കും സഹായമില്ല

പ്രദേശത്തെ പ്രളയബാധിതരെ സഹായിക്കുന്നതിനും പദ്ധതികൾ ഒന്നുമില്ല. മയ്യഴി മേഖലയിൽ പ്രളയദുരിതബാധിതരായി മുന്നൂറോളം കുടുംബങ്ങളുണ്ടെന്നാണ് റവന്യൂവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്. 27 കുടുംബങ്ങളിലെ നൂറോളംപേർ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നു. ഇവർക്ക് സഹായധനം ലഭിക്കുന്ന കാര്യത്തിലും ഇതേവരെ നടപടികളായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP