അയോധ്യ കേസ് നീട്ടിവച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരേ ആഞ്ഞടിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ; മൂന്നു ജഡ്ജിമാർ നീതി വൈകിപ്പിക്കുക മാത്രമല്ല, നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു; വിവാദമൊഴിയാതെ അയോധ്യ പ്രശ്നം
November 28, 2018 | 02:29 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അയോധ്യയും രാമജന്മഭൂമിയും വീണ്ടും തർക്കവിഷയമായി രാജ്യത്ത് ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ വിവാദപ്രസ്താവനകളുമായി ആർഎസ്എസ് നേതാക്കളും രംഗത്ത്. അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിവച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരേ ഭീഷണിയുടെ സ്വരം ഉയർത്തിയാണ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്. അയോധ്യകേസ് നീട്ടിവച്ചതിലൂടെ നീതി വൈകിപ്പിക്കുക മാത്രമല്ല, നീതി നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് മൂന്നംഗ ബെഞ്ചിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്ദ്രേഷ് കുമാർ രോക്ഷപ്രകടനം നടത്തിയത്.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ 'ജന്മഭൂമി മേം അന്യായ് ക്യോം' (ജന്മഭൂമിയിൽ എന്തുകൊണ്ട് അനീതി) എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ നിയമം കൊണ്ടുവരാൻ കേന്ദ്രം ഒരുക്കമാണ്. എന്നാൽ അയോധ്യ വിഷയം സുപ്രീം കോടതിയിൽ പരിഗണിക്കുന്നത് നീട്ടിവച്ചത് ഏതാനും വ്യക്തികളുടെ താത്പര്യപ്രകാരമാണ്. വിശ്വാസത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മൗലികാവകാശങ്ങൾക്കും എതിരേയുള്ള ഇത്തരം ചെയ്തികളെ അനുവദിക്കുന്ന തരത്തിലേക്ക് രാജ്യം വികലമായിപ്പോയോ എന്നും ഇന്ദ്രേഷ് കുമാർ ചോദ്യം ചെയ്യുന്നു.
അയോധ്യ കേസിലെ വിധി വൈകിപ്പിച്ചതിലൂടെ ഈ ജഡ്ജിമാർക്കെതിരേ ജനരോഷം ശക്തമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാവരും നീതി പ്രതീക്ഷിക്കുന്നു. എന്നാൽ ഒന്നു രണ്ടു ജഡ്ജിമാർ മൂലം നിയമസമ്പ്രദായവും ജഡ്ജിമാരും ഇവിടെ അനാദരിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ പേര് ഞാൻ എടുത്തുപറയുന്നില്ല. എന്നാൽ ഇന്ത്യയിലുള്ള ജനങ്ങൾക്ക് ഇവരുടെ പേരറിയാം. ഈ മൂന്നു വ്യക്തികളാണ് നീതി വൈകിപ്പിച്ചതും നിഷേധിച്ചതും അനാദരിച്ചതും. തീവ്രവാദത്തിനെതിരായ കേസുകൾ അർധരാത്രി കേൾക്കാൻ തയാറാവുന്നവർ അതുവഴി സമാധാനത്തെ പരിഹസിക്കുകയും അപമാനിക്കുകയുമാണ്. നീതി നൽകാൻ തയാറാകാത്തവർ ജഡ്ജിമാരായി ഇരിക്കുന്നത് എന്തിനാണ്. അവർ രാജിവച്ച് ഒഴിയുകയല്ലേ നല്ലത്..ആർഎസ്എസ് നേതാവ് ചോദിക്കുന്നു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്താനാണ് വിഎച്ച്പി ഉൾപ്പെടെയുള്ള ആർഎസ്എസ് ഘടക കക്ഷികൾ പരിശ്രമിക്കുന്നത്. രാമക്ഷേത്രം പണിയാൻ സാധിക്കുന്ന തരത്തിൽ പുതിയ നിയമം കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഞായറാഴ്ച ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ പങ്കെടുത്ത ധർമസഭകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ധർമസഭകൾ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ നിന്ന് ഏതാനും മുസ്ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോയതായും റിപ്പോർ്ട്ടുണ്ട്. മറ്റൊരു കലാപം ഉണ്ടാകുമെന്ന് ഭയന്നാണ് മുസ്ലിം കുടുംബങ്ങൾ അയോധ്യ വിട്ടു പോയത്. അയോധ്യയിൽ 221 മീറ്റർ പൊക്കത്തിൽ രാമന്റെ പ്രതിമ സ്ഥാപിക്കുമെന്നും ഉത്തർപ്രദേശം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
