Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ; ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയത് ജെറ്റ് എയർവേസും ഇൻഡിഗോയും; യുഎഇ അനുമതി നിഷേധിച്ചാൽ ഇറാൻവഴി കറങ്ങിപ്പോകേണ്ടിവരും

ഖത്തറിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ; ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയത് ജെറ്റ് എയർവേസും ഇൻഡിഗോയും; യുഎഇ അനുമതി നിഷേധിച്ചാൽ ഇറാൻവഴി കറങ്ങിപ്പോകേണ്ടിവരും

ന്യൂഡൽഹി: അറബ് മേഖലയിൽ ഒറ്റപ്പെട്ട ഖത്തറിലേക്കു വിമാന സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാനകമ്പനികൾ അറിയിച്ചു. യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും സർവീസുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.

ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടത്തുമെന്നും തടസങ്ങളില്ലെന്നും ജെറ്റ് എയർവെയ്‌സും ഇൻഡിഗോയുമാണ് അറിയിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായ എത്തിഹാദ് എയർവെയ്‌സിന്റെ തന്ത്രപ്രധാന പങ്കാളിയാണു ജെറ്റ് എയർവെയ്‌സ്. എത്തിഹാദ് ഉൾപ്പെടെയുള്ള വിമാനകമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

ദോഹയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകൾ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്തുമെന്നു ജെറ്റ് എയർവെയ്‌സ് ട്വീറ്റ് ചെയ്തു. പതിവുപോലെ സർവീസ് ഉണ്ടാകുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇൻഡിഗോ ട്വിറ്ററിൽ അറിയിച്ചു.

ജെറ്റ് എയർവെയ്‌സ് ദിവസവും അഞ്ചു ഫ്‌ളൈറ്റുകളാണ് ദോഹയിലേക്കു സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ. എയർഇന്ത്യ കോഴിക്കോടുനിന്നു ദിവസവും മുംബൈയിൽനിന്നു ആഴ്ചയിൽ നാലുപ്രാവശ്യവും മംഗളുരുവിൽനിന്നു മൂന്നുപ്രാവശ്യവും സർവീസ് നടത്തുന്നു. ഇൻഡിഗോ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദിവസേന ദോഹയിലേക്കു പറക്കുന്നുണ്ട്.

ഖത്തറുമായുള്ള നയതന്ത്രബന്ധം ഗൾഫ് രാജ്യങ്ങൾ വിഛേദിച്ചതോടെ ഇന്ത്യയിൽനിന്നുള്ള വിമാനയാത്രയ്ക്കു ചെലവും സമയവും കൂടാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽനിന്നു ദോഹയിലേക്കുള്ള ആകാശയാത്രയിൽ രാജ്യത്തിനുമുകളിലൂടെ പറക്കുമ്പോൾ അനുമതി വാങ്ങണമെന്നു യുഎഇ ഇന്ത്യയ്ക്കു നിർദ്ദേശം നൽകിയെന്നാണു റിപ്പോർട്ട്.

യുഎഇ നിർദ്ദേശം കടുപ്പിച്ചില്ലെങ്കിൽ വിമാനയാത്ര പതിവുപോലെ നടക്കും. മറിച്ചാണെങ്കിൽ ഏറെ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടിവരും. ഇതു ടിക്കറ്റു നിരക്കു കൂട്ടാനും വഴിയൊരുക്കും. യുഎഇ നിയന്ത്രണം വച്ചാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ അറേബ്യൻ സമുദ്രത്തിനു മുകളിലൂടെ ആദ്യം ഇറാനിലെത്തണം. ഖത്തറുമായി ഇറാനു ബന്ധമുണ്ട്. അവിടെനിന്നും പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറന്നുവേണം ഖത്തറിൽ എത്താൻ. തിരികെ വരുമ്പോഴും ഈ വഴിയാണ് ആശ്രയം.

ഖത്തർ എയർവെയ്‌സിന്റെ ഫ്‌ലൈറ്റുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാര്യമായി ബാധിക്കും. ഡൽഹിയിൽനിന്നു ദോഹയിലേക്കു പാക്കിസ്ഥാന്റെ മുകളിലൂടെ പോകുന്നതിനാൽ, ഇവിടെനിന്നുള്ള യാത്രയ്ക്കു മുടക്കംവരില്ല. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരാണു പ്രയാസം അനുഭവിക്കേണ്ടി വരിക.

ഖത്തർ വഴി ദീർഘദൂര യാത്ര നടത്തുന്നവർക്കു പ്രയാസമുണ്ടാകും. യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കു ദോഹ വഴി പോകുന്നവരെയാണു ബാധിക്കുക. മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ യാത്രാസമയം ഗണ്യമായി കൂടും. രണ്ടു മണിക്കൂറിലധികം സമയം യാത്രകൾക്കു വേണ്ടിവരുമെന്നു പൈലറ്റുമാർ പറയുന്നു. ഇന്ധനവും കൂടുതൽ വേണം. ഇതിനനുസരിച്ചു ടിക്കറ്റുനിരക്കും കാര്യമായി വർധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP