Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയാൽ ഇനി പീഡനമില്ല; വിവരങ്ങൾ പോലും രക്ഷാപ്രവർത്തകർ പറയേണ്ടതില്ല; റോഡപകടത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ

റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയാൽ ഇനി പീഡനമില്ല; വിവരങ്ങൾ പോലും രക്ഷാപ്രവർത്തകർ പറയേണ്ടതില്ല; റോഡപകടത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അപകടത്തിൽപ്പെടുന്നവരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ ചോദ്യം ചെയ്യാതെ ഉടൻ പോകാനനുവദിക്കണം. അപകടത്തിന് ദൃക്‌സാക്ഷിയായവർ ഒപ്പമുണ്ടെങ്കിൽ ആ വ്യക്തിയോട് മാത്രമേ മേൽവിലാസം ആവശ്യപ്പെടാവൂ. റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകണം. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ മറ്റ് പൗരന്മാർക്ക് പ്രചോദനമാവും വിധത്തിലാവണം അംഗീകാരം.

രക്ഷാപ്രവർത്തകരെയോ ഒപ്പം വരുന്നവരെയോ സിവിൽ/ക്രിമിനൽ നടപടികൾക്ക് വിധേയരാക്കരുത്. റോഡപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെക്കുറിച്ച് പൊലീസിനെയോ അത്യാഹിത സേവന വിഭാഗങ്ങളെയോ ഫോൺ ചെയ്ത് അറിയിക്കുന്നവരുടെ പേരോ വ്യക്തിപരമായ വിശദാംശങ്ങളോ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സ്വമേധയാ പേരും വിലാസവും മറ്റും നൽകുന്നതിന് തടസമില്ല. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന മെഡിക്കോ ലീഗൽ കേസ് (എം.എൽ.സി.) ഫോറത്തിൽ വിവരങ്ങൾ നൽകുന്നതിനും ഇത് ബാധകമാണ്. അപകടത്തിൽപ്പെടുന്നവരെ സഹായിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയോ വകുപ്പുതല നടപടിയോ സ്വീകരിക്കണം.

റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുകയോ ഒപ്പം വരുകയോ ചെയ്യുന്നവരിൽ സംഭവത്തിന് ദൃക്‌സാക്ഷിയായവരുണ്ടെങ്കിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായോ വിചാരണവേളയിലോ തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് സ്വമേധയാ പറയുന്നവരെ ഒരു തവണ മാത്രമേ ഇക്കാര്യത്തിനായി വിളിച്ചുവരുത്താവൂ. ഇത്തരം സന്ദർഭങ്ങളിൽ ഇവർ ഭീഷണിക്കോ അപമാനത്തിനോ വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്താനുതകുംവിധം സംസ്ഥാന സർക്കാരുകൾ നടപടി ക്രമങ്ങൾക്ക് രൂപം നൽകണം. ഇത്തരം വ്യക്തികളിൽ നിന്ന് വിവരം സ്വീകരിക്കുന്നതിന് വീഡിയോ കോൺഫറൻസിങ് സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തണം.

അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെയോ ഒപ്പം വരുന്നവരെയോ തടഞ്ഞുവയ്ക്കുകയോ അഡ്‌മിഷൻ/രജിസ്‌ട്രേഷൻ തുക ആവശ്യപ്പെടുകയോ ചെയ്യരുതെന്ന് പൊതുസ്വകാര്യമേഖലയിലുള്ള എല്ലാ രജിസ്റ്റേർഡ് ആശുപത്രികൾക്കും ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. ബന്ധുവാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുവരുന്നതെങ്കിൽ ഇത് ബാധകമല്ല. പരിക്കേറ്റയാൾക്ക് ഉടൻ ചികിത്സ ലഭ്യമാക്കാനും ആശുപത്രി തയാറാവണം. അടിയന്തര വൈദ്യസഹായത്തിന് വിമുഖത കാട്ടുന്ന ഡോക്ടർക്കെതിരെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കണം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ തടഞ്ഞുവയ്ക്കുകയോ ചികിത്സക്ക് പണമാവശ്യപ്പെടുകയോ ചെയ്യില്ലെന്ന് എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതി പ്രദർശിപ്പിക്കണം.

പരിക്കേറ്റയാളെ ആശുപത്രിയെത്തിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന പക്ഷം കൊണ്ടുവന്ന സമയം, അപകടം നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തി അക്‌നോളജ്‌മെന്റ് നൽകണം. മേൽപ്പറഞ്ഞ മാർഗനിർദ്ദേശങ്ങൾ എല്ലാ ആശുപത്രികളും അടിയന്തരമായി നടപ്പാക്കണം. അല്ലാത്തവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP