Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

370 എടുത്ത് കളഞ്ഞതിന്റെ കലിപ്പിൽ സംഝോത എക്സ്പ്രസ് നിർത്തലാക്കി പാക്കിസ്ഥാൻ; ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ഇനി മുതൽ ഉണ്ടാകില്ല; ഇന്ത്യൻ നിയുക്ത ഹൈക്കമ്മീഷണറേയും പുറത്താക്കിയ പാക്കിസ്ഥാൻ സിനിമകൾക്കും വിലക്കേർപ്പെടുത്തി; വ്യാപാരബന്ധം നിർത്തി വെക്കുമെന്നും നയതന്ത്ര ബന്ധം കുറയ്ക്കുമെന്നും ഇമ്രാൻ ഖാൻ

370 എടുത്ത് കളഞ്ഞതിന്റെ കലിപ്പിൽ സംഝോത എക്സ്പ്രസ് നിർത്തലാക്കി പാക്കിസ്ഥാൻ; ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ഇനി മുതൽ ഉണ്ടാകില്ല; ഇന്ത്യൻ നിയുക്ത ഹൈക്കമ്മീഷണറേയും പുറത്താക്കിയ പാക്കിസ്ഥാൻ സിനിമകൾക്കും വിലക്കേർപ്പെടുത്തി; വ്യാപാരബന്ധം നിർത്തി വെക്കുമെന്നും നയതന്ത്ര ബന്ധം കുറയ്ക്കുമെന്നും ഇമ്രാൻ ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സംഝോത എക്സ്പ്രസിന്റെ സർവ്വീസ് പൂർണമായി നിർത്തലാക്കിയെന്ന് പാക് റെയിൽവേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു. ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാക്കിസ്ഥാന്റെ നടപടി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കുമെന്നും നയതന്ത്ര ബന്ധം കുറയ്ക്കുമെന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നേരത്തേ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. ഇന്ത്യൻ നിയുക്ത ഹൈകമ്മീഷണറെയും പാക്കിസ്ഥാൻ പുറത്താക്കി. ഇന്ത്യയിൽ ഹൈക്കമ്മീഷണർ വേണ്ടെന്നും പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണർ അജയ് ബിസാരിയ നല്ലൊരു വ്യക്തിയാണെന്നും എന്നാൽ അദ്ദേഹം ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് പ്രതികരിച്ചു. കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പാക്കിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആഴ്ചയിൽ രണ്ടുതവണയായിരുന്നു സംഝോത എക്സ്പ്രസ്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ലാഹോർ ഡി.എസ് ഓഫീസിൽ നിന്നും പണം തിരികെ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഡൽഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാക്കിസ്ഥാനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന ട്രെയിനാണ് സംഝോത എക്സ്‌പ്രസ്സ്. സൗഹൃദ എക്സ്‌പ്രസ് എന്നാണ് പൊതുവിൽ ഈ ട്രെയിൻ അറിയപ്പെടുന്നത്. സംഝോത എന്ന പദത്തിന് ഹിന്ദിയിലും ഉർദുവിലും ഉടമ്പടി എന്നാണ്് അർത്ഥം. ഥാർ എക്സ്‌പ്രസ്സ് പുനഃരാരംഭിക്കുന്നത് വരെ സംഝോത എക്സ്‌പ്രസ്സ് മാത്രമായിരുന്നു ഇന്ത്യയേയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ചിരുന്ന ഏക റയിൽ ബന്ധം. സിംല കരാറിനെ തുടർന്ന് 1976 ജൂലൈ 22 നാണ് ഈ ട്രെയിൻ ആരംഭിച്ചത്. 42 കിലോമീറ്റർ ദൂരമുള്ള അമൃത്‌സറിനേയും ലാഹോറിനേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ആയിരുന്നു അക്കാലത്ത് സംഝോത എക്സ്‌പ്രസ്സ്. 1980 കളുടെ ഒടുവിൽ പഞ്ചാബിലുണ്ടായ അസ്വസ്ഥതയുടെ ഫലമായി സുരക്ഷയിലുള്ള ആശങ്കകാരണം ഇന്ത്യൻ റെയിൽവേ സംഝോത എക്സ്‌പ്രസ്സിന്റെ സേവനം അത്താരിയിൽ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. 2000 ഏപ്രിൽ 14 ന് ഇന്ത്യൻ റയിൽവേയും പാക്കിസ്ഥാൻ റയിൽവേയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ദൂരം മൂന്ന് കിലോമീറ്ററിനുള്ളിൽ ഒതുക്കാനും തീരുമാനിച്ചു.

സംഝോത എക്സ്‌പ്രസ്സ് ആരംഭിച്ചത് ദിനേനയുള്ള സേവനത്തോടെയായിരുന്നു. 1994 ൽ ആഴ്ചയിലൊരിക്കലായി. 2002 ജനുവരി ഒന്നിന് ആണ് ആദ്യമായി ഈ ട്രെയിൻ അതിന്റെ ഓട്ടം നിർത്തേണ്ടിവന്നത്. 2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നായിരുന്നു അന്ന് ഓട്ടം നിറുത്തിവെച്ചത്. എന്നാൽ 2004 ജനുവരി 15 ന് ട്രെയിൻ സേവനം പുനഃരാരംഭിച്ചു. 2007 ഡിസംബർ 27 ന് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടർന്നും സംഝോത എക്സ്‌പ്രസ്സിന്റെ ഓട്ടം താൽകാലികമായി നിറുത്തിവെച്ചു. എന്നാൽ ഇപ്പോൾ എന്നെന്നേക്കുമായി സേവനം അവസാനിപ്പിക്കുകയാണെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP