എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച; അഞ്ചംഗ സംഘം കാറോടിച്ച് കയറ്റി; ഡ്യൂട്ടിയിലുണ്ടായിരുന്ന അംഗരക്ഷകർ കാർ അകത്തേക്ക് കടത്തിവിട്ടത് തിരിച്ചറിയൽ കാർഡ് പോലും പരിശോധിക്കാതെ
December 03, 2019 | 06:33 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. ഡൽഹി ലോധി എസ്റ്റേറ്റിലുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം കാർ ഓടിച്ച് കയറ്റിയതാണ് റിപ്പോർട്ട്. എസ്പിജി സുരക്ഷ പിൻവലിച്ച് ദിവസങ്ങൾക്ക് ശേഷം നവംബർ 25നാണ് സംഭവം. ഇക്കാര്യം പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു പെൺകുട്ടി ഉൾപ്പടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. പൂന്തോട്ടത്തിലേക്ക് നടന്നെത്തിയ ഇവർ പ്രിയങ്കയ്ക്കൊപ്പം ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നും ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം ഇവിടെ എത്തിയതെന്നും അവർ അറിയിച്ചു. മുൻ കൂട്ടി അനുമതി വാങ്ങാതെ അതിഥികൾക്ക് ആർക്കും പ്രവേശനം ലഭിക്കാത്ത അതി സുരക്ഷാ സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്.
ഇവർ പ്രിയങ്കയെ കാണാൻ എത്തുന്നത് സുരക്ഷാ ഡ്യൂട്ടിയിൽ ഉള്ള സിആർപിഎഫ് ഉദ്യോഗസ്ഥരാരും തന്നെ അറിഞ്ഞിരുന്നില്ല. തന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കാറിൽ ഇവിടെ വരെ എത്തിയതെന്ന് പ്രിയങ്ക ഇവരോട് ചോദിക്കുകയും ചെയ്തു. വിവരം അറിഞ്ഞ സിആർപിഎഫ് പാഞ്ഞെത്തി. വളരെ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന അംഗരക്ഷകർ കാർ അകത്തേക്ക് കടത്തിവിടുക മാത്രമല്ല യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കാൻ പോലും തയ്യാറായില്ലെ ഗുരുതരമായ സുരക്ഷാവീഴ്ചായണ് ഉണ്ടായിരിക്കുന്നതെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'സുരക്ഷാ വീഴ്ച സംഭവിച്ചു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയില്ല. പ്രിയങ്ക അവരോട് സംസാരിച്ചു, ചിത്രങ്ങൾക്ക് പോസ് ചെയ്തു. അവർ തിരിച്ചുപോകുകയും ചെയ്തു. അതിന് ശേഷം ഓഫീസിലുണ്ടായിരുന്നവർ വിവരം സിആർപിഎഫിന്റെ ശ്രദ്ധയിൽ പെടുത്തി'. പ്രിയങ്കയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഗാന്ധി കുടുംബത്തിലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ച് സെഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. നിലവിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്പിജി സുരക്ഷ.
