Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രത്‌നങ്ങളുടെ വിലക്ക് ചില്ലുപാത്രങ്ങൾ വാങ്ങാൻ തയാറാകുന്ന ആളല്ല ഞാൻ. മാനുഷികതയെ അതിജയിക്കാൻ ദേശസ്‌നേഹത്തെ പ്രാണനുള്ള കാലത്തോളം അനുവദിക്കില്ല; അമിത ദേശഭക്തിയെ നരഭോജനമായി കണ്ട ടാഗോർ വീണ്ടും ചർച്ചയാകുമ്പോൾ

രത്‌നങ്ങളുടെ വിലക്ക് ചില്ലുപാത്രങ്ങൾ വാങ്ങാൻ തയാറാകുന്ന ആളല്ല ഞാൻ. മാനുഷികതയെ അതിജയിക്കാൻ ദേശസ്‌നേഹത്തെ പ്രാണനുള്ള കാലത്തോളം അനുവദിക്കില്ല; അമിത ദേശഭക്തിയെ നരഭോജനമായി കണ്ട ടാഗോർ വീണ്ടും ചർച്ചയാകുമ്പോൾ

ദേശീയഗാനം രചിച്ച മഹാകവി രവീന്ദ്രനാഥ ടാഗോർ 1908ൽ തന്റെ സുഹൃത്ത് എ.എം. ബോസിന് അയച്ച കത്തിൽ ഇങ്ങനെ എഴുതി: ''ദേശഭക്തി ഒരിക്കലും നമ്മുടെ അന്തിമമായ ആത്മീയ സങ്കേതമാകാൻ പാടില്ല. രത്‌നങ്ങളുടെ വിലക്ക് ചില്ലുപാത്രങ്ങൾ വാങ്ങാൻ തയാറാകുന്ന ആളല്ല ഞാൻ. മാനുഷികതയെ അതിജയിക്കാൻ ദേശസ്‌നേഹത്തെ പ്രാണനുള്ള കാലത്തോളം ഞാൻ അനുവദിക്കാനും പോകുന്നില്ല''. കേംബ്രിജ് യൂനിവേഴ്‌സിറ്റി ടാഗോറിന്റെ തെരഞ്ഞെടുത്ത കത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൽ ഈ കത്തും ഉൾപ്പെടുത്തുകയുണ്ടായി.

'ജനഗണമന' എന്നാരംഭിക്കുന്ന ടാഗോറിന്റെ ഗീതകം 1911ലാണ് ആദ്യമായി ആലപിക്കപ്പെട്ടത്. കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമായിരുന്നു വേദി. ഈ ആദ്യാവതരണം 105 വർഷം പിന്നിടുന്ന ഈ സന്ദർഭത്തിലാണ് ദേശീയഗാനം സിനിമാഹാളുകളിൽ നിർബന്ധമാക്കുന്ന വിധിയുമായി സുപ്രീംകോടതി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ റോയിയും അടങ്ങുന്ന ബെഞ്ച്് നവംബർ 30നായിരുന്നു ആ വിധി നൽകിയത്.

ദേശീയഗാനം ആലപിക്കുമ്പോൾ ആദരസൂചകമായി സർവരും എഴുന്നേറ്റുനിൽക്കേണ്ടത് നിർബന്ധമാക്കണമെന്നും വിധി അനുശാസിക്കുന്നു. അങ്ങനെ എഴുന്നേറ്റുനിൽക്കൽ ദേശീയഗാനത്തോടുള്ള വിശുദ്ധമായ ബാധ്യതയാണെന്നും കോടതി നിരീക്ഷിക്കുന്നു. ദേശസ്‌നേഹം പരിധിവിടുന്നതിനെതിരെ അതിശക്തമായ മുന്നറിയിപ്പുകൾ നൽകുകയുണ്ടായി മഹാകവി ടാഗോർ. അമിത ദേശഭക്തിയെ നരഭോജനത്തോടായിരുന്നു അദ്ദേഹം ഉപമിച്ചത്.

തൃണമൂൽ കോൺഗ്രസ് എംപി സുഗത ബോസ് ഈയിടെ പാർലമെന്റിൽ പ്രകടിപ്പിച്ച ആശങ്കയിൽ ഒട്ടും അതിശയോക്തിയില്ല. ''ദേശീയതയെ സങ്കുചിതമായി വ്യാഖ്യാനിക്കുന്നവർ ഭാവിയിൽ രവീന്ദ്രനാഥ ടാഗോറിനെ ദേശദ്രോഹിയായി മുദ്രകുത്തിയാലും അദ്ഭുതത്തിനവകാശമില്ല. ദേശീയതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ അത്രമാത്രം വിശാലവും ശക്തവുമായിരുന്നു'' എന്നായിരുന്നു അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടിയത്. ദേശീയതയെ ജീവിതത്തിലുടനീളം ടാഗോർ വിമർശനവിധേയമാക്കിക്കൊണ്ടിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം മഹാത്മ ഗാന്ധിയുടെ നിലപാടുകൾവരെ ചോദ്യം ചെയ്തു.

ദേശത്തോടുള്ള സ്‌നേഹം ദേശത്തോടുള്ള ആരാധന ('വിശുദ്ധമായ നിർബന്ധ ബാധ്യത') ആയിത്തീരുമ്പോൾ ദുരന്തം ആകും അനിവാര്യമായ പ്രത്യാഘാതമെന്ന് ടാഗോർ അഭിപ്രായപ്പെട്ടു. ഒരിക്കൽ അദ്ദേഹം ഇപ്രകാരം എഴുതി: ''എന്റെ രാജ്യത്തെ സേവിക്കാൻ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, പരമസത്യത്തെ മാത്രമാണ് ഞാൻ ആരാധിക്കാറുള്ളത്. സത്യം രാഷ്ട്രത്തെക്കാൾ മഹത്വമേറിയതാകുന്നു. രാജ്യത്തെ ദൈവതുല്യമായി കരുതി ആരാധിക്കുന്നത് ശാപത്തിന് മാത്രമേ കാരണമാകൂ.'' 'വീടും ലോകവും' എന്ന നോവലിലെ നായക കഥാപാത്രത്തിലൂടെയാണ് ടാഗോർ ഈ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നത്. ടാഗോറിന്റെ അപരവ്യക്തിത്വം തന്നെയാണ് ഈ നായക കഥാപാത്രം.

അഭിപ്രായഭിന്നതകൾക്കും വിയോജിപ്പുകൾക്കും ഏത് വ്യവസ്ഥിതിയിലും ഇടം ലഭിക്കണമെന്ന് ടാഗോർ സദാ വാദിച്ചു. സോവിയറ്റ് യൂനിയൻ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ച ഘട്ടത്തിൽ ആ നടപടിയെ സ്വാഗതം ചെയ്ത മഹാകവി അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്‌ളെന്നും ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങൾ അടിച്ചേൽപിക്കുന്നപക്ഷം ലോകം ഊഷരഭൂമിയായി മാറുമെന്നും യാന്ത്രികമായ ക്രമീകരണങ്ങൾ ലോകത്തെ രസഹീനമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങൾ അക്രമങ്ങൾക്ക് ജന്മം നൽകും. സത്യം അംഗീകരിക്കപ്പെടാൻ മാനസിക സ്വാതന്ത്ര്യം അനുപേക്ഷണീയമാണ്.

