ഡൽഹിയിലെ സമ്പന്നന്മാരുടെയും അധികാരലോബിയുടെയും അലങ്കാരമായിരുന്ന പത്മ അവാർഡുകളെ മോദി സർക്കാർ ജനകീയവൽക്കരിച്ചപ്പോൾ ലഭിച്ചത് അഭൂതപൂർവമായ പ്രതികരണം; ഈ വർഷം ലഭിച്ചത് 50,000 നോമിനേഷനുകൾ; ഉന്നതർക്ക് മാത്രം അപേക്ഷിക്കാൻ സാധിച്ചിരുന്നിടത്ത് ലോകത്തിന് വെളിച്ചം വീശിയ അനകം സാധാരണക്കാരും അപേക്ഷകരായി
October 12, 2018 | 09:32 AM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ അതിസമ്പന്നരുടെയും അധികാരലോബിയുടെ അടുപ്പക്കാരുടെയും കുത്തകയല്ലാതായതോടെ, നാമനിർദേശങ്ങളുടെ എണ്ണത്തിൽ വൻവർധന. 50,000 നോമിനേശനുകളാണ് ഇക്കൊല്ലം പത്മ പുരസ്കാരങ്ങൾക്കായി ലഭിച്ചത്. കഴിഞ്ഞവർഷത്തേതിൽനിന്ന് 40 ശതമാനം വർധന.
പുരസ്കാരങ്ങൾക്ക് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി സെപറ്റംബർ 15 ആയിരുന്നു. അതുവരെ ലഭിച്ചത് 49,992 നോമിനേഷനുകളാണെന്ന് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അധികൃതർ പറഞ്ഞു. 2017-ൽ ലഭിച്ചത് 35,595 നോമിനേഷനുകളായിരുന്നു. 2016-ൽ 18,768 എണ്ണവും ലഭിച്ചു. ഇതിന്റെ വ്യത്യാസം തിരിച്ചറിയണമെങ്കിൽ കുറച്ചുകൂടി പിന്നോട്ടുപോണം. 2010-ൽ ലഭിച്ചത് വെറും 1313 നോമിനേഷനുകൾ മാത്രമായിരുന്നു.
ഉന്നതർക്കുമാത്രം അവകാശപ്പെട്ടിരുന്ന പത്മ പുരസ്കാരങ്ങളെ ജനകീയമാക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളാണ് നോമിനേഷനുകളുടെ എണ്ണത്തിൽ ഇത്തരമൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്. സമൂഹത്തിന്റെ നന്മയ്ക്കായി ജീവിതത്തിലുടനീളം പോരാടുകയും എന്നാൽ, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുന്നവരെക്കൂടി പുരസ്കാരപ്രഭയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്.
ഇതിന്റെ ഭാഗമായി 2016 മുതൽ നോമിനേഷൻ നടപടികൾ ഓൺലൈനാക്കുകയാണ് കേന്ദ്രം ആദ്യം ചെയ്തത്. അജ്ഞാതരായി ജീവിക്കുന്ന ഉജ്വലവ്യക്തിത്വങ്ങളെ ശുപാർശചെയ്യാൻ ഇതോടെ ജനങ്ങൾക്ക് അവസരം കൈവന്നു. ഇതോടെ കൂടുതൽ നാമനിർദേശങ്ങൾ വന്നു. അത്യന്തം നൂലാമാലകൾ നിറഞ്ഞ നാമനിർദേശ രീതി മാറ്റി എല്ലാവർക്കും വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന നടപടികളായതോടെ, കൂടുതൽ വ്യക്തിത്വങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കെത്തുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിലാണ് 2019-ലെ പത്മ പുരസ്കാരങ്ങൾക്കുള്ള ഓൺലൈൻ നാമനിർദ്ദേശം പ്രഖ്യാപിച്ചത്. മെയ് ഒന്നിന് നിലവിൽ വരികയും സെപ്റ്റംബർ 15-ന് അവസാനിക്കുകയും ചെയ്തു. കേന്ദ്രമന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും നാമനിർദേശങ്ങൾ ക്ഷണിച്ചിരുന്നു. ഭാരതരത്ന, പത്മവിഭൂഷൺ പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ക്ഷണിച്ചിരുന്നു.
