Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടേൽ സംവരണ പ്രക്ഷോഭം സംവരണത്തിന് എതിരായ സംഘപരിവാർ ഗൂഢാലോചന തന്നെയോ? ജാതി സംവരണത്തിൽ പുനർവിചിന്തനം വേണമെന്ന് ആർഎസ്എസ്

പട്ടേൽ സംവരണ പ്രക്ഷോഭം സംവരണത്തിന് എതിരായ സംഘപരിവാർ ഗൂഢാലോചന തന്നെയോ? ജാതി സംവരണത്തിൽ പുനർവിചിന്തനം വേണമെന്ന് ആർഎസ്എസ്

ന്യൂഡൽഹി: ഗുജറാത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച പട്ടേൽ സംവരണ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു കേട്ടത് ഈ പ്രക്ഷോഭം മുസ്ലിംങ്ങൾ അടക്കമുള്ള പിന്നോക്ക മതവിഭാഗങ്ങളിൽ നിന്നും സംവരണം എടുത്തു കളയണമെന്ന ആവശ്യത്തിന് കരുത്തു പകരാൻ വേണ്ടിയാണ് എന്നായിരുന്നു. 23 കാരനായ ഹാർദിക് പട്ടേലിനെ പിന്തുണച്ച് പതിനായിരങ്ങളെ തെരുവിൽ ഇറങ്ങിയതും ഇതിനാൽ ആണെന്നായിരുന്നു പരക്കെ പറഞ്ഞു കേട്ടത്. ഈ ഗൂഢാലോചനാ തിയറിയെ ശരിവെക്കുന്ന വിധത്തിലാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ജാതി സംവരണത്തിൽ പുനർവിചിന്തനം വേണമെന്നാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്തിൽ പട്ടേൽ സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സജീവമായിരിക്കുന്നതിനിടയിലാണ് ആർഎസ്എസ് നേതാവിന്റെ പ്രസ്താവന. സംവരണം ഏതൊക്കെ വിഭാഗങ്ങൾക്ക് എത്ര കാലത്തേക്ക് വേണമെന്ന കാര്യം പരിശോധിക്കാൻ ഒരു രാഷ്ട്രീയേതര സമിതിയെ നിയോഗിക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു.

രാജ്യ താൽപര്യം ഉയർത്തിപ്പിടിക്കുന്നവരാകണം സമിതിയിലെ അംഗങ്ങൾ. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ ഓർഗനൈസറിനും പാഞ്ചജന്യക്കും അനുവദിച്ച അഭിമുഖത്തിലാണ് ഭഗവതിന്റെ പരാമർശം. ഏതൊക്കെ വിഭാഗങ്ങൾക്ക് സംവരണം ആവശ്യമാണെന്നത് സംബന്ധിച്ച് പൗരസമൂഹ പ്രവർത്തകർ ഉൾപ്പെട്ട സമിതി തീരുമാനിക്കണം. ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത രീതിയിലല്ല സംവരണം നിലവിലുള്ളത്.

ജാതി സംവരണം ചില നിക്ഷിപ്ത താൽപര്യക്കാർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണെന്ന് മോഹൻ ഭഗവത് ആരോപിച്ചു. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഇടപെടൽ കുറക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ജാതി സംവരണം പിൻവലിക്കണമെന്ന് ആർഎസ്എസ് നേതാവ് എം.ജി.വൈദ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആർഎസ്എസിന്റെ പരമോന്നത നേതാവ് കൂടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയതോടെ കേന്ദ്രസർക്കാറിന്റെ നടപടികൾ എന്താകുമെന്ന ആശങ്കയും സംവരണ വിഭാഗങ്ങളിൽ ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP