Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലവിലെ പ്രത്യേക സുരക്ഷാ സാഹചര്യത്തിൽ ലഫ് ജനറൽ റാവത്താണ് യോജിച്ച വ്യക്തി; മുസ്ലീമായതിനാൽ സീനിയറായ മലയാളിയെ ഒഴിവാക്കിയെന്ന ആരോപണത്തിന് മൂർച്ച കൂട്ടികൊണ്ട് ബിജെപിയുടെ വിശദീകരണം. നോട്ട് വിവാദത്തിന് പിന്നാലെ സേനയുടെ മനോവീര്യം കെടുത്തുന്നുവെന്ന ആരോപണവും; മോദി സർക്കാർ അതിവിമർശനത്തിൽ

നിലവിലെ പ്രത്യേക സുരക്ഷാ സാഹചര്യത്തിൽ ലഫ് ജനറൽ റാവത്താണ് യോജിച്ച വ്യക്തി; മുസ്ലീമായതിനാൽ സീനിയറായ മലയാളിയെ ഒഴിവാക്കിയെന്ന ആരോപണത്തിന് മൂർച്ച കൂട്ടികൊണ്ട് ബിജെപിയുടെ വിശദീകരണം. നോട്ട് വിവാദത്തിന് പിന്നാലെ സേനയുടെ മനോവീര്യം കെടുത്തുന്നുവെന്ന ആരോപണവും; മോദി സർക്കാർ അതിവിമർശനത്തിൽ

ന്യൂഡൽഹി : പുതിയ കരസേന മേധാവിയായി ലഫ്.ജനറൽ ബിപിൻ റാവത്തിനെ നിയമിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. സൈനികരുടെ മനോവീര്യം ഉയർത്താൻ നോട്ട് അസാധുവക്കൽ പ്രഖ്യാപിച്ച മോദി സേനയെ തകർക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. അതിനിടെ സർവീസ് സീനിയോറിറ്റി മറികടക്കാൻ പ്രേരിപ്പിച്ച 'സമ്മർദം' എന്താണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു കോൺഗ്രസും ഇടതുപക്ഷവും ആവശ്യപ്പെട്ടു. ഇതോടെ മോദി സർക്കാർ വീണ്ടും വിമർശനത്തെ നേരിടുകയാണ്.

കിഴക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പ്രവീൺ ബക്ഷി, തെക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പി.എം.ഹാരിസ് എന്നിവരെ മറികടന്നാണ് ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം കരസേനാ മേധാവിയായി നിയമിച്ചത്. പി.എം.ഹാരിസിനെ നിയമിച്ചിരുന്നെങ്കിൽ കരസേന മേധാവിയാകുന്ന ആദ്യ മുസ്ലിം ആകുമായിരുന്നെന്നും എന്നാൽ മോദിക്ക് അതിനോട് താൽപര്യമില്ലെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ഷെഹ്്‌സാദ് പൂനാവാല ട്വിറ്ററിൽ ആരോപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ജനറൽ ദൽബീർ സിങ്, ഈ മാസം 31 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് നിലവിൽ കരസേന വൈസ് ചീഫ് ആയ ജനറൽ ബിപിൻ റാവത്തിനെ മേധാവിയായി നിയമിച്ചത്. കരസേനയുടെ ഈസ്റ്റേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പ്രവീൺ ബക്ഷി, സതേൺ കമാൻഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രൽ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ബി.എസ്.നേഗി എന്നിവരെ ഒഴിവാക്കിയാണ് പുതിയ നിയമനമെന്നത് വസ്തുതയുമാണ്.

കോഴിക്കോട് ചെറൂപ്പയിലെ പട്യാരിമൽ കുടുംബാംഗമാണ് ലെഫ്റ്റനന്റ് ജനറൽ പി.എം. ഹാരിസ്. റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പി. മുഹമ്മദലിയുടെ മകനാണ് ലെഫ്. ജനറൽ ഹാരിസ്. കേരളത്തിനുപുറത്ത് ഭുവനേശ്വറിലും ചെന്നൈയിലും മറ്റുമായിരുന്നു വിദ്യാഭ്യാസം. തമിഴ്‌നാട്ടിലെ അമരാവതി നഗർ സൈനിക വിദ്യാലയത്തിലെ പഠനത്തിനുശേഷം പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് രക്ഷാസേനയിലേക്ക് പരിശീലനം തുടങ്ങിയത്. 1978 ൽ ഡെഹ്റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പുറത്തുവന്നശേഷം 12 മെക്കനൈസ്ഡ് ഇൻഫെൻട്രിയിൽ കമ്മിഷൻഡ് ഓഫീസറായി നിയമിതനായി. ലണ്ടനിലെ ക്വാബർളി സ്റ്റാഫ് കോളേജിൽ ഹയർ കമാൻഡ് കോഴ്സ് പൂർത്തീകരിച്ചു. ഡൽഹി നാഷണൽ ഡിഫൻസ് കോളേജിലെ പരിശീലനത്തിനു ശേഷം ഐക്യരാഷ്ട്രസഭയുടെ കീഴിൽ സൈന്യത്തിന്റെ നിരീക്ഷക ഓഫീസറായും ചീഫ് പേഴ്സണൽ ഓഫീസറായും പ്രവർത്തിച്ചു. മൗവിലെ ഇൻഫൻട്രി സ്‌കൂളിലും വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലും അദ്ധ്യാപകനായിരുന്നു.

