Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

11 മണിക്കു പ്രസംഗിക്കാനെത്തിയ പിണറായിയെ 12.15 ആയിട്ടും വിളിച്ചില്ല; അതൃപ്തിയിൽ രാജീവ് സർദേശായിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതിരുന്ന മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോയി; ക്രമം തെറ്റിച്ചു പിണറായിക്കു മുമ്പു സംസാരിക്കാൻ വിളിച്ചത് ചാന്ദ്രബാബു നായിഡുവിനെ; ഒരിക്കൽക്കൂടി പിണറായി വേദിവിട്ടു പ്രതിഷേധിച്ചത് ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിനിടെ

11 മണിക്കു പ്രസംഗിക്കാനെത്തിയ പിണറായിയെ 12.15 ആയിട്ടും വിളിച്ചില്ല; അതൃപ്തിയിൽ രാജീവ് സർദേശായിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതിരുന്ന മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോയി; ക്രമം തെറ്റിച്ചു പിണറായിക്കു മുമ്പു സംസാരിക്കാൻ വിളിച്ചത് ചാന്ദ്രബാബു നായിഡുവിനെ; ഒരിക്കൽക്കൂടി പിണറായി വേദിവിട്ടു പ്രതിഷേധിച്ചത് ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിനിടെ

ചെന്നൈ: സംഘാടകർ ക്രമം തെറ്റിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗവേദിയിൽ നിന്നും ഇറങ്ങിപ്പോയി. ചെന്നൈയിൽ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിനിടെയായിരുന്നു സംഭവം.

കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്. പരിപാടിയുടെ സംഘാടകർ ക്രമം തെറ്റിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദിയിൽ നിന്നും പ്രസംഗിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.

ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിന്റെ ഭാഗമായുള്ള വികസന സംവാദത്തിൽ പങ്കെടുക്കാനാണ് പിണറായി എത്തിയത്. തെക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനു പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി പനീർ ശെൽവം, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണുണ്ടായിരുന്നത്.

പതിനൊന്നര മുതൽ അരമണിക്കൂർ സമയമാണ് പിണറായിക്ക് പ്രസംഗിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ പന്ത്രണ്ടേകാൽ വരെ കാത്തിരുന്നിട്ടും അദ്ദേഹത്തെ പ്രസംഗിക്കാൻ വിളിച്ചില്ല. അതൃപ്തനായ പിണറായി വിജയൻ ഇന്ത്യാ ടുഡേ എഡിറ്റർ രാജീവ് സർദേശീയുടെ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞില്ല. സർദേശായി ആവർത്തിച്ചു ചോദിച്ചിട്ടും പിണറായി പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു. എന്നാൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മറ്റുള്ളവർക്കൊപ്പം മുഖ്യമന്ത്രിയും ദീപം തെളിയിച്ചിരുന്നു.

സമയകൃത്യതയിലടക്കം കർശനമ മനോഭാവമുള്ള പിണറായി വിജയൻ ഇതാദ്യമായല്ല യോഗവേദിയിൽനിന്ന് ഇറങ്ങിപ്പോകുന്നത്. നവംബർ 25ന് കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിങ് ഫ്‌ളാഗ് ഓഫ് ചെയ്യാനും ഉദ്ഘാടനം നിർവഹിക്കാനുമെത്തിയ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിക്കാതെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റവും പ്രോട്ടോകോൾ ലംഘനവുമാണ് പിണറായിയെ വേദിവിടാൻ പ്രേരിപ്പിച്ചത്.

പിങ്ക് പെട്രോളിംഗിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി മാത്രമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പ്രാസംഗികൻ. എന്നാൽ പരിപാടി നടക്കുന്ന ദിവസം ചടങ്ങുകളിൽ മാറ്റം വന്നു. പ്രത്യേകിച്ച് ചുമതലയൊന്നുമില്ലെങ്കിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിനിമാ നടി ഷീല അറിയച്ചപ്പോൾ അവർക്ക് കൺട്രോൾ റൂം നമ്പർ ലോഞ്ച് ചെയ്യുന്ന കർത്തവ്യവും മേയർ സൗമിനി ജെയിന് ഹ്രസ്വചിത്ര പ്രകാശനം നടത്തുന്ന ചുമതലയും നൽകി. എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു പിങ്ക് പൊലീസിനെ പരിചയപ്പെടുത്തുന്ന ചുമതല.

എന്നാൽ മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും എഡിജിപി വന്നില്ല. കൂടാതെ ചടങ്ങിലെ അവതാരക മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗത പ്രസംഗം നിർവഹിക്കാനും.അവതാരകയുടെ പിഴവ് മനസിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ മൈക്ക് വാങ്ങി തെറ്റു തിരുത്തി. മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് എഡിജിപി വേദിയിലെത്തിയത്. ചടങ്ങിനെത്തിയ എഡിജിപി ബി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി ഫൽഗ് ഓഫ് നിർവഹിക്കേണ്ട ചടങ്ങിൽ പക്ഷേ അവതാരക ക്ഷണിച്ചത് എഡിജിപിയെ പ്രസംഗിക്കാനാണ്. ഇത് കേട്ട ഉടൻ തന്നെ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിയിൽ നിന്നും എഴുന്നേറ്റു. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ പൊലീസ് കമ്മീഷണറും മറ്റും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിങ്ക് പൊലീസിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP