Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴകം പിടിക്കാൻ ഒരുങ്ങിയിറങ്ങി രജനീകാന്ത്; തൂത്തുക്കുടി വിഷയത്തിൽ ഇടപെട്ട് 'മക്കളുടെ' കൈയടി നേടി; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു; സാമൂഹ്യ വിരുദ്ധശക്തികളാണ് കലാപത്തിന് പിന്നിലെന്ന വിമർശനവും

തമിഴകം പിടിക്കാൻ ഒരുങ്ങിയിറങ്ങി രജനീകാന്ത്; തൂത്തുക്കുടി വിഷയത്തിൽ ഇടപെട്ട് 'മക്കളുടെ' കൈയടി നേടി; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു; സാമൂഹ്യ വിരുദ്ധശക്തികളാണ് കലാപത്തിന് പിന്നിലെന്ന വിമർശനവും

ചെന്നൈ: തമിഴ്‌നാട്ടിൽ ജനമനസുകളിൽ സ്വാധീനമുറപ്പിച്ച് വീണ്ടും രജനീകാന്ത്. തൂത്തുക്കുടിയിലുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു. സജീവരാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന പ്രഖ്യാപനം നടത്തിയ രജനീകാന്തിന്റെ ജനപിന്തുണ വർധിപ്പിക്കാൻ മുതൽക്കൂട്ടാകുന്നതാണ് ഈ ഇടപെടൽ.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരിച്ച 13 പേരുടെയും കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം നൽകുമെന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്ന തൂത്തുക്കുടിയും പരുക്കേറ്റവരെ പാർപ്പിച്ചിരിക്കുന്ന ആശുപത്രിയും സന്ദർശിച്ച ശേഷമാണ് തലൈവർ ഇത് പറഞ്ഞത്. പാർട്ടി രൂപീകരിച്ച് സജീവരാഷ്ട്രീയത്തിലിറങ്ങുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നു. ഈ ഇടപെടലുകൾ അദ്ദേഹത്തിന്റെ ജനസ്വാധീനം കാര്യമായി വർധിപ്പിക്കുന്നതാണ്. തൂത്തുക്കുടി വെടിവെപ്പുണ്ടായപ്പോഴും സർക്കാരിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുവന്ന രജനി കയ്യടി നേടിയിരുന്നു.

വെടിവെയ്‌പ്പിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും വെടിവെയ്‌പ്പിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്നും രജനീകാന്ത് കുറ്റപ്പെടുത്തി. സ്റ്റെർലൈറ്റ് കമ്പനി ഉടമകളുടെ നടപടിയെ മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച രജനീകാന്ത് കമ്പനി ഇനി തുറക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

അതേസമയം സാമൂഹ്യവിരുദ്ധശക്തികളാണ് കലാപത്തിന് പിന്നിലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. വ്യാപകമായ പരിസരമലിനീകരണം നടത്തുന്നതിന്റെ പേരിൽ തൂത്തുക്കുടിയിൽ ചെമ്പ് കമ്പനികൾക്കെതിരേ പ്രദേശവാസികൾ ശക്തമായ സമരത്തിലായിരുന്നു. ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളിൽ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീർഘനാളായി പ്രദേശവാസികൾ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

പൊലീസ് നടത്തിയ വെടിവയ്‌പ്പിനെതിരേ കമൽഹാസനടക്കമുള്ള താരങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നു. വിഷയത്തിൽ രജനി തുടരുന്ന മൗനത്തിൽ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെത്തിയ രജനികാന്ത് സംഘർഷം സാമൂഹ്യവിരുദ്ധശക്തികൾ ആസുത്രണം ചെയ്തതാണെന്ന് പ്രസ്താവിച്ചത്.

ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളെ ഉരുക്കിമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ മുൻ ജയലളിതയ്ക്കുള്ള കഴിവിനെ സൂപ്പർതാരം പ്രകീർത്തിക്കുകയും ചെയ്തു. ജയലളിതയുടെ ഈ മാതൃക ഇപ്പോഴത്തെ തമിഴ്‌നാട് സർക്കാർ സ്വീകരിക്കണമെന്നും രജനി പറഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ എന്തുവിലകൊടുത്തും തകർക്കണം. ഇവർ തമിഴ്‌നാടിന് ഭീഷണിയാണ് -രജനികാന്ത് വ്യക്തമാക്കി.

പ്രതിഷേധം കലാപത്തിലേക്ക് നയിച്ചത് ആരെന്ന് പൊലീസ് കണ്ടെത്തണം. സിസിടിവി ദൃശ്യമടക്കമുള്ളവ പരിശോധിച്ച് കലാപത്തിന് നേതൃത്വം നൽകിയ ദേശവിരുദ്ധശക്തികളെ പൊലീസ് തിരിച്ചറിയണം. ഇവരെ തിരിച്ചറിഞ്ഞ് ഇവരുടെ ചിത്രങ്ങൾ പത്രങ്ങളിലും ടെലിവിഷനിലും പ്രസിദ്ധീകരിക്കണം. കർശനമായ ശിക്ഷയും ഇവർക്ക് നൽകണം -രജനികാന്ത് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP