Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻകുടലിന് കാൻസർ ബാധയെന്ന് റോബർട്ട് വാദ്ര; ചികിത്സയ്ക്ക് ലണ്ടനിൽ പോകാൻ അനുവദിക്കണമെന്ന് കോടതിയെ സമീപിച്ചു; അപേക്ഷ എത്തിയത് വാദ്രയ്ക്കും സഹായിയായ മനോജ് അറോറയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ; അന്വേഷണവുമായി വാദ്ര പൂർണമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ

വൻകുടലിന് കാൻസർ ബാധയെന്ന് റോബർട്ട് വാദ്ര; ചികിത്സയ്ക്ക് ലണ്ടനിൽ പോകാൻ അനുവദിക്കണമെന്ന് കോടതിയെ സമീപിച്ചു; അപേക്ഷ എത്തിയത് വാദ്രയ്ക്കും സഹായിയായ മനോജ് അറോറയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ; അന്വേഷണവുമായി വാദ്ര പൂർണമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേരിട്ട പടുകൂറ്റൻ തോൽവിക്ക് പിന്നാലെ ലണ്ടനിലേക്ക് പറക്കാൻ കോടതിയുടെ അനുമതി തേടി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായി റോബർട്ട് വാദ്ര. വൻകുടലിന് ബാധിച്ച ക്യാൻസർ ചികിത്സയ്ക്കാനായി ലണ്ടനിൽ പോകാൻ അനുവദിക്കണമെന്ന് വാദ്ര കോടതിയോട് ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാൻ അനുവാദം നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിനോടും വാദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും വധേര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട രോഗനിർണയത്തിനും തുടർച്ചികത്സയ്ക്കുമായി ലണ്ടനിൽ പോകാൻ തന്റെ പാസ്പോർട്ട് വിട്ടു നൽകണമെന്ന് വധേര കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വധേരയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂൺ 3ലേക്ക് ഡൽഹി കോടതി മാറ്റി വെച്ചു. ഡൽഹിയിലെ ഗംഗ്രാം ഹോസ്പിറ്റലിൽ നിന്നുള്ള സാക്ഷ്യപത്രമാണ് വധേര കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിബിഐ പ്രത്യേക കോടതിയിലാണ് വധേരയുടെ അഭിഭാഷകൻ പ്രസ്തുത സാക്ഷ്യപത്രം സമർപ്പിച്ചത്.

അന്വേഷണവുമായി വധേര പൂർണമായി സഹകരിക്കുന്നുണ്ടെന്നും, ലണ്ടനിലായിരുന്ന വധേര സിബിഐ വിളിപ്പിക്കാതെ തന്നെ തിരിച്ച് രാജ്യത്തേക്ക് വന്നിരുന്നതായും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ മെയ് 13ന് ആശുപത്രിയിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് എന്തു കൊണ്ട് ഇതു വരെ സമർപ്പിച്ചില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചു.

അനധികൃത ഭൂമിയിടപാടുകൾ ഉൾപ്പെടെയുള്ള കേസുകളാണ് വധേരയ്ക്കെതിരെ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്‌ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകൾ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും വധേരയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലാണ് റോബർട്ട് വധേര. അതേസമയം, റോബർട്ട് വധേരയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിദേശത്തു പോകാൻ വാദ്ര അനുമതി തേടിയത് എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വധേരയ്ക്കും സഹായിയായ മനോജ് അറോറയ്ക്കുമാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. വിചാരണ കോടതി വധേരയ്ക്കനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. വധേരയ്ക്ക് അടുത്തിടെ വിചാരണക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കേസിൽ ഈ മാസം 19 വരെ റോബർട്ട് വധേരയെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

അതേസമയം, ബിനാമി സ്വത്തിടപാട് വഴി ലണ്ടനിൽ ആഡംബര വില്ല ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നേരത്തെ വധേരയെ ചോദ്യം ചെയ്തിരുന്നു. വധേര തന്റെ ബിസിനസ്സ് സഹായി മനോജ് അറോറയുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നത്.മനോജ് അറോറയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു

കേസിൽ മുൻകൂർ ജാമ്യം തേടി വധേര അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിനു ഹാജരാകാൻ വധേരയോട് നിർദ്ദേശിച്ചിരുന്നു.ലണ്ടനിൽ 1.9 മില്യൺ പൗണ്ട്‌സ് മുടക്കി വധേര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. മാത്രമല്ല വധേരയ്ക്ക് ലണ്ടനിൽ 2 വീടുകളും,6 ഫ്‌ളാറ്റുകളും മറ്റ് സ്വത്തുക്കളുമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP