Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് നിർമ്മാണത്തിന് ഇനി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നിർബന്ധമാക്കാൻ കേന്ദ്രം; മികച്ച റോഡുകൾക്കൊപ്പം മലിനീകരണം ഒഴിവാക്കലും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം

റോഡ് നിർമ്മാണത്തിന് ഇനി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നിർബന്ധമാക്കാൻ കേന്ദ്രം; മികച്ച റോഡുകൾക്കൊപ്പം മലിനീകരണം ഒഴിവാക്കലും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം

ന്യൂഡൽഹി: റോഡ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. റോഡുകൾ ഏറെക്കാലം കേടുകൂടാതെ ഇരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യാനാകും എന്നതും പദ്ധതിയുടെ ഗുണമാണ്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുമ്പു ടാറിനൊപ്പം പ്ലാസ്റ്റിക് ചേർത്തു റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ മാതൃക വൻ വിജയമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രവും ഇക്കാര്യം നിർബന്ധമാക്കാൻ ആലോചിക്കുന്നത്.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പ്ലാസ്റ്റിക് ശേഖരിച്ച് റോഡ് കരാറുകാർക്കു വിൽക്കുന്നതിലൂടെ വരുമാനമാർഗവുമാകും. മാലിന്യനിർമ്മാർജനത്തോടൊപ്പം വരുമാനവും എന്ന ആശയം തദ്ദേശ സ്ഥാപനങ്ങൾ ഇരുകൈ എന്നതും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.

56 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് വർഷം തോറും ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം രാജ്യത്തെ 60 വലിയ നഗരങ്ങൾ 15,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു ദിവസം പുറന്തള്ളുന്നുണ്ട്. ഡൽഹിയിൽ മാത്രം ദിവസം 7000 ടണ്ണാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പരിസ്ഥിതിക്കു കേടുവരുമെന്നതിനാൽ ഇതിന്റെ നിർമ്മാർജനം വലിയ തലവേദനയാണ് എന്നതാണ് അവസ്ഥ.

ഈ അവസ്ഥയ്ക്കു പരിഹാരം കാണാനും റോഡുകൾക്ക് കൂടുതൽ കാലം ഗുണമേന്മ ഉറപ്പുവരുത്താനും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലൂടെ കഴിയും. മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്ലാസ്റ്റിക് റോഡുകൾ നിർമ്മിച്ചിരുന്നു.

തിരുവനന്തപുരത്ത് ശ്രീകാര്യത്തിനടുത്തുള്ള ചാവടിമുക്കു മുതൽ ഗാന്ധിപുരം വരെയും കൊച്ചിയിൽ മറൈൻ ഡ്രൈവ് റോഡുമാണ് പ്ലാസ്റ്റിക് ഉപയോഗിച്ചു പരീക്ഷണാർഥം നിർമ്മിച്ചത്. അതിനു പിന്നാലെ സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള റോഡിന്റെ നിർമ്മാണവും തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം ഹൗസിങ് ബോർഡ് ജംഗ്ഷൻ മുതൽ ആർ.എം.എസ് ജംഗ്ഷൻ വരെയുള്ള രണ്ട് കിലോ മീറ്റർ റോഡാണ് ടാർ ചെയ്തത്. പൊതുമരാമത്ത് വകുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ നഗരവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്ലാസ്റ്റിക് ടാറിങ് നടത്തുന്ന റോഡുകൾ പൊട്ടിപ്പൊളിയാതെ കൂടുതൽ കാലം നിലനിൽക്കുമെന്നതിനാലാണ് പൊതുമരാമത്ത് വകുപ്പ് പ്ലാസ്റ്റിക് റോഡുകൾക്കു പച്ചക്കൊടി കാട്ടിയത്. ഇതിൽ വെള്ളം ഇറങ്ങാത്തതിനാലാണ് കൂടുതൽ കാലം നിലനിൽക്കുന്നത്. 90 ശതമാനം ടാറും 10 ശതമാനം പ്ലാസ്റ്റികുമാണ് ഇതിൽ ചേർക്കുന്നത്. പ്ലാസ്റ്റ്ിക് ഉരുക്കി മെറ്റലിനോട് കലർത്തിയാണ് ടാറിംഗിനായി ഉപയോഗിക്കുന്നത്.

തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡുകളിലും ഏറെ വിജയം കൈവരിച്ച ഒന്നാണ് ടാർ പ്ലാസ്റ്റിക് റോഡ് പദ്ധതി. ഇനി മുതൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന റോഡ് നിർമ്മാണങ്ങളിൽ 20 ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് എൻജീനീയർമാർക്ക് കർശന നിർദ്ദേശവും നൽകിയിരുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഇത്തരം റോഡുകളുടെ നിർമ്മാണ ചെലവും കുറയ്ക്കും. റോഡിന് കൂടുതൽ ബലം കിട്ടുകയും ചെയ്യുമെന്നൃം വിലയിരുത്തലുണ്ട്. 60 മൈക്രോൺ വരെ കനമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുക. ചൂടാക്കിയ മെറ്റലിൽ പ്ലാസ്റ്റിക് തരികൾ ഇടുന്നതിനാൽ വേനൽക്കാലത്തും റോഡ് സുരക്ഷിതമായി നിലനിൽക്കുമെന്നാണ് കരുതുന്നത്.

കേന്ദ്രവും പ്ലാസ്റ്റിക് റോഡുകൾക്കു പച്ചക്കൊടി കാട്ടുന്നതോടെ രാജ്യമൊട്ടാകെയുള്ള റോഡുകളുടെ ഗുണനിലവാരം വർധിക്കുമെന്നു തന്നെ കരുതാം. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം എന്ന ലക്ഷ്യത്തിന് മുതൽക്കൂട്ടുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP