Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു പതിറ്റാണ്ടു കൊണ്ട് രാജ്യത്തെ പ്രമുഖ ഐടി കേന്ദ്രമായി മാറിയ പൂനയിൽ ജോലി ചെയ്യുന്നത് നാലു ലക്ഷം പേർ; സെക്യൂരിറ്റിക്കാരെ നിയമിക്കുന്ന കമ്പനികൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നില്ല; മലയാളി ടെക്കിയുടെ കൊലയ്ക്കു പിന്നാലെ ഐടി മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ചർച്ചയാകുന്നു

രണ്ടു പതിറ്റാണ്ടു കൊണ്ട് രാജ്യത്തെ പ്രമുഖ ഐടി കേന്ദ്രമായി മാറിയ പൂനയിൽ ജോലി ചെയ്യുന്നത് നാലു ലക്ഷം പേർ; സെക്യൂരിറ്റിക്കാരെ നിയമിക്കുന്ന കമ്പനികൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നില്ല; മലയാളി ടെക്കിയുടെ കൊലയ്ക്കു പിന്നാലെ ഐടി മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ചർച്ചയാകുന്നു

പൂന: മലയാളിയായ രസീലയുടെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണു പൂനയിലെ ഐടി ജീവനക്കാർ. ലക്ഷക്കണക്കിനു പേർ ജോലി ചെയ്യുന്ന പൂനയിലെ ഐടി മേഖലയിൽ നിലനിൽക്കുന്ന കടുത്ത സുരക്ഷാ അപര്യാപ്തത കൂടിയാണ് രസീലയുടെ മരണത്തോടെ പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പൂന രാജ്യത്തെ പ്രമുഖ ഐടി കേന്ദ്രമായി പൂണെ മാറിയയത്. മലയാളികളടക്കം ലക്ഷക്കണക്കിനു പേരാണ് തൊഴിൽ സാധ്യത അന്വേഷിച്ച് ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.

പൂന ഇൻഫോസിസ് ഓഫീസിനുള്ളിൽ നടന്ന കൊലപാതകത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായ കോഴിക്കോട് സ്വദേശിനിയായ രസീല രാജു എന്ന 25കാരിയാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായിട്ടുണ്ട്. രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന ജീവനക്കാർ ആക്രമണത്തിന് ഇരയാകുന്ന സംഭവം മുമ്പും പൂനയിൽ അരങ്ങേറിയിട്ടുണ്ട്. എന്നാൽ സുരക്ഷിതമെന്നു കരുതുന്ന സ്വന്തം ഓഫീസിനുള്ളിൽ നടന്ന കൊല ജീവനക്കാരെ മൊത്തം ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.

പൂനയിൽ മുന്നൂറിലധികം ഐടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ എല്ലാംകൂടി ഏകദേശം നാലു ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇൻഫോസിസിന്റെ ജീവനക്കാർതന്നെ മുപ്പതിനായിരത്തോളം വരും.

വേണ്ടത്ര അന്വേഷണങ്ങൾ നടത്തി ഉറപ്പുവരുത്താതെ സെക്യൂരിറ്റിക്കാരെ നിയമിക്കുന്നതാണ് ഇത്തരം ദുരന്തങ്ങൾ വരുത്തിവയ്ക്കുന്നതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരെ നൽകുന്നതു കരാർ സ്ഥാപനങ്ങളാണെന്നും അതിനാൽ ഇവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ആ സ്ഥാപനമാണെന്നുമാണ് ഇൻഫോസിസ് കേന്ദ്രങ്ങൾ പറയുന്നത്.

മിക്ക ഐടി കമ്പനികളും സെക്യൂരിറ്റി, ടാക്‌സി ആവശ്യങ്ങൾക്കായി ഇതര കരാർ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് പതിവ്. ഇങ്ങനെ ജോലിക്കെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കേണ്ടത് ഇവരെ എത്തിച്ചുതരുന്ന സ്ഥാപനങ്ങളാണെന്നാണ് ഐടി കമ്പനികളുടെ വാദം.

രണ്ടു പതിറ്റാണ്ടിനുള്ളിൽ നിരവധി ഐടി സെക്ടറുകളാണ് പൂനയിൽ ഉയർന്നത്. ജീവനക്കാരുടെ എണ്ണവും കുതിച്ചുയർന്നു. എന്നാൽ, അതുപോലെ സുരക്ഷാക്രമീകരണങ്ങളും പരിശോധനയും ശക്തമായില്ല. ടാക്‌സി ഡ്രൈവർമാർ ഉൾപ്പെടെ കരാർസ്ഥാപനങ്ങൾ വഴിയെത്തുന്നവരുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ അടുത്തകാലത്തായി പൂനയിലെ ഐടി മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2015 ഡിസംബറിൽ പൂന ഇൻഫോസിസ് കാന്പസിലെ കാന്റീൻ ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിയെ രണ്ടംഗസംഘം മാനഭംഗപ്പെടുത്തിയിരുന്നു. ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികൾ. 2009ൽ നയന പൂജാരി എന്ന മറ്റൊരു ഐടി ജീവനക്കാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി ടാക്‌സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേർന്നാണു യുവതിയെ ആക്രമിച്ചത്. 2008 ഓഗസ്റ്റ് ഏഴിന് ഐബിഎം ദക്ഷിലെ കോൾസെന്റർ എക്‌സിക്യൂട്ടീവ് ആയിരുന്ന 22കാരി കൂട്ടുമാനഭംഗം ചെയ്യപ്പെട്ട സംഭത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല.

2007ൽ നടന്ന ഒരു സംഭവത്തിൽ പൂന ഐടി ഹബ്ബിലെ വിപ്രോ കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ജ്യോതികുമാരി ചൗധരി എന്ന ഇരുപത്തിരണ്ടുകാരിയെയും സ്ഥാപനത്തിന്റെ ടാക്‌സി ഡ്രൈവറും സുഹൃത്തും ചേർന്നു മാനഭംഗപ്പെടുത്തി. ഈ കേസിലെ രണ്ടു പ്രതികൾക്ക് കോടതി പിന്നീട് വധശിക്ഷ വിധിച്ചിരുന്നു. അടിക്കടി സ്ത്രീ ജീവനക്കാർക്കു നേരേ അതിക്രമങ്ങൾ ഉണ്ടാകുന്നതാണ് ഐടി മേഖലയിൽ ഭീതിപരത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP