Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ കാത്തിരിക്കുന്നത് വൻ ഇന്ധന വില വർദ്ധനവോ? ഇറാനിൽ നിന്നും എണ്ണ ഇറക്കുമതിക്കുള്ള ഇളവ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ ക്രൂഡ് ഓയിൽ; ബദൽ സംവിധാനമൊരുക്കാൻ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ

ഇന്ത്യയെ കാത്തിരിക്കുന്നത് വൻ ഇന്ധന വില വർദ്ധനവോ? ഇറാനിൽ നിന്നും എണ്ണ ഇറക്കുമതിക്കുള്ള ഇളവ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ ക്രൂഡ് ഓയിൽ; ബദൽ സംവിധാനമൊരുക്കാൻ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ധനവിലയിൽ ഗണ്യമായ വർദ്ധനവിന് വഴിയൊരുക്കി നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലേക്ക് ക്രൂഡോയിൽ കുതിക്കുന്നു. ബാരലിന് 73.82 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക്. ഇറാൻ എണ്ണയുടെ അഭാവം ലോക വിപണിയിൽ എണ്ണവില ഉയർത്തുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാനിടയാക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

എണ്ണവിലയിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായാൽ വിദേശ വ്യാപാര കമ്മിയിൽ 0.40 ശതമാനത്തിന്റെ വളർച്ചയ്ക്ക് കാരണമായേക്കുമെന്നാണ് കെയർ റേറ്റിംങ്‌സിന്റെ കണ്ടെത്തൽ. ക്രൂഡ് ഓയിൽ വിലയിൽ വൻ വർധന ഉണ്ടായാൽ, സർക്കാർ നികുതി കുറച്ച് വില നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്കുകളും ക്രമാതീതമായി വർധിക്കും.

രാജ്യത്തെ ഇന്ധന വിലയിലും വ്യാപാര കമ്മിയിലും വർധനയുണ്ടാകുമെന്ന തോന്നൽ രാജ്യത്തെ വ്യാവസായിക മേഖലയിലാകെ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറാനിൽ നിന്ന് 2.4 കോടി ടൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യത്തിനാവശ്യമായ എണ്ണയുടെ 10 ശതമാനം വരും.

ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് മറ്റുരാജ്യങ്ങളെ അമേരിക്ക വിലക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ സാമ്പത്തിക രംഗത്ത് പ്രതിസന്ധി ഉടലെടുക്കുന്നത്. ഇന്ത്യയും യുഎസും തമ്മിൽ അടുത്ത് നടക്കാനിരിക്കുന്ന ചർച്ചയിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നറിയുന്നു. ഇറാന്റെ ആണവ പദ്ധതികൾ നിർത്തി വെയ്‌പ്പിക്കാനായി അവരുടെ പ്രധാന സാമ്പത്തിക ശ്രോതസ്സായ എണ്ണ കയറ്റുമതി അവസാനിപ്പിക്കാനാണ് അമേരിക്കൻ ശ്രമം. നേരത്തേ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങൾക്ക് അമേരിക്ക ഇളവു നൽകിയിരുന്നെങ്കിലും മെയ് ഒന്നു മുതൽ ഇറാനെതിരായ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് അവസാനിക്കും.

ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കി മെരുക്കുക എന്നതാണ് അമേരിക്കൻ നയം. ഇതോടെ ഇന്ത്യ അടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇറാനുമായി എണ്ണ വ്യാപാരത്തിന് അമേരിക്ക നൽകിയിരുന്ന ഇളവുകൾ മെയ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിൽ ഇളവ് നീട്ടി നൽകണമെന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പോലും അമേരിക്ക തയ്യാറായിട്ടില്ല.

സൗദി, യുഎഇ, അമേരിക്ക തുടങ്ങിയവ എണ്ണ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഇതിനാൽ ക്രൂഡ് ഓയിൽ വില ഉയരില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇറാൻ എണ്ണയ്ക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുകയോ പുതിയ വിപണി കണ്ടെത്തുകയോ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരുകയാണെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനായി സൗദി, കുവൈറ്റ്, യുഎഇ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP