Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണത്തിൽ പരാമർശിച്ച കാൺപുരിലെ വീട്ടമ്മ ദേശീയ താരമായി; കുടുംബം പോറ്റാൻ സോളാർ വിളക്കുകൾ മൂന്നുരൂപ ദിവസ വാടകയ്ക്ക് കൊടുത്ത് പ്രകൃതിയെ സ്‌നേഹിക്കുന്ന ഗ്രാമീണ വീട്ടമ്മയുടെ കഥ

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണത്തിൽ പരാമർശിച്ച കാൺപുരിലെ വീട്ടമ്മ ദേശീയ താരമായി; കുടുംബം പോറ്റാൻ സോളാർ വിളക്കുകൾ മൂന്നുരൂപ ദിവസ വാടകയ്ക്ക് കൊടുത്ത് പ്രകൃതിയെ സ്‌നേഹിക്കുന്ന ഗ്രാമീണ വീട്ടമ്മയുടെ കഥ

കാൺപുർ ജില്ലയിലെ ബേരി ദാരിയാവൻ ഗ്രാമത്തെക്കുറിച്ച് അന്നോളം ഉത്തർപ്രദേശിൽത്തന്നെ അധികമാർക്കും അറിയുമായിരുന്നില്ല. എന്നാൽ, ആകാശവാണിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മൻ കി ബാത്ത്' പ്രഭാഷണത്തിൽ ബേരി ദാരിയാവൻ ഗ്രാമം പരാമർശിക്കപ്പെട്ടു. നൂർ ജഹാൻ എന്ന സാധാരണ ഗ്രാമീണ വീട്ടമ്മയുടെ ഉപജീവനമാർഗമാണ് മോദിയുടെ പരാമർശത്തിനിടയായത്.

സൗരോർജ വിളക്കുകൾ ദിവസവാടകയ്ക്ക് നൽകി കുടുംബം പുലർത്തുകയാണ് നൂർ ജഹാന്റെ രീതി. ദിവസം മൂന്നുരൂപ വാടകയ്ക്കാണ് വിളക്കുകൾ നൽകുന്നത്. പ്രതിമാസം നൂറുരൂപ നിരക്കിലും വിളക്കുകൾ നൽകുന്നു. നൂർ ജഹാന്റെ വിളക്കുകൾ ഗ്രാമത്തിലെ ഒട്ടേറെ വീടുകളിൽ വെളിച്ചമായിമാറുന്നു. വൈദ്യുതി എത്താത്ത വീടുകളിൽ വെളിച്ചത്തിന്റെ തിരി തെളിക്കുകയാണ് നൂർ ജഹാന്റെ വിളക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എളിയ പ്രവൃത്തിയെ പരാമർശിച്ചതിന്റെ അഭിമാനത്തിലാണ് നൂർ ജഹാൻ ഇപ്പോൾ. കാൺപുരിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം ഇപ്പോൾ ദേശീയ ശ്രദ്ധാകേന്ദ്രമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, ഞായറാഴ്ച ദേശീയ മാദ്ധ്യമങ്ങൾ ഇവിടെയെത്തി നൂർ ജഹാന്റെ ജീവിതം പകർത്തി. നൂറുകണക്കിന് ബിജെപി പ്രവർത്തകരും സന്ദർശകരായെത്തി.

വൈദ്യുതി എത്താത്ത അമ്പതോളം കുടുംബങ്ങളെയാണ് നൂർ ജഹാൻ വെളിച്ചമണിയിക്കുന്നത്. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദി നൂർ ജഹാനെ പരാമർശിച്ചത്. ചില സാധാരണക്കാർ ഈ രംഗത്ത് മറ്റുള്ളവർക്ക് വഴികാട്ടികളായി നിൽക്കുന്നുവെന്ന് മോദി പറഞ്ഞു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത നൂർ ജഹാൻ, സൗര വിളക്കുകൾ നിർമ്മിച്ച് ഗ്രാമത്തിന് വെളിച്ചം പകരുന്ന കാര്യം മോദി എടുത്തുപറഞ്ഞു.

ലോകത്തിനുതന്നെ വെളിച്ചം പകരുന്നതാണ് നൂർ ജഹാന്റെ പ്രവർത്തിയെന്ന് മോദി പറഞ്ഞു. പാരമ്പര്യേതര ഊർജസ്രോതസ്സുകൾ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ സൗരസഖ്യത്തിന് നീങ്ങുന്നതിനിടെയാണ്, നൂർ ജഹാന്റെ പ്രവർത്തികൾ അതിന് വഴികാട്ടിയാവുന്നത്.

20 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട നൂർ ജഹാൻ മക്കളെ വളർത്തുന്നതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങിയതാണ്. തുടക്കത്തിൽ 15 രൂപ ദിവസക്കൂലിക്ക് പാടത്തും കൃഷിയിടങ്ങളിലും പണിയെടുത്തിരുന്ന നൂർ ജഹാൻ മൂന്നുവർഷം മുമ്പാണ് സൗരവിളക്കുകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. അതിന് വഴിയൊരുക്കിയത് ഒരു സന്നദ്ധ സംഘടനയും.

ഗ്രാമത്തിൽ റേഡിയോ സർവീസ് നടത്തിയിരുന്ന സംഘടന, നൂർ ജഹാന് ഒരു സോളാർ ബാറ്ററിയും വിളക്കും സമ്മാനിക്കുകയായിരുന്നു. സ്വന്തം വീട്ടിൽ വെളിച്ചമെത്തിക്കുന്നതിനാണ് തുടക്കത്തിൽ ഈ സൗരവിളക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് സംഘടനയിൽനിന്ന് കൂടുതൽ സൗര വിളക്കുകൾ ശേഖരിച്ച നൂർ ജഹാൻ അത് അയൽവീടുകൾക്കും നൽകാൻ തുടങ്ങി. പിന്നീടിത് നാടിന്റെ തന്നെ വെളിച്ചമായി മാറി. 

സർക്കാരിൽനിന്ന് സഹായം ലഭിക്കുകയാണെങ്കിൽ ഗ്രാമത്തിലെ മുഴുവൻ വീടുകളിലും വെളിച്ചമെത്തിക്കാനാവുമെന്ന് നൂർ ജഹാൻ പറയുന്നു. പ്രധാനമന്ത്രിയുടെ പരാമർശത്തിന് പാത്രമായതോടെ, തന്നെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP