കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഭരണഘടനാ വിരുദ്ധമായി; ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു കേന്ദ്രസർക്കാർ നീക്കം; ബിജെപി ഒരാളുടെ വാക്കുകൾ മാത്രമാണ് കേൾക്കുന്നത്; കോൺഗ്രസിൽ എല്ലാവരുടെയും വാക്കുകൾക്ക് പ്രാധാന്യമുണ്ട്: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
August 13, 2019 | 09:03 PM IST | Permalink

സ്വന്തം ലേഖകൻ
സോൻഭദ്ര: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധമായ നടപടിയിലൂടെയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ നീങ്ങിയതെന്നും ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വെച്ച് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി.
കോൺഗ്രസ് ഭരണഘടന സംരക്ഷിക്കുന്നതിനായാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്. അതേസമയം ബിജെപി ഒരാളുടെ വാക്കുകൾ മാത്രമാണ് കേൾക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ കോൺഗ്രസിൽ എല്ലാവരുടെയും വാക്കുകൾക്ക് പ്രാധാന്യമുണ്ട്. ശരിയായ ചർച്ച നടത്തി മാത്രമെ കോൺഗ്രസ് തീരുമാനങ്ങളെടുക്കൂവെന്നും അവർ അവകാശപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയ നടപടിക്കെതിരെയാണ് രാഹുൽ ഗാന്ധി നിപാട് കൈക്കൊണ്ടത്. ഈ വിഷയത്തിൽ രാഹുലിന്റെ നിലപാടിന് സമാനമാണ് പ്രിയങ്കയുടെ നിലപാടും.
അതേസമയം കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അടക്കം കാശ്മീർ വിഷയത്തിന്റെ നിലപാടിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു. രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നും എംപി സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. പ്രിയങ്കയ്ക്കൊപ്പം യു.പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ജ്യോതിരാദിത്യ സിന്ധ്യയും മോദി സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത് കോണ്ഡഗ്രസിന് കനത്ത തിരിച്ചടിയായി. പിന്നാലെയാണ് വിഷയത്തിൽ പ്രിയങ്കയുടെ പ്രതികരണം.
ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 ഗോത്രവർഗ വിഭാഗക്കാരായ ഗ്രാമീണർ കൊല്ലപ്പെട്ട സോൻഭദ്രയിലെ ഉംഭ ഗ്രാമം സന്ദർശിക്കവെയാണ് പ്രിയങ്ക മാധ്യമങ്ങളോട് സംസാരിച്ചത്.