എല്ലാ അർത്ഥത്തിലും യോഗ്യതയുള്ള വ്യക്തിയായിരുന്നു ഹാരീസ്. എന്നാൽ മലയാളിയെ തഴഞ്ഞതിന് കേന്ദ്രം പറയുന്ന കാര്യങ്ങൾ നീതീകരിക്കാനുമാകില്ല. സേനാ നിയമനത്തിലും മതം കലർത്തിയെന്നാണ് ആക്ഷേപം. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയം കലർത്തിയത് ശരിയായില്ല. നിലവിലെ സുരക്ഷാകാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ലഫ്.ജനറൽ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചതെന്നും ബിജെപി വ്യക്തമാക്കി. യുദ്ധസമാന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ട് പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ ബിജെപിയുടെ വിശദീകരണത്തിൽ നിലവിലെ സുരക്ഷാ സാഹചര്യമെന്ന് പറയുന്നത് കൂടുതൽ വിവാദമുണ്ടാക്കുന്നു.

പാക്കിസ്ഥാനുമായുള്ള അതിർത്തിയിലെ സംഘർഷമാണ് ഇങ്ങനെ വിശദീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. അതായത് പാക് യുദ്ധമുണ്ടാകുമ്പോൾ എങ്ങനെ മുസ്ലിം ഇന്ത്യൻ സേനയെ നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നതെന്നാണ് വിമർശനം. എന്നാൽ മികച്ച അഞ്ച് മുതിർന്ന ഓഫിസർമാരിൽ നിന്നാണ് പുതിയ കരസേനാ മേധാവിയെ തെരഞ്ഞെടുത്തതെന്നാണ് ബിജെപിയുടെ വിശദീകരണം. തെരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിയുടെ നിരാശകൊണ്ടാണ് കോൺഗ്രസ് ഈ തീരുമാനത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശർമ ആരോപിച്ചു. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

സൈന്യം, ജുഡീഷ്യറി, കേന്ദ്ര വിജിലൻസ് കമ്മിഷണർ, സിബിഐ, വിവരാവകാശ കമ്മിഷൻ തുടങ്ങി എല്ലാ മേഖലയിലും സർക്കാർ വിവാദ നിയമനങ്ങൾ നടത്തുന്നതിനെ സിപിഐ നേതാവ് ഡി.രാജ ചോദ്യംചെയ്തു. രാജ്യത്തിന്റെ ഭാവിക്കോ ജനാധിപത്യത്തിനോ ഗുണം ചെയ്യാത്ത നിർഭാഗ്യകരമായ സംഭവമാണ് ഈ നിയമനമെന്നു പാർട്ടി വക്താവ് രാജ പറഞ്ഞു. അതേസമയം, സീനിയോറിറ്റി പരിഗണിച്ചാൽ ലഫ്. ജനറൽ ബക്ഷിക്കു പിന്നാലെ ലഫ്. ജനറൽ ഹാരിസ് കരസേനാ മേധാവി ആകുമെന്നും ഒരു മുസ്ലിം ആ സ്ഥാനത്തെത്തുന്നതു പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞതിനെ ബിജെപി തള്ളി. അങ്ങനെ ചർച്ച കൊഴുക്കുകയാണ്.

എന്നാൽ സൈന്യത്തിൽ സീനിയോറിറ്റി മറികടക്കുന്നത് ഇത് ആദ്യസംഭവമല്ലെന്നു ബിജെപി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1983 ജൂലൈയിൽ ലഫ്. ജനറൽ എ.എസ്.വൈദ്യയെ കരസേനാ മേധവിയായി നിയമിച്ചത് അദ്ദേഹത്തെക്കാൾ സീനിയറായ ലഫ്. ജനറൽ എസ്.കെ.സിൻഹയെ മറികടന്നായിരുന്നു. രാജിവച്ച സിൻഹ പിന്നീട് അസമിലും ജമ്മു കശ്മീരിലും ഗവർണറായി. 1988ൽ വ്യോമസേനാ മേധാവിയായി എസ്.കെ.മെഹ്‌റയെ നിയമിച്ചതു സീനിയറായ എം.എം.സിങ്ങിനെ മറികടന്നാണ്. 2014ൽ നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ രവീന്ദ്രകുമാർ ധവാനെ നിയമിച്ചത് വൈസ് അഡ്‌മിറൽ ശേഖർ സിൻഹയെ ഒഴിവാക്കിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP