Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞത്തിനു കേന്ദ്രത്തിന്റെ വക ഉഗ്രൻ പാര; കുളച്ചൽ തുറമുഖത്തിനു കേന്ദ്രാനുമതി; കേന്ദ്രം നേരിട്ടു തുറമുഖം നിർമ്മിക്കും; കണ്ടെയ്‌നർ നീക്കത്തിന്റെ പ്രധാന കവാടമായി കുളച്ചലിനെ മാറ്റും; പൊലിയുന്നതു കേരളത്തിന്റെ സ്വപ്നങ്ങൾ

വിഴിഞ്ഞത്തിനു കേന്ദ്രത്തിന്റെ വക ഉഗ്രൻ പാര; കുളച്ചൽ തുറമുഖത്തിനു കേന്ദ്രാനുമതി; കേന്ദ്രം നേരിട്ടു തുറമുഖം നിർമ്മിക്കും; കണ്ടെയ്‌നർ നീക്കത്തിന്റെ പ്രധാന കവാടമായി കുളച്ചലിനെ മാറ്റും; പൊലിയുന്നതു കേരളത്തിന്റെ സ്വപ്നങ്ങൾ

ന്യൂഡൽഹി: കേരളത്തിന്റെ വിഴിഞ്ഞം സ്വപ്‌നങ്ങൾ തച്ചുടച്ച് തമിഴ്‌നാടിന്റെ കുളച്ചൽ തുറമുഖത്തിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. കേന്ദ്രം നേരിട്ട് കുളച്ചൽ തുറമുഖം നിർമ്മിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

ഇതോടെ കേരളത്തിന്റെ വികസനത്തിൽ ഏറെ പ്രതീക്ഷ കൽപിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖം ഇല്ലാതാകുമെന്ന ആശങ്ക ശക്തമായി. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേരളം തീരുമാനം വൈകിച്ചാൽ കുളച്ചലിനു നറുക്കുവീഴുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു.

കുളച്ചിലിനോട് മോദി സർക്കാരിന് വിഴിഞ്ഞത്തേക്കാൾ താൽപര്യമുണ്ടെന്ന വാദം ഏറെക്കാലമായി ശക്തമാണ്. വിഴിഞ്ഞത്തേക്കാൾ നിർമ്മാണച്ചെലവും സാധ്യതകളും കൂടുതലുള്ള കുളച്ചൽ തുറമുഖത്തിന്റെ നിർമ്മാണവും അദാനിയെത്തന്നെ ഏൽപിച്ചേക്കുമെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു.

വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കിലോമീറ്റർ മാത്രമാണ്. 19.8 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ). വിഴഞ്ഞത്തെപ്പോലെ തന്നെ രാജ്യാന്തര കപ്പൽചാലിൽ നിന്ന് ഒന്നരമണിക്കൂർ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാൽ സ്വാഭാവിക ആഴം കൂടുതൽ വിഴിഞ്ഞത്തിനാണ്. 20 മീറ്റർ ആഴമുള്ള ഇവിടെ 22,000 ടിഇയു ശേഷിയുള്ള പടുകൂറ്റൻ കപ്പൽ അടുപ്പിക്കാനാകും. കുളച്ചലിൽ 15 മീറ്ററാണ് ആഴം. മാത്രമല്ല രാജ്യാന്തര കപ്പൽ ചാലിലേക്കുള്ള മാർഗം തെളിക്കാൻ അടിത്തട്ടറിലെ പാറകൾ പൊട്ടിക്കേണ്ടിവരും. പക്ഷേ കേരളത്തിലെ തടസ്സങ്ങൾ മുതലെടുത്ത് മദർപോർട്ട് കുളച്ചിലേക്കു മാറ്റിയെടുക്കാൻ പരമാവധിശ്രമിക്കുകയാണ് തമിഴ്‌നാട്.

കണ്ടെയ്‌നർ നീക്കത്തിന്റെ പ്രധാന കവാടമായി കുളച്ചലിനെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ ഇനിയം എന്ന സ്ഥലത്താണു കുളച്ചൽ തുറമുഖ പദ്ധതി.

കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കങ്ങൾക്കൊടുവിലാണു കുളച്ചൽ പദ്ധതിയുടെ അനുമതിയെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ജയലളിത അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ കുളച്ചൽ തുറമുഖത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടുവെന്നാണു സൂചന. നേരത്തെ വിഴിഞ്ഞം പദ്ധതിക്കു പച്ചക്കൊടി കാട്ടിയപ്പോൾ കുളച്ചലിന്റെ കാര്യം പരിഗണിക്കുന്നില്ലെന്ന ഉറപ്പാണു കേന്ദ്രം കേരളത്തിനു നൽകിയിരുന്നത്.

ബിജെപി മന്ത്രിസഭയിൽ അംഗമായ പൊൻരാധാകൃഷ്ണനും കുളച്ചലിനായി രംഗത്തെത്തിയിരുന്നു. കുളച്ചൽ അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കഴിഞ്ഞ ഡിസംബറിലാണ് ആഗോള ടെൻഡർ വിളിച്ചത്. കേന്ദ്രസഹായത്തോടെ തുറമുഖം നിർമ്മിക്കാൻ തൂത്തുക്കുടി ചിദംബരനാർ തുറമുഖ ട്രസ്റ്റിനെയാണ് പഠനം ഏൽപ്പിച്ചത്. മൂന്നുമാസംകൊണ്ട് പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. വിഴിഞ്ഞത്തെ പോലെ തന്നെ പ്രകൃതിദത്ത തുറമുഖമാണ് കുളച്ചലും. തീരക്കടലിൽ തന്നെ 24 മീറ്റർ വരെ ആഴമുള്ളതിനാൽ കൂറ്റൻ കപ്പലുകൾക്കും അടുക്കാനാവും. കടലിന്റെ അടിത്തട്ടിന് മുകളിലായി അയഞ്ഞ ചെളിമണ്ണും അതിനുതാഴെ കട്ടികൂടിയ മണ്ണും കളിമണ്ണും ചേർന്ന മിശ്രിതവും അതിനും താഴെയായി പാറക്കെട്ടും ഉറച്ചമണ്ണുമാണ് കുളച്ചലിൽ. വൻതോതിൽ മണ്ണുമാറ്റാതെ തുറമുഖം നിർമ്മിക്കാം. അഞ്ചര കിലോമീറ്റർ നീളമുള്ള തുറമുഖത്ത് മുപ്പതോളം വൻകപ്പലുകൾ അടുപ്പിക്കാവുന്ന ബെർത്തുകൾ പണിയാം. വിഴിഞ്ഞത്തെ പോലെ അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് ഒന്നരമണിക്കൂർ ദൂരമേ കുളച്ചലിനുമുള്ളൂ. തൂത്തുക്കുടി തുറമുഖത്തിന്റെ സ്വാധീനവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP