Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചരക്കു കപ്പലുകൾ കൂട്ടിയിടിച്ച് ചെന്നൈ തീരക്കടലിൽ എണ്ണ പടരുന്നു; 35 കിലോമീറ്റർ ദൂരപരിധിയിൽ വ്യാപിച്ചത് ഒരു ടൺ എണ്ണ; വരാൻ പോകുന്നത് കടൽ ജീവികൾ ചത്തൊടുങ്ങുന്നതടക്കം ഗുരുതര പരിസ്ഥിതി പ്രത്യാഘാതം; മത്സ്യ തൊഴിലാളികൾക്കും ഉപജീവനം മുട്ടുന്നു

ചരക്കു കപ്പലുകൾ കൂട്ടിയിടിച്ച് ചെന്നൈ തീരക്കടലിൽ എണ്ണ പടരുന്നു; 35 കിലോമീറ്റർ ദൂരപരിധിയിൽ വ്യാപിച്ചത് ഒരു ടൺ എണ്ണ; വരാൻ പോകുന്നത് കടൽ ജീവികൾ ചത്തൊടുങ്ങുന്നതടക്കം ഗുരുതര പരിസ്ഥിതി പ്രത്യാഘാതം; മത്സ്യ തൊഴിലാളികൾക്കും ഉപജീവനം മുട്ടുന്നു

ചെന്നൈ: ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ചെന്നൈ തീരക്കടലിൽ 35 കിലോമീറ്റർ ദൂരപരിധിയിൽ എണ്ണ വ്യാപിച്ചു. കൂടുതൽ മേഖലയിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ ശുചീകരണ യജ്ഞം ദ്രുതഗതിയിൽ തുടരുകയാണ്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി ആയിരത്തലധികം ആളുകളെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. അധികൃതർക്കൊപ്പം എഞ്ചിനീയറിങ് വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും ഈ വലിയ യജ്ഞത്തിൽ അണിചേർന്നിട്ടുണ്ട്. കനത്ത കാറ്റാണ് എണ്ണ തീരത്തേക്ക് വ്യാപിച്ചതിന് പ്രധാന കാരണം. ഒരു ടൺ എണ്ണ കടലിൽ പടർന്നിട്ടുണ്ടെന്നാണ് വിവരം.

കടൽത്തീരത്ത് എണ്ണ പടർന്നിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കാനുള്ള യന്ത്രം സ്ഥലത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അതുപയോഗിച്ചുള്ള ശുചീകരണം ശരിയായി നടക്കുന്നില്ല. അതിനാൽ ശുചീകരണത്തിന് കൂടുതൽ ആളുകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ചെന്നൈ കാമരാജ് തുറമുഖ ചെയർമാൻ എം.എ. ഭാസ്‌കരാചർ പ്രതികരിച്ചു.

എണ്ണ വ്യാപിച്ചത് മൂലം നിരവധി കടൽജീവികൾ ചത്തൊടുങ്ങിയിട്ടുണ്ടാകാമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പടർന്ന എണ്ണ അതിവേഗം നീക്കം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. മത്സ്യ പ്രജനനത്തെ ഇത് ബാധിക്കും. വരും മാസങ്ങളിലെ എണ്ണ വ്യാപനത്തിന്റെ പ്രത്യാഘാതം മനസ്സിലാകൂ എന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ആമകൾ ഉൾപ്പെടെയുള്ള കടൽജീവികൾ ചത്ത് തീരത്തടിയുന്നതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്‌ച്ച എംടി ബിഡബ്ല്യു മാപ്പിൾ, എംടി ഡോൺ കാഞ്ചീപുരം എന്നീ ചരക്ക് കപ്പലുകൾ കൂടിയിടിച്ചതിനെ തുടർന്നാണ് കടലിൽ എണ്ണ പടർന്നത്. മാപ്പിളിൽ എൽപിജിയും ഡോണിൽ പെട്രോളിയം ഓയിൽ ലൂബ്രിക്കന്റുമായിരുന്നു ഉണ്ടായിരുന്നത്.

എണ്ണയുടെ വ്യാപനം മത്സ്യത്തൊഴിലാളികൾക്കം കനത്ത നഷ്ടമുണ്ടാക്കി. പലരുടേയും മത്സ്യബന്ധന വലകൾ നശിച്ചു. വല നശിക്കുമോ എന്ന ഭീതിയിൽ നാല് ദിവസമായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട്. മത്സ്യ മാർക്കറ്റുകളെല്ലാം അടഞ്ഞുകിടക്കുന്നു. ഉള്ള മത്സ്യം വാങ്ങാൻ ആളില്ല. മത്സ്യത്തിൽ വിഷമുണ്ടാകുമെന്ന ഭീതിയിലാണ് സ്ഥിരം മത്സ്യം വാങ്ങാൻ എത്തുന്നവരെന്ന് മത്സ്യത്തൊഴിലാളി വനിത ആർ തമിൾശെൽവി പറയുന്നു.

എണ്ണ വ്യാപനത്തെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി റിപ്പോർട്ടില്ലെന്നാണ് സംസ്ഥാന ഫീഷറീസ് മന്ത്രി ജയകുമാർ പ്രതികരിച്ചത്. മത്സ്യം കഴിക്കുന്നതിൽ ആർക്കും ഭയം വേണ്ട. എന്നോർ, മറീന, തിരുവന്മയൂർ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. മത്സ്യത്തിൽ വിഷാംശമില്ലെന്നും ഭഷ്യയോഗ്യമാണെന്നുമാണ് ലബോറട്ടറി റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP