Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഉറപ്പുനൽകി വിഎസിന് പീയൂഷ് ഗോയലിന്റെ കത്ത്; പിണറായിയെ തഴഞ്ഞ് വിഎസിന് കാണാൻ സന്ദർഭം ഒരുക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ നീക്കം ബിജെപി തന്ത്രമെന്ന് വിലയിരുത്തൽ; മോദി സർക്കാരിന്റെ ഉറപ്പ് പിണറായിക്ക് അയച്ചുകൊടുത്ത് വിഎസും

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഉറപ്പുനൽകി വിഎസിന് പീയൂഷ് ഗോയലിന്റെ കത്ത്; പിണറായിയെ തഴഞ്ഞ് വിഎസിന് കാണാൻ സന്ദർഭം ഒരുക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ നീക്കം ബിജെപി തന്ത്രമെന്ന് വിലയിരുത്തൽ; മോദി സർക്കാരിന്റെ ഉറപ്പ് പിണറായിക്ക് അയച്ചുകൊടുത്ത് വിഎസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പ്രശ്‌നത്തിൽ പിണറായിയെ കാണാൻ വിസമ്മതിച്ചെന്ന ആക്ഷേപം നിലനിൽക്കെ ഈ വിഷയം ഉന്നയിക്കാൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് സമയം അനുവദിക്കുകയും അദ്ദേഹത്തിന്റെ പരാതി കേൾക്കുകയും ചെയ്ത കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ വിഎസിന് ഇക്കാര്യത്തിൽ അനുകൂല മറുപടിയും അയച്ചു. കഞ്ചിക്കോട്ടെ റെയിൽവെ കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്നാണ് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി. എസ് അചുതാനന്ദന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ എത് തരം കോച്ചുകൾ ആണ് ആവശ്യമെന്നത് വിലയിരുത്തിയാലും പദ്ധതിയുമായി മുന്നോട്ട് പോകുക എന്നും കത്തിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അലംഭാവം കാണിച്ചെന്നും കേന്ദ്ര റെയിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. കത്ത് ലഭിച്ച കാര്യം വി എസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. കഴിഞ്ഞ മാസം ഡൽഹി സന്ദർശനത്തിനിടെ പിണറായിയെ കാണാൻ റെയിൽവെ മന്ത്രി സമയം അനുവദിച്ചില്ലെന്നത് വലിയ ചർച്ചയായിരുന്നു.

എന്നാൽ അതിന് പിന്നാലെ വിഎസിനെ കാണാനും കോച്ച് ഫാക്ടറിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാതി കേൾക്കാനും കേന്ദ്രമന്ത്രി സമയം കണ്ടെത്തുകയും ചെയ്തു. ചണ്ഡീഗഡിലായിരുന്ന ഗോയൽ വി എസ്സിനെ കാണാൻ മാത്രം ഡൽഹിയിലെത്തി. കൂടിക്കാഴ്ച കഴിഞ്ഞ ഉടൻ മഹാരാഷ്ട്രയിലേക്കു പോവുകയും ചെയ്തു.

കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നു വ്യക്തമാക്കിയ മന്ത്രി, വ്യക്തിപരമായി തന്നെ ഇതിൽ ഇടപെട്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഎസിന് ഉറപ്പും നൽകിയിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി റെയിൽവേ ഉപേക്ഷിച്ചിട്ടില്ല. ഫാക്ടറി സ്ഥാപിക്കാൻ സാങ്കേതിക തടസ്സങ്ങളേയുള്ളൂ. വി എസ് വന്നതിൽ വളരെ സന്തോഷം. എന്നാൽ, വിഎസിനെപ്പോലെ മുതിർന്ന നേതാവ് നിവേദനം നൽകാൻ തന്നെ വന്നു കാണേണ്ടിയിരുന്നില്ല. - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ എംപിമാരും ഇതിന് മുമ്പ് റെയിൽ ഭവനു മുന്നിൽ കോച്ച് ഫാക്ടറിക്കു വേണ്ടി പ്രതിഷേധ ധർണ നടത്തിയിരുന്നു. അവർ മന്ത്രിയെ കാണാൻ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും എംപിമാർക്കും ലഭിക്കാത്ത ഉറപ്പാണു വിഎസിനു ലഭിച്ചത്. ഇതോടെ ഇക്കാര്യം ചർച്ചയായി. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണു പദ്ധതി പ്രഖ്യാപിക്കുന്നത്.

പദ്ധതി വരുന്നത് വി എസ് പ്രതിനിധാനം ചെയ്യുന്ന മലമ്പുഴ മണ്ഡലത്തിലും. ഇതോടെ പിണറായിയെ കാണാതെ വിഎസിനെ കാണാൻ കേന്ദ്രമന്ത്രി തീരുമാനിച്ചത് സിപിഎമ്മിനുള്ളിലെ വിഭാഗീയത മുതലെടുക്കുക എന്ന ബിജെപിയുടെ തന്ത്രമായും വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വിഎസിന് കത്തും അയച്ചതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP