ഇന്ത്യ അയച്ച ആളില്ലാ വിമാനം വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശ വാദം പൊളിഞ്ഞു; പാക് സൈന്യം തകർത്തത് സ്വന്തം വിമാനം; അതിർത്തിയിൽ വെടിവയ്പു തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
July 16, 2015 | 06:12 PM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യയുടേതെന്നു കരുതി പാക്കിസ്ഥാൻ വെടിവച്ചിട്ട ആളില്ലാ വിമാനം പാക്കിസ്ഥാന്റേതു തന്നെയെന്നു റിപ്പോർട്ട്. പാക് സൈന്യം വെടിവച്ചിട്ടത് തങ്ങളുടെ വിമാനം അല്ലെന്ന് ഇന്ത്യയും സ്ഥിരീകരിച്ചു.
ചാരപ്രവർത്തനത്തിനായി ഇന്ത്യ ഉപയോഗിച്ചതെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാക് സേന ആളില്ലാ നിരീക്ഷണ വിമാനം വെടിവച്ചിട്ടത്. ഈ ഡ്രോൺ ഇന്ത്യയുടേതല്ലെന്നു വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയ്ശങ്കർ പറഞ്ഞു.
ചൈനയിൽ നിർമ്മിച്ചതാണു ഡ്രോൺ എന്നു ചിത്രങ്ങൾ കണ്ടാൽ തന്നെ വ്യക്തമാകും. ഇത്തരത്തിലുള്ള ഡ്രോണുകൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കാറില്ല. അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുകയാണെന്നും പ്രകോപനം തുടർന്നാൽ ശക്തിയായി തിരിച്ചടിക്കുമെന്നും വിദേശകാര്യസെക്രട്ടറി മുന്നറിയിപ്പു നൽകി.
തന്ത്രപ്രധാന ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും വിഷയത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനം നടത്തി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എന്നിവരാണു കൂടിക്കാഴ്ച നടത്തിയത്.
പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാൻ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കാറുള്ളതെന്നാണു ഇന്റലിജൻസ് നൽകുന്ന റിപ്പോർട്ട്. ചാരപ്രവർത്തനങ്ങൾക്കായി ഇന്ത്യ ഡ്രോൺ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നേരത്തെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.
അതിനിടെയാണ് ഇന്നലെ പാക്ക് അധീന കശ്മീരിലെ ബഹിബറിൽ പാക്ക് സൈന്യം ഡ്രോൺ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത് ചൈനീസ് നിർമ്മിത ഡിജി ഫാന്റം 3 എന്ന ഡ്രോൺ ആണിതെന്നാണ്. ഇന്ത്യ ഇത്തരത്തിലുള്ള ഡ്രോൺ വാങ്ങിയിട്ടില്ല. പാക്കിസ്ഥാന്റെ തന്നെ പക്കലാണ് ഇത്തരം ഡ്രോൺ ഉള്ളതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം തന്നെ ഡ്രോൺ ഇന്ത്യയുടേതല്ലെന്നു വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് വന്ന ഡ്രോൺ ആണ് വെടിവച്ചു വീഴ്‌ത്തിയതെന്നും ക്യാമറ ഘടിപ്പിച്ച ഡ്രോൺ ആണ് അതിർത്തി കടന്ന് വന്നതെന്നുമാണ് പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഡ്രോണുകൾ പാക്കിസ്ഥാൻ അതിർത്തിയിൽ ഉപയോഗിക്കുന്നതായി ഇന്ത്യ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചായി വെടിനിർത്തൽ ലംഘിക്കുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ വിദേശകാര്യ പ്രതിനിധികളുടെ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും പാക്കിസ്ഥാനു ഇന്ത്യ നൽകിയിട്ടുണ്ട്.
