ആൺകുട്ടിയെ ആഗ്രഹിച്ചു, ജനിച്ചത് പെൺകുട്ടി; 7 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി മുത്തശ്ശിയുടെ ക്രൂരത
December 02, 2019 | 06:02 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: പേരക്കുട്ടി പെൺകുഞ്ഞായതിൽ കുപിതായായ മുത്തശ്ശി 7 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ബെംഗളൂരുവിലെ മ്യാതരഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുത്തശ്ശി പരമേശ്വരി(60) യെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് അമ്മ തമിഴ്ശെൽവി ബാത്ത്റൂമിൽ പോയി. ഈ തക്കം നോക്കി പെൺകുട്ടിയെ താഴേക്ക് എറിഞ്ഞ് പരമേശ്വരി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്ശെൽവി തിരികെ എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. കുട്ടിയെപറ്റി അന്വേഷിച്ചപ്പോൽ അപരിചിതരായ ആളുകൾ വീട്ടിനകത്ത് കയറി കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയതായി പരമേശ്വരി തെറ്റിദ്ധരിപ്പിച്ചു.
ഇതോടെ തമിൾശെൽവി ബഹളം വെച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് പൊലീസിന് ലഭിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. പെൺകുട്ടിയായതിനെ തുടർന്ന് കുഞ്ഞിന്റെ സമീപത്ത് ഇരിക്കാൻ പോലും പരമേശ്വരിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ തമിഴ്ശെൽവി സമീപത്തില്ലാതിരുന്ന അവസരത്തിൽ ഇവർ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരമേശ്വരി കുറ്റം സമ്മതിച്ചു.