മഹാത്മ ഗാന്ധിയുമായി ദാർശനികമായ ചാർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഗാന്ധിജിയുടെ ദേശീയവാദത്തെ സംബന്ധിച്ച് ടാഗോർ സന്ദേഹങ്ങൾ ഉന്നയിച്ചു. ദേശീയതയും അപരവിദ്വേഷവും തമ്മിലുള്ള അന്തരം നേർത്തതാണെന്ന് അദ്ദേഹം ഗാന്ധിജിക്ക് മുന്നറിയിപ്പ് നൽകി. 1921ൽ കൊൽക്കത്തയിൽ തന്റെ വസതി സന്ദർശിക്കാനത്തെിയപ്പോഴും ഗാന്ധിജിയുമായി ടാഗോർ സംവാദങ്ങൾ തുടർന്നു. 'ദേശീയത ബന്ധനമാണ്' എന്നായിരുന്നു ടാഗോറിന്റെ നിലപാട്. ഈ നിലപാട് 'മോഡേൺ റിവ്യൂ' എന്ന മാസികയിലെഴുതിയ ലേഖനത്തിലൂടെയും അദ്ദേഹം പങ്കുവെക്കുന്നതായി കാണാം. ദേശീയതയുടെ ബന്ധനത്തെ ഉന്മൂലനം ചെയ്യുന്നതുവഴി മാത്രമേ മനുഷ്യരുടെ സാർവത്രിക ഐക്യം സാക്ഷാത്കരിക്കാൻ സാധിക്കൂ എന്നും ടാഗോർ അഭിപ്രായപ്പെട്ടു. വികാരതീവ്രമായ ദേശീയത ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതിൽ അദ്ദേഹം കടുത്ത നൈരാശ്യം പ്രകടിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തോടെയാണ് ഈ പ്രവണത ശക്തി പ്രാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1933ൽ അഡോൾഫ് ഹിറ്റ്‌ലർ ജർമനിയിൽ ഏകാധിപതിയായി അധികാരമേറ്റ ഘട്ടത്തിൽ ടാഗോർ 'ദി ചെയ്ഞ്ചിങ് എയ്ജ്' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനവും ദേശീയതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകി. ജർമനിയിലെ ഭരണമാറ്റത്തെ സംബന്ധിച്ച ടാഗോറിന്റെ നിരീക്ഷണങ്ങൾ ഇപ്രകാരമായിരുന്നു. ''യൂറോപ്യൻ നാഗരികതയുടെ ശോഭ ഏറ്റവും മിഴിവോടെ പ്രകാശിച്ചിരുന്ന ജർമനി സംസ്‌കാരത്തിന്റെ സർവമൂല്യങ്ങളെയും വലിച്ചുകീറി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവരണാതീതമായ പൈശാചികതയാണ് ജർമനിയെ ഗ്രസിച്ചിരിക്കുന്നത്.''

ദേശീയതയെ സംബന്ധിച്ച വിമർശനാത്മക നിലപാടുകൾ അക്കാലത്തുപോലും ടാഗോറിന്റെ ജനപ്രീതി നഷ്ടപ്പെടുത്തുകയുണ്ടായി. മഹാത്മ ഗാന്ധി അദ്ദേഹത്തെ കുറ്റപ്പെടുത്തി. 'സ്വന്തം ആശയങ്ങളുടെ ലോകത്താണ് കവിയുടെ വാസം' എന്നായിരുന്നു ഗാന്ധിജിയുടെ വിമർശനം. ഗാന്ധിജി നേതൃത്വം നൽകിയ നിസ്സഹകരണ പ്രസ്ഥാനത്തോട് ടാഗോറിന് യോജിക്കാൻ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സി.എഫ്. ആൻഡ്രൂസ് എന്ന സുഹൃത്തിനയച്ച കത്തിൽ മഹാകവി തന്റെ ഭയാശങ്കകളും പങ്കുവെക്കുകയുണ്ടായി. അപ്പോൾ ന്യൂയോർക്കിലായിരുന്നു ടാഗോർ. ''രാജ്യത്തെക്കാൾ മഹത്ത്വം ദൈവത്തിനാണ് എന്ന് വിശ്വസിക്കുന്ന എന്റെ നിലപാടുകൾക്ക് എന്റെ നാട്ടുകാരുടെ ഹൃദയത്തിൽ ഇടമില്‌ളെന്ന് തോന്നുന്നു'' എന്നായിരുന്നു കത്തിലെ നിരീക്ഷണം. 'ടാഗോർസ് നാഷനലിസം' എന്ന കൃതിയുടെ അവതാരികയിൽ ടാഗോറിന്റെ കത്തിലെ പരാമർശങ്ങൾ രാമചന്ദ്രഗുഹ ഉദ്ധരിക്കുന്നത് കാണാം.

(കടപ്പാട്: ഇന്ത്യൻ എക്സ്‌പ്രസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP