Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക ദൗത്യം ഏറ്റെടുത്ത് പ്രീതി പട്ടേൽ; ഗുജറാത്തിയായ പ്രധാനമന്ത്രിയും ഗുജറാത്തിൽ ജനിച്ച് വളർന്ന ബ്രിട്ടീഷ് മന്ത്രിയും കൂടി കണ്ട് പിരിഞ്ഞത് ചരിത്രദൗത്യം ഏറ്റെടുത്ത്

ഇന്ത്യയും  ബ്രിട്ടനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക ദൗത്യം ഏറ്റെടുത്ത് പ്രീതി പട്ടേൽ; ഗുജറാത്തിയായ പ്രധാനമന്ത്രിയും ഗുജറാത്തിൽ ജനിച്ച് വളർന്ന ബ്രിട്ടീഷ് മന്ത്രിയും കൂടി കണ്ട് പിരിഞ്ഞത് ചരിത്രദൗത്യം ഏറ്റെടുത്ത്

ബ്രിട്ടനിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിക്ക് നിറഞ്ഞ പുഞ്ചിരിയോടെ മടക്കം. ഗുജറാത്തിൽ ജനിച്ചു വളർന്ന പ്രീതി പട്ടേലുമായി ഗുജറാത്തിയിൽ തന്നെ സംസാരിച്ച് കരാറുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി കാണിച്ച താൽപര്യമാണ് ഇൻഡോ-ബ്രിട്ടീഷ് ബന്ധത്തിന് പുതിയ മാനം കൈവരിക്കാൻ കാരണമാകുന്നത്. ഇന്റർനാഷണൽ ഡവലപ്‌മെന്റ് സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റ പ്രീതി പട്ടേലിന്റെ പ്രധാന ദൗത്യത്തിൽ ഒന്നു ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഉറപ്പിക്കുകയാണെന്നു നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു.

ഫിനാൻഷ്യൽ സർവീസുകൾ, നിക്ഷേപം, കഴിവുകളെ പങ്ക് വയ്ക്കൽ തുടങ്ങിവയിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പ് വരുത്തി ഇരു സമ്പദ് വ്യവസ്ഥകൾക്കും മെച്ചമുണ്ടാക്കാൻ തന്റെ ഇന്ത്യ സന്ദർശനത്തിലൂടെ സാധിച്ചെന്നാണ് മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ അവസാനമായ ഇന്നലെ പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യ 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടൻ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ അവസരത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിൽ കൂടുതൽ വികസനബന്ധം മെച്ചപ്പെടുത്താനാണ് ബ്രിട്ടൻ നീക്കങ്ങൾ നടത്തുന്നത്.

കഴിഞ്ഞ നവംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലേക്ക് തന്റെ ചരിത്രപരമായി പ്രാധാന്യമുള്ള സന്ദർശനം നടത്തിയിരുന്നു. അന്ന് പ്രീതി പട്ടേൽ മോദിയുമായി നടത്തിയ ചർച്ചകളെ തുടർന്ന് തന്നെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതുയുഗത്തിന് നാന്ദി കുറിക്കപ്പെട്ടിരുന്നു. ബിസിനസ്, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അന്ന് തീരുമാനമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ജോലിസാധ്യത, വ്യാപാരത്തെ പുഷ്ടിപ്പെടുത്തൽ തുടങ്ങിയവയെ ത്വരിതപ്പെടുത്തുന്നതിനായി ബ്രിട്ടന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്താൻ അന്ന് തന്നെ ഇരു നേതാക്കളും ധാരണയായിരുന്നു. ഈ വിനമയം ബ്രിട്ടനും ഗുണകരമാണ്.

തന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രീതി പട്ടേൽ ഇവിടുത്തെ ധനകാര്യം, നഗരവികസനം, അഭ്യന്തരം, തുടങ്ങിയ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടൻ ബിസിനസുകൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഈ ചർച്ചകൾക്കിടെ പ്രീതി അടിവരയിട്ട് വെളിപ്പെടുത്തിയിരുന്നു. ഏറെക്കൂറെ ഒരേ ചരിത്രം പങ്ക് വയ്ക്കുന്ന രാജ്യങ്ങളായതിനാൽ ബ്രിട്ടനും ഇന്ത്യയ്ക്കും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നാണ് പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും ജനാധിപത്യമൂല്യങ്ങൾ തമ്മിലും ശക്തമായ ബന്ധമുണ്ടെന്നും അവർ വിശദമാക്കുന്നു. ഇത്തരം ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ താൻ പ്രതിനിധാനം ചെയ്യുന്ന സർക്കാർ ആഗ്രഹിക്കുന്നുവെന്നും അവർ വെളിപ്പെടുത്തി. ഇതിലൂടെ ഇരു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയും വ്യാപാരവും നിക്ഷേപവും വളരാനും വഴിയൊരുക്കും. ഇക്കാര്യം താൻ മോദിയുമായി ചർച്ച ചെയ്തുവെന്നും കഴിഞ്ഞ വർഷം യുകെയിൽ വന്നപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ താൽപര്യം വെളിപ്പെടുത്തിയിരുന്നുവെന്നും പ്രീതി പറയുന്നു.

ഇന്ത്യൻ ധനകാര്യമന്ത്രാലയവുമായുള്ള പങ്കാളിത്തത്തെയും ബ്രിട്ടനിലെ ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി സ്വാഗതം ചെയ്യുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക വികസനത്തിനായി യുകെ- ഇന്ത്യ ബന്ധങ്ങളും പരിഷ്‌കരണ മുൻഗണനകളും മെച്ചപ്പെടുന്നതാണ്. സ്മാർട്ട് സിറ്റികൾ നിർമ്മിച്ച് കൊണ്ടും കഴിവുകൾ ത്വരിതപ്പെടുത്തിക്കൊണ്ടും എനർജി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തിക്കൊണ്ടും ഏത് വിധത്തിലാണ് യുകെ ഇന്ത്യയുടെ സാമ്പത്തിക അജൻഡയെ പിന്തുണയ്ക്കുകയെന്ന കാര്യം ധനകാര്യമന്ത്രിയുമായും മുതിർന്ന സാമ്പത്തിക കമ്പനികളുമായുമുള്ള ചർച്ചകൾക്കിടെ പ്രീതി പട്ടേൽ വിശദീകരിച്ചിരുന്നു.

ഈ മാസം തുടക്കത്തിൽ ആദ്യത്തെ റുപ്പീ-ഡിനോമിനേറ്റഡ് ബോണ്ട് ലണ്ടനിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയും യുകെയും തമ്മിൽ വളർന്ന് വരുന്ന അടുത്ത സാമ്പത്തിക സഹകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇത് എടുത്ത് കാട്ടപ്പെടുന്നത്. ഇന്ത്യയിൽ സ്മാർട്ട് സിറ്റികൾ കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയായി യുകെ സാമ്പത്തിക രംഗം, ഇൻഫ്രാസ്ട്രക്ചർ, ഗവേണൻസ്, സുരക്ഷ തുടങ്ങിയവയിലുള്ള പാടവം ഇന്ത്യയുമായി പങ്ക് വച്ച് ഇവിടുത്തെ നഗരവികസനത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിയെ സഹായിക്കുന്നതാണ്. സ്മാർട്ട് സിറ്റികൾ ഇത്തരത്തിൽ സംയുക്തമായി പടുത്തുയർത്തുന്നതിലൂടെ ഇവിടുത്തെ ജോലി സാധ്യതകൾ വർധിക്കുകയും ഇരു രാജ്യങ്ങളുടെയും വളർച്ചയും അഭിവയോധികിയും ത്വരിതപ്പെടുകയും ചെയ്യും.

തന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ പ്രീതി പട്ടേൽ മധ്യപ്രദേശ് മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. ഈ പ്രദേശത്ത് സ്മാർട്ട്സിറ്റികൾ നിർമ്മിക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം നടത്തുന്ന മധ്യപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റർ സമ്മിറ്റിൽ യുകെ ഒരു പ്രതിനിധിയായി പങ്കെടുക്കുമെന്ന് പ്രീതി പട്ടേൽ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള യുകെയുടെ പുതിയ പിന്തുണയിലൂടെ രണ്ട് മില്യൺ പേർക്ക് ജോലി ലഭിക്കാനും ബിസിനസ് ആരംഭിക്കാനും തങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ധനം ലഭിക്കാൻ സഹായകമായി വർത്തിക്കുന്നതാണ്. ഇന്ത്യയിലെസ്വകാര്യ മേഖലയിൽ ബ്രിട്ടൻ നിക്ഷേപം നടത്തുന്നതിലൂടെ ഇവിടുത്തെ പാവപ്പെട്ടവർക്ക് മെച്ചമുണ്ടാകും. ഇതിലൂടെ യുകെയിലേക്കുള്ള നിക്ഷേപവും വർധിക്കും. ഇതിലൂടെ ഇരു രാജ്യങ്ങൾക്കും മെച്ചമുണ്ടാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP