Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോൺ ചോർത്തലിൽ മാത്രം സിബിഐ അന്വേഷണം ഒതുങ്ങരുതെന്ന് സിദ്ധരാമയ്യ; ബിജെപിയുടെ ഓപ്പറേഷൻ താമര സംബന്ധിച്ചും അന്വേഷണം പ്രഖ്യാപിക്കണം എന്നും കോൺഗ്രസ് നേതാവ്; രാഷ്ട്രീയ താൽപര്യങ്ങൾക്കായി സിബിഐയെ ഈ കേസിൽ ബിജെപി ഉപയോഗിക്കില്ല എന്നാണ് പ്രതീക്ഷയെന്നും കർണാടക മുൻ മുഖ്യമന്ത്രി

ഫോൺ ചോർത്തലിൽ മാത്രം സിബിഐ അന്വേഷണം ഒതുങ്ങരുതെന്ന് സിദ്ധരാമയ്യ; ബിജെപിയുടെ ഓപ്പറേഷൻ താമര സംബന്ധിച്ചും അന്വേഷണം പ്രഖ്യാപിക്കണം എന്നും കോൺഗ്രസ് നേതാവ്; രാഷ്ട്രീയ താൽപര്യങ്ങൾക്കായി സിബിഐയെ ഈ കേസിൽ ബിജെപി ഉപയോഗിക്കില്ല എന്നാണ് പ്രതീക്ഷയെന്നും കർണാടക മുൻ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: ഓപ്പറേഷൻ താമര സംബന്ധിച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കർണാടക മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരണ സമയത്തുണ്ടായ ഫോൺ ചോർത്തൽ വിവാദത്തിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഓപ്പറേഷൻ താമരയുടെ കാര്യത്തിലും വേണമെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. സഖ്യ സർക്കാരിനെ താഴെയിറക്കിയ ഓപ്പറേഷൻ താമരയെക്കുറിച്ചും ബി.എസ്.യെദ്യൂരപ്പ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യ ട്വീറ്റിൽ ആവശ്യപ്പെടുന്നു. ഫോൺ ടാപ്പിങ് വിവാദത്തിൽ സത്യം പുറത്തുകൊണ്ട് വരണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സിബിഐ അന്വേഷണത്തിന് തീരുമാനമായെന്നും നാളെ ഉത്തരവ് പുറത്തിറങ്ങുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയത്.മുൻപ് സിബിഐയെ പാവയായി ഉപയോഗിച്ച ബിജെപി തന്ത്രമാവില്ല ഇത്തവണത്തെ അന്വേഷണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് മുൻ ജെ.ഡി.എസ് നേതാവായ എച്ച്. വിശ്വനാഥൻ സഖ്യസർക്കാർ തന്റെയുൾപ്പെടെ 300 നേതാക്കളുടെ ഫോൺ ടാപ്പ് ചെയ്തുവെന്ന് ആരോപണമുയർത്തിയത്.

ഫോൺ ചോർത്തലിനെക്കുറിച്ച് മാത്രമല്ല, ബിജെപി നടത്തിയ കുതിക്കച്ചവടത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ ബിജെപി നടത്തിയ കുതിരക്കച്ചവടത്തെക്കുറിച്ച് കൂടി അന്വേഷിക്കണം. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ബിജെപി സിബിഐയെ ഉപയോഗിച്ചത് പോലെ ഈ കേസിൽ ഉണ്ടാകില്ലെന്ന് കരുതുന്നതായും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഇന്നലെയാണ് ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അടക്കം നിരവധി നേതാക്കൾ അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും യെദ്യുരപ്പ പ്രസ്താവിച്ചിരുന്നു.

ഫറാസ് അഹമ്മദും ബംഗളൂരുവിലെ നിലവിലെ പൊലീസ് കമ്മീഷ്ണർ ഭാസ്‌കർ റാവുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷ്ണർ പോസ്റ്റിനായി റാവു വില പേശുന്നതാണ് ഓഡിയോയിലുള്ളത്. റാവു ഈ മാസം ആദ്യം അധികാരത്തിലേറിയതിന് പിന്നാലെയാണ് സംഭാഷണം പുറത്തുവന്നത്. ജോയിന്റ് കമ്മീഷ്ണർ സന്ദീപ് പാട്ടീൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഒരു ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന ക്രിമിനൽ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിന് ശുപാർശ ചെയ്തു. എന്നാൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം തെരഞ്ഞെടുക്കുകയായിരുന്നു.

മുന്മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിക്ക് വിവിധ രാഷ്ട്രീയ നേതാക്കളുടെയും വിമത എംഎൽഎമാരുടെയും ഫോൺ കോളുകൾ വന്നിരുന്നുവെന്നും രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ജൂൺ - ജൂലൈ മാസങ്ങളിൽ ഫോൺ കോളുകൾ ചോർത്തി എന്നുമാണ് ആരോപണം. എല്ലാ വിമത എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്നും ഇവ ഉപയോഗിച്ച് കുമാരസ്വാമി വിമത എംഎൽഎമാരെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും അയോഗ്യനാക്കപ്പെട്ട എംഎൽഎ എ. എച്ച് വിശ്വനാഥ് പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ ഫോൺ രേഖകൾ ചോർത്തിയെന്ന ആരോപണം പുറത്തു വന്നതോടെ ജെഡിഎസ് സഖ്യകക്ഷിയായ കോൺഗ്രസും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

അതേസമയം ആരോപണങ്ങൾ തള്ളി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. താൻ മുഖ്യമന്ത്രിയായിരിക്കെ നിയമ വിരുദ്ധമായി ആരുടെയും ഫോൺ രേഖകൾ ചോർത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേര സ്ഥിരമല്ലെന്ന് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി ഫോൺരേഖകൾ ചോർത്തേണ്ടതിന്റെ ആവശ്യം എനിക്കില്ല. എനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്- കുമാര സ്വാമി മൂന്ന് ദിവസം മുമ്പ് ട്വിറ്ററിൽ കുറിച്ചു. ഈ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംസ്ഥാനത്തെ ഏക കോൺഗ്രസ് എംപി ഡി. കെ സുരേഷ് പറഞ്ഞു. ബിജെപി സർക്കാരും കേന്ദ്രവും എല്ലാ ഏജൻസികളെയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP