Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

രോഹിത് വെമുലയുടെ ആത്മഹത്യ: ദേശീയ പ്രശ്‌നമായി പടരുന്നു; മിക്ക ക്യാമ്പസുകളിലും പ്രതിഷേധം; ഊർജ്ജം പകർന്ന് രാഹുലിന്റെ ഇടപെടൽ; സ്മൃതി ഇറാനിയിലേക്ക് കൂടി എത്തിയതോടെ കേന്ദ്രമന്ത്രി ദത്താത്രേയയ്ക്ക് രാജിയല്ലാതെ വഴിയില്ല

രോഹിത് വെമുലയുടെ ആത്മഹത്യ: ദേശീയ പ്രശ്‌നമായി പടരുന്നു; മിക്ക ക്യാമ്പസുകളിലും പ്രതിഷേധം; ഊർജ്ജം പകർന്ന് രാഹുലിന്റെ ഇടപെടൽ; സ്മൃതി ഇറാനിയിലേക്ക് കൂടി എത്തിയതോടെ കേന്ദ്രമന്ത്രി ദത്താത്രേയയ്ക്ക് രാജിയല്ലാതെ വഴിയില്ല

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലേക്ക്. രാജ്യത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ രോഹിതിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ബിജെപിയുടെ സെക്കന്തരാബാദ് എംപിയും കേന്ദ്ര തൊഴിൽ വകുപ്പു സഹമന്ത്രിയുമായ ബന്താരു ദത്താത്രേയയുടെയും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും ശക്തമായ സമ്മർദ്ദം തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു.

അതിനിടെ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ നീതിപൂർവമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് ഹൈദരാബാദ് കാമ്പസിൽ എത്തിയതായിരുന്നു രാഹുൽ. രണ്ടു കാര്യങ്ങളാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. രോഹിത്തിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം, മരണത്തിന് ഉത്തരവാദികളായവരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശിക്ഷിക്കണം. രാജ്യത്തിന്റെ യുവതലമുറയ്ക്ക് ആവിഷ്‌കാരസ്വാതന്ത്രം ഉറപ്പാക്കുന്നയിടങ്ങളാകണം സർവകലാശാലകൾ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി തന്റെ വാതിൽ തുറന്നിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

സംഭവത്തിൽ, ആരോപണവിധേയനായ കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രേയ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യത്തിനു കേന്ദ്രസർക്കാരിനുമേൽ സമ്മർദമേറി. ദത്താത്രേയയെയും കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും സംരക്ഷിക്കുന്ന സമീപനമാണു ബിജെപി സ്വീകരിച്ചിട്ടുള്ളതെങ്കിലും നരേന്ദ്ര മോദി സർക്കാർ നേരിടുന്ന പുതിയ രാഷ്ട്രീയ പ്രതിസന്ധിയായി സംഭവം മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, ഇന്നലെ ഹൈദരാബാദ് ക്യാംപസിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിയാണു ഗവേഷക വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദിയെന്നാരോപിച്ചു.വൈസ് ചാൻസലർ പി. അപ്പാറാവുവിനെ ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി ഇതര രാഷ്ട്രീയകക്ഷികളെല്ലാം സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഡൽഹിയിൽ മന്ത്രിമാരുടെ വസതിക്കു മുന്നിൽ ഉൾപ്പെടെ രാജ്യത്തെ വിവിധഭാഗങ്ങളിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധറാലികളാണ് നടത്തിയത്. ബിഎസ്‌പിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രതിനിധികൾ ഇന്നു ഹൈദരാബാദിലെത്തും.

കേന്ദ്രമന്ത്രിസഭയിൽ തെലങ്കാനയിൽ നിന്നുള്ള ഏക മന്ത്രിയാണ് ബി. ദത്താത്രേയ. പിന്നാക്ക വിഭാഗക്കാരനായ ദത്താത്രേയ ആർഎസ്എസിലൂടെ വളർന്ന നേതാവാണ്. നാലു തവണ എംപിയായിരുന്ന ഇദ്ദേഹം നേരത്തേ എ.ബി. വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടെ ഹൈദരാബാദ് സർവകലാശാല നൽകിയ ഡിലിറ്റ് ബിരുദം മടക്കി നൽകുമെന്നു പ്രശസ്ത ഹിന്ദി കവി അശോക് വാജ്‌പേയി അറിയിച്ചു. രോഹിത് വേമൂല എന്ന വിദ്യാർത്ഥിയുടെ മരണത്തിലേക്കു നയിച്ച സർവകലാശാലയുടെ ദലിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണു തീരുമാനം. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിക്കൊടുത്ത സർവകലാശാലാ അധികൃതരുടെ അസഹിഷ്ണുതയാണ് രോഹിതിന്റെ ആത്മഹത്യക്കു കാരണമായതെന്നു വാജ്‌പേയി പറഞ്ഞു. അസഹിഷ്ണുതാ വിവാദകാലത്ത് സാഹിത്യ അക്കാദമി അവാർഡ് മടക്കിക്കൊടുത്ത ആദ്യ എഴുത്തുകാരിലൊരാളാണ് വാജ്‌പേയി.

രാഹുൽ ഗാന്ധിക്കു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ക്യാംപസിൽ വിദ്യാർത്ഥികൾക്കു പിന്തുണയുമായെത്തി. വിദ്യാർത്ഥികളും പ്രതിഷേധക്കാരും കൂട്ടമായി ക്യാംപസിലേക്കു പ്രവഹിച്ചതോടെ പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രക്ഷോഭം സർവകലാശാലയ്ക്കു പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആരോപണവിധേയനായ കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ വസതിക്കു മുന്നിൽ ടിആർഎസ് എംപി കെ. കവിതയുടെ നേതൃത്വത്തിലുള്ള തെലങ്കാന ജാഗ്രതി യൂത്ത് ഫ്രണ്ട് ധർണ നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതു സംഘർഷത്തിനു വഴിവച്ചു.

സസ്‌പെൻഷനിലായിരുന്ന ഗവേഷണവിദ്യാർത്ഥി രോഹിത് വെമുല, കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. രാഹുൽഗാന്ധിയുടെ സർവകലാശാല സന്ദർശനം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന് മുതിർന്ന ബിജെപി നേതാവ് അബ്ബാസ് നഖ്‌വി ആരോപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ ഇടപെടൽ പുറത്തുവരുന്നത്. ഇതോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രതിസ്ഥാനത്തായി. ദത്താത്രേയയ്ക്ക് രാജിവയ്‌ക്കേണ്ടി വരുന്ന തലത്തിലാണ് കാര്യങ്ങളുടെ പോക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാകും നിർണ്ണായകം.

എ.ബി.വി.പി നേതാവ് സുശീൽകുമാറിനെ മർദ്ദിച്ചവർക്കെതിരെ പരാതി നൽകിയ മന്ത്രിയുടെ കത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞ് മാനവ വിഭവശേഷി മന്ത്രാലയം അഞ്ച് കത്തുകളാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചത്. ദത്താത്രേയയുടെ ആവശ്യപ്രകാരമായിരുന്നു കത്തുകൾ അയച്ചതെന്നും വ്യക്തമായി. ഇതോടെ പ്രതിഷേധം ആളിപടർന്നു. രാജ്യത്താകമാനം ഉള്ള ക്യാമ്പസുകളിൽ പലയിടത്തും പ്രതിഷേധം സംഘർഷത്തിനും ഇടയാക്കി. രോഹിതിന്റെ മരണം രാജ്യത്തൊട്ടാകെ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയാണ്.

മാനവ വിഭവശേഷി മന്ത്രാലയം അഞ്ച് കത്തുകളാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചത്. സെപ്റ്റംബർ 3, 24, ഒക്‌ടോബർ 6, 20, നവംബർ 19 തീയതികളിലായാണ് കത്തയച്ചത്. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി എന്നിവരാണ് കത്തയച്ചത്. പിന്നീട് നടപടിയെപ്പറ്റി വിശദീകരണം ചോദിച്ച് ഇ മെയിലും അയച്ചു. എല്ലാറ്റിലും ദത്താത്രേയയുടെ പരാതിയെ പറ്റി പറയുന്നു. സർവകലാശാലയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്ന് അവസാന കത്തുകളിൽ സൂചിപ്പിക്കുകയും ചെയ്തു. മന്ത്രാലയത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഡിസംബർ 21ന് രോഹിതടക്കം അഞ്ച് വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്യാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ഇവർക്ക് സസ്‌പെൻഷന് പുറമേ ഹോസ്റ്റലിലും കഫറ്റീരിയയിലും പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. അതേസമയം വിഷയത്തിൽ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതായുള്ള ആരോപണം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി തള്ളി. നിയമപ്രകാരം സർവകലാശാലയ്ക്കാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമെന്നും കേന്ദ്രസർക്കാരിനല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ജാതിവെറിയുടെയും തീവ്രവാദ, ദേശ വിരുദ്ധ ശക്തികളുടെയും താവളമായിരിക്കുകയാണെന്നാണ് ദത്താത്രേയ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിൽ ആരോപിക്കുന്നത്.

യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോൾ കാമ്പസിലെ വിദ്യാർത്ഥി സംഘടനയായ അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത എ.ബി.വി.പി പ്രസിഡന്റ് സുശീൽകുമാറിനെ ചിലർ കൈയേറ്റം ചെയ്തതായും ദത്താത്രേയയുടെ കത്തിൽ പറയുന്നുണ്ട്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ വിഭവ ശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റിയോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